

Dulquer Salmaan, Bhagyashri Borse
ചെന്നൈ: ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനാകുന്ന പാൻ ഇന്ത്യൻ സിനിമ 'കാന്ത' വെള്ളിയാഴ്ച തീയേറ്ററിലെത്തുന്നു. തമിഴിൽ ഒരുക്കിയിട്ടുളള ചിത്രം മലയാളം, തെലുങ്കു, ഹിന്ദി എന്നീ ഭാഷകളിലും പുറത്തിറങ്ങും. 1950 കളിലെ മദ്രാസിലെ സിനിമ ജീവിതം പറയുന്ന ചിത്രമാണ് കാന്ത. നിരവധി അഭിനയ മുഹൂർത്തങ്ങളിലൂടെ കടന്നു പോകുന്ന ചിത്രമാണ് കാന്തയെന്ന് ട്രെയിലറിൽ നിന്ന് വ്യക്തം.
പെരുവഴിയിൽ നിന്ന് വെള്ളിവെളിച്ചത്തിലേക്ക് കടന്നുവരുന്ന നടൻ-ടി.കെ മഹാദേവൻ. മഹാദേവൻ എന്ന നായകനെ കൈപിടിച്ച് അഭിനയം പഠിപ്പിക്കുന്ന ഗുരു തുല്യനായ സംവിധായകൻ അയ്യ. പേരിലും പ്രശസ്തിയിലും അഹങ്കരിച്ച മുന്നോട്ട് പോകുന്നതിനിടെയുളള പ്രണയവും പിന്നീട് നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്.
ടി.കെ മഹാദേവൻ എന്ന നടനെ അവിസ്മരണീയമാകുന്നത് ദുൽഖർ സൽമാനാണ്. ട്രെയിലർ കാണുമ്പോൾ മഹാനടിയിലെ ചില സീനുകളുമായി സാമ്യം തോന്നുമെങ്കിലും മഹാനടിയുമായി യാതൊരു ബന്ധവുമില്ലെന്ന് ദുൽഖർ പറഞ്ഞു.
സെൽവമണി സെൽവരാജ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുളള വേഫെറർ ഫിലിംസും റാണ ദഗുബാട്ടിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയയും ചേർന്നാണ്. ചിത്രം കേരളത്തിലെത്തിക്കുന്നത് വേഫെറർ ഫിലിംസ് തന്നെയാണ്. സമുദ്രക്കനി, റാണ ദഗുബാട്ടി, ഭാഗ്യശ്രീ ബോർസെ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.