മോഹൻലാലിന് പിറന്നാള്‍ സമ്മാനം; അതിശയിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് 'കണ്ണപ്പ' ടീം

ജൂൺ 27നാണ് ചിത്രത്തിന്‍റെ തിയെറ്റർ റിലീസ്
kannappa mohanlal vishnu manchu movie

മോഹൻലാലിന് പിറന്നാള്‍ സമ്മാനം; അതിശയിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് 'കണ്ണപ്പ' ടീം, ചിത്രം ജൂൺ 27ന് തിയെറ്ററുകളിൽ

Updated on

ഗംഭീര വിജയം നേടിയ 'എമ്പുരാൻ', 'തുടരും' സിനിമകളിലൂടെ തുടർച്ചയായി 200 കോടി കളക്ഷൻ നേടി മലയാളത്തിന്‍റെ സൂപ്പർസ്റ്റാർ മോഹൻലാൽ വിസ്മയിപ്പിച്ചിരിക്കുകയാണ്. അടുത്തതായി ഡൈനാമിക് സ്റ്റാർ വിഷ്ണു മഞ്ചു നായകനായെത്തുന്ന പാൻ-ഇന്ത്യൻ ചിത്രം 'കണ്ണപ്പ'യാണ് അദ്ദേഹത്തിന്‍റേതായി ഇറങ്ങാനൊരുങ്ങുന്ന ചിത്രം.

അതേസമയം മോഹൻലാൽ ബുധനാഴ്ച തന്‍റെ 65-ാം ജന്മദിനം ആഘോഷിക്കുകയാണ്. പിറന്നാള്‍ ആഘോഷങ്ങൾക്ക് ആക്കം കൂട്ടിക്കൊണ്ട്, ജൂൺ 27 ന് ലോകമെമ്പാടും ഗംഭീരമായ റിലീസിനായി ഒരുങ്ങുന്ന 'കണ്ണപ്പ'യെ കുറിച്ചുള്ള ഒരു പ്രധാന അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ശക്തവും തീവ്രവുമായ, ഏവരേയും അതിശയിപ്പിക്കുന്ന മോഹൻലാലിന്‍റെ ദൃശ്യങ്ങളാണ് ചിത്രത്തിലേതായി 'കണ്ണപ്പ'യുടെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ദൃഢനിശ്ചയത്തോടെ, ഏവരേയും ആകർഷിക്കുന്ന അസാമാന്യ സ്ക്രീൻ പ്രസൻസോടെ നടന്നുവരുന്ന അദ്ദേഹത്തിന്‍റെ ദൃശ്യങ്ങള്‍ ഏവരിലും രോമാഞ്ചമുണ്ടാക്കും. മാസ്മരികമായ പശ്ചാത്തല സംഗീതത്തോടെ എത്തിയിരിക്കുന്ന ഈ ഹ്രസ്വ വീഡിയോ ഏവരിലും ആകാംക്ഷ ഉണർത്തിയിരിക്കുകയാണ്.

ഒരു ഇതിഹാസ കഥാപാത്രമായ കിരാതയെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വിവിധ ഭാഷകളിലെ ആരാധകർ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. വിഷ്ണു മഞ്ചു നായകനായെത്തുന്ന കണ്ണപ്പ എന്ന ചിത്രത്തിൽ മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ്കുമാര്‍, മോഹന്‍കുമാര്‍, ശരത്കുമാര്‍, കാജല്‍ അഗര്‍വാള്‍ തുടങ്ങിയ വമ്പന്‍ താരനിര ഒരുമിക്കുകയാണ്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി ജൂൺ 27നാണ് റിലീസിനെത്തുന്നത്.

ഇന്ത്യയിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന മോഹൻലാൽ എല്ലാ വേഷങ്ങളിലും, ഭാഷകളിലും, തലമുറകളുടെ ഇഷ്ടതാരമായി നിരന്തരം സ്വയം പുതുക്കിയിട്ടുണ്ട്. കണ്ണപ്പയിൽ, നിഗൂഢതയും ശക്തിയും കലർന്ന വേഷം ഏറ്റെടുത്തിരിക്കുന്ന അദ്ദേഹത്തിന്‍റെ രംഗങ്ങള്‍ ലോകം മുഴുവൻ ചർച്ചയാകുന്നതും ഏവരേയും സ്വാധീനിക്കുന്നതും ആയിരിക്കുമെന്നാണ് സിനിമാവൃത്തങ്ങളിൽ നിന്നുള്ള സൂചന.

ഇന്ത്യൻ പുരാണങ്ങളുടെയും ഭക്തിയുടെയും പശ്ചാത്തലത്തിൽ, ശിവനോടുള്ള അചഞ്ചലമായ സ്നേഹവും, അദ്ദേഹത്തെ ഭക്തിയുടെ അനശ്വര പ്രതീകമാക്കി മാറ്റിയ ഇതിഹാസ ഭക്തന്‍റെ യാത്രയുമാണ് കണ്ണപ്പ പറയുന്നത്. കാലാതീതമായ വിശ്വാസത്തിനും വീരോചിതമായ ത്യാഗത്തിനും ഊന്നൽ നൽകി വിഷ്ണു മഞ്ചുവാണ് ചിത്രം നിർമിക്കുകയും പ്രധാന വേഷത്തിൽ അഭിനയിക്കുകയും ചെയ്യുന്നത്.

മോഹൻലാലും വിഷ്ണു മഞ്ചുവും തമ്മിൽ ഒരുമിക്കുന്ന ചിത്രമെന്ന നിലയിൽ കണ്ണപ്പ ഇതിനകം ഏറെ ചർച്ചാവിഷയമാണ്. മേയ് 8 മുതൽ, അമേരിക്കയിൽ നിന്ന് "കണ്ണപ്പ മൂവ്മെന്‍റ്" തുടങ്ങാനിരിക്കുകയാണ്. ജൂൺ 27ന് റിലീസാകുന്ന ചിത്രത്തിന്‍റെ ആഗോള പ്രമോഷനുകൾക്ക് ഇതോടെ തുടക്കം കുറിക്കും. വിഷ്ണു മഞ്ചുവും സംഘവും ഇന്ത്യയ്‍ക്കൊപ്പം അമേരിക്കയിലുടനീളം 'കണ്ണപ്പ'യ്ക്കായി ഒരു വലിയ റിലീസ് ആസൂത്രണം ചെയ്യുന്നതിനാൽ തന്നെ ഈ അന്താരാഷ്ട്ര സംരംഭം ചിത്രത്തെ ഏവരിലേക്കും എത്തിക്കുന്നതിനായാണ് വിഭാവനം ചെയ്തിരിക്കുന്നത്.

വേറിട്ട കഥപറച്ചിൽ, അതിശയിപ്പിക്കുന്ന ചില ദൃശ്യങ്ങൾ, ആത്മീയമായ മാനങ്ങള്‍ എന്നിവയെ കുറിച്ചുള്ള ചില സൂചനകള്‍ നൽകി ചിത്രം ഇതിനകം ആരാധകരുടെ ആകാംക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. അമേരിക്കയിൽ നിന്നും 'കണ്ണപ്പ മൂവ്മെന്‍റ് ' ആരംഭിക്കുന്നതിലൂടെ, വിഷ്ണു മഞ്ചു തന്‍റെ സിനിമയ്ക്കുവേണ്ടിയുള്ള പ്രചരണം മാത്രമല്ല ലക്ഷ്യമിടുന്നത്, അതോടൊപ്പം ആഗോളതലത്തിൽ പ്രേക്ഷകരെ ഒന്നിപ്പിച്ചുകൊണ്ട് ഒരു ദൃശ്യ വിസ്മയത്തിന് സാക്ഷ്യം വഹിക്കാൻ ഒരുക്കുക കൂടിയാണ്.

'കണ്ണപ്പ'യുടെ പോസ്റ്ററുകളും ടീസറും പാട്ടുകളും ഇതിനകം ഏറെ തരംഗമായി മാറിയിട്ടുണ്ട്. എവിഎ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.

ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പയ്ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ ചിന്ന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിനയ് മഹേശ്വര്‍, ആര്‍. വിജയ് കുമാര്‍, പിആർഒ ആതിര ദിൽജിത്ത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com