മമ്മൂക്കയാണ് എന്‍റെ ജീവൻ രക്ഷിച്ചത്, അദ്ദേഹമില്ലായിരുന്നെങ്കിൽ‌ ഞാനിന്ന് ഈ ലോകത്തില്ല; കരഞ്ഞുപോയെന്ന് കണ്ണൻ സാഗർ

കണ്ണൻ സാഗറിന്‍റെ ഹൃദയ ശസ്ത്രക്രിയ അടുത്തിയാണ് നടന്നത്
kannan sagar heart surgery mammootty foundation

കണ്ണൻ സാഗർ | മമ്മൂട്ടി

Updated on

മിമിക്രി കലാകാരനും നടനുമായ കണ്ണൻ സാഗറിന്‍റെ ഹൃദയ ശസ്ത്രക്രിയ അടുത്തിയാണ് നടന്നത്. മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്‍റർനാഷണൽ ഫൗണ്ടേഷന്‍റെ സഹായത്തോടെയാണ് ഈ ശസ്ത്രക്രിയ പൂർത്തിയായത്. ഹൃദയത്തിൽ ഗുരുതരമായ ബ്ലോക്കുകൾ കണ്ടെത്തിയതിനെ തുടർന്നാണ് അടിയന്തിരമായി ബൈപാസ് ശസ്ത്രക്രിയ നടത്തിയത്.

ഇതിന്‍റെ ഭീമമായ ചികിത്സാച്ചെലവ് താങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ അദ്ദേഹം തന്‍റെ നിസാഹായാവസ്ഥ വെളിപ്പെടുത്തി സോഷ്യൽ മീഡിയയിൽ സഹായ അഭ്യർഥന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്‍റർനാഷണൽ ഫൗണ്ടേഷൻ സഹായവുമായി എത്തിയത്. ഇതിനെ കുറിച്ച് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് കണ്ണൻ സാഗർ.

"രമേശ് പിഷാരടി വഴിയാണ് കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷനിലേക്ക് എത്തിയതെന്ന് കണ്ണൻ സാഗർ പറയുന്നു. 'രമേശ് പിഷാരടിയെ ഞാന്‍ വിളിച്ചിരുന്നു. പക്ഷേ എടുത്തില്ല. അസുഖവിവരങ്ങളെ പറ്റി ഞാന്‍ ഒരു മെസേജ് അയച്ചിരുന്നു. പിറ്റേ ദിവസം റിപ്ലേ വന്നു. മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്‍റർനാഷണൽ ഫൗണ്ടേഷനുമായി ബന്ധപ്പെട്ടിട്ടുണ്ട്. അവർക്ക് നമ്പർ നൽകിയിട്ടുണ്ട്. അവർ വിളിക്കും. രോഗത്തിന്‍റെ വിശദാംശങ്ങൾ അയച്ച് കൊടുക്കണമെന്ന് പറഞ്ഞു.

അതിന് ശേഷം ഓസ്ട്രേലിയയില്‍ നിന്നും മമ്മൂക്കയുടെ പിആര്‍ഒ ജിന്‍സ് വിളിച്ചു. ചേട്ടാ, മമ്മൂക്ക ഫൗണ്ടേഷന്‍സിന്‍റെ ഓപ്പറേഷന്‍ ചെയ്യുന്നത് നെയ്യാറ്റിന്‍കരയിലുള്ള മിംസ് ഹോസ്പിറ്റലിലും പിന്നൊന്ന് ആലുവയിലുള്ള രാജഗിരി ഹോസ്പിറ്റലുമാണ്, ചേട്ടന് എവിടെയാണ് സൗകര്യമെന്ന് വച്ചാൽ അവിടെ ചെയ്യാം. താമസിക്കേണ്ട, നാളെ തന്നെ ഡോക്റ്ററെ പോയി കണ്ടോളൂ എന്നു പറഞ്ഞു.

കുട്ടികളുടെയാണ് കൂടുതലും ചെയ്യുന്നത്, പിഷാരടി പറഞ്ഞതുകൊണ്ടും പിന്നെ ചേട്ടന്‍ നമുക്കൊക്കെ അറിയാവുന്ന ആളാണല്ലോ എന്ന് പറഞ്ഞു. സത്യത്തിൽ ഞാൻ കരഞ്ഞു പോയി. സഹായിക്കാൻ ആരെങ്കിലുമൊക്കെ ഉണ്ടെന്ന് തോന്നിയത് അപ്പോഴാണ്.

പിറ്റേന്ന് രാജഗിരിയില്‍ നിന്നും വിളിച്ചു. ഞാന്‍ ഭാര്യക്കൊപ്പം ആശുപത്രിയില്‍ ചെന്നു. അവിടെ ചെന്നപ്പോൾ മമ്മൂക്ക പറഞ്ഞിട്ട് കെ.എസ്.പ്രസാദ് ചേട്ടന്‍ അവിടെ വന്ന് നില്‍ക്കുകയാണ്. അവിടെ മുതല്‍ എനിക്ക് മറ്റൊന്നു അറിയേണ്ടി വന്നിട്ടില്ല. ജിൻസിന് നന്ദി പറഞ്ഞ് ഞാൻ മെസേജ് അയച്ചു. മമ്മൂക്കയെ നേരിൽ കാണണമെന്ന് പറഞ്ഞു. അസുഖം മാറിയ ശേഷം കാണാമെന്ന് പറഞ്ഞു. എന്‍റെ അസുഖത്തിനു വേണ്ടി പണം മുടക്കിയ ആളല്ലേ. മമ്മൂക്ക ഇല്ലായിരുന്നെങ്കിൽ ഇന്ന് ഞാൻ മറ്റൊരു ലോകത്തായിരുന്നേനെ"

logo
Metro Vaartha
www.metrovaartha.com