

കരിഷ്മ-പ്രിയ സച്ച് ദേവ് തർക്കം കോടതിയിൽ
മുംബൈ: അന്തരിച്ച വ്യവസായി സഞ്ജയ് കപൂറിന്‍റെ സ്വത്തിനെ ചൊല്ലി തർക്കം രൂക്ഷമായി. സഞ്ജയ് കപൂറിന്‍റെ മുൻ ഭാര്യയും നടിയുമായ കരിഷ്മ കപൂറും, ഇപ്പോഴത്തെ ഭാര്യയുമായ പ്രിയ സച്ച്ദേവും തമ്മിലുളള പ്രശ്നമാണ് കോടതി മുറിയിലെത്തിയിരിക്കുന്നത്. കരിഷ്മ കപൂറിന്‍റെ മക്കളാണ് കേസുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.
സ്വത്തുകളെല്ലാം പ്രിയയുടെ കൈവശമായതിനാൽ കരിഷ്മയുടെയും സഞ്ജയ് യുടെയും മകളായ സമൈറയുടെ യൂണിവേഴ്സിറ്റി ഫീസ് അടച്ചിട്ടില്ലെന്ന് ആരോപിച്ച് കരീഷ്മയുടെ അഭിഭാഷകൻ രംഗത്ത് വന്നു. എന്നാൽ 95 ലക്ഷം രൂപ ഫീസ് ഇനത്തിൽ അടച്ചതിന്‍റെ തെളിവുമായി പ്രിയയുടെ അഭിഭാഷകൻ കോടതിയിലെത്തിയതോടെ പ്രശ്നം വീണ്ടും രൂക്ഷമായത്. അടുത്ത ഗഡുവായ ഫീസ് ഡിസംബറിലാണ് അടക്കേണ്ടതെന്നും പ്രിയയുടെ അഭിഭാഷകൻ വാദിച്ചു. 22 കാരിയായ സമൈറ അമേരിക്കയിലാണ് ഉപരിപഠനം നടത്തുന്നത്. മരിക്കുന്നതിന് മുൻപ് വരെ സഞ്ജയ് ആയിരുന്നു പഠനചെലവ് വഹിച്ചിരുന്നത്.
കോടതിയിൽ നാടകീയ രംഗങ്ങൾ സൃഷ്ടിക്കരുതെന്നും, വിട്ടുവീഴ്ചയ്ക്ക് തയ്യാറാവണമെന്നും കോടതി ഇരുവിഭാഗത്തിലും നിർദേശം നൽകിയിരുന്നു. ഇതിനിടെയായിരുന്നു ഈ വാദ പ്രതിവാദം നടന്നത്. തങ്ങളുടെ രണ്ടാനമ്മയായ പ്രിയ വ്യാജമായി വിൽപത്രം തയ്യാറാക്കിയതാണെന്ന് ആരോപിച്ച് കരിഷ്മയുടെ മക്കളായ കിയാനയും, സമൈറയുമാണ് കോടതി കേസ് ഫയൽ ചെയ്തത്.
പിതാവിന്‍റെ സ്വത്തിൽ ഒരു വിഹിതം തങ്ങൾക്ക് നൽകുമെന്നായിരുന്നു ധാരണ. എന്നാൽ ഇത് ലംഘിക്കപ്പെടുകയായിരുന്നുവെന്നും ഇവർ വാദിച്ചു. കഴിഞ്ഞ ജൂൺ 12നാണ് ഇംഗ്ലണ്ടിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് സഞ്ജയ് കപൂർ അന്തരിച്ചത്. ഇദ്ദേഹത്തിന്‍റെ 300 കോടി സ്വത്തിന്‍റെ പേരിലാണ് ഇരുകൂട്ടരും കോടതിയെ സമീപിച്ചിരിക്കുന്നത്.