
"മനുഷ്യനും പ്രകൃതിയുമായുള്ള പവിത്രമായ ബന്ധത്തെക്കുറിച്ചു സംസാരിക്കാനാണ് ഞാനിവിടെ നിൽക്കുന്നത്. സഹവർത്തിത്വം പുലരുന്നതിനായി നാം നമ്മുടെ ഇടങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. സിനിമയെ അംഗീകരിച്ചതിന് അക്കാദമിക്ക് നന്ദി. ഈ സിനിമയുടെ ശക്തി തിരിച്ചറിഞ്ഞതിനു നെറ്റ് ഫ്ളിക്സിനും നന്ദി. ഈ പുരസ്കാരം എന്‍റെ മാതൃരാജ്യത്തിനു സമർപ്പിക്കുന്നു. ''
ഏറെ വൈകാരികമായിരുന്നു ദ എലഫന്‍റ് വിസ്പറേഴ്സ് എന്ന ഡോക്യുമെന്‍ററിയുടെ സംവിധായിക കാർത്തികി ഗോൺസാൽവസിന്‍റെ വാക്കുകൾ. ബെസ്റ്റ് ഡോക്യുമെന്‍ററി ഷോർട്ട് ഫിലിം വിഭാഗത്തിലാണ് ദ എലഫന്‍റ് വിസ്പറേഴ്സ് അവാർഡ് നേടിയത്. ഓസ്കർ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം, തന്‍റെ സൃഷ്ടിക്കു ലഭിച്ച പരമോന്നത ബഹുമതി മാതൃരാജ്യത്തിനു സമർപ്പിക്കുന്നു എന്നു പറഞ്ഞു കൊണ്ടാണു കാർത്തികി വാക്കുകൾ അവസാനിപ്പിച്ചത്. നിർമാതാവ് ഗുനീത് മോംഗയും പുരസ്കാരം ഏറ്റുവാങ്ങുന്നതിനായി വേദിയിലെത്തിയിരുന്നു.
തമിഴ്നാട് മുതുമലൈ ദേശീയ പാർക്കിൽ രഘു എന്ന പേരുള്ള ആനക്കുട്ടിയെ പരിപാലിക്കുന്ന ദമ്പതികളായ ബൊമ്മന്‍റെയും ബെല്ലിയുടെയും ജീവിതമാണു എലഫന്‍റ് വിസ്പറേഴ്സിൽ കാർത്തികി പകർത്തിയത്. അപൂർവമായ മനുഷ്യ-മൃഗ ഹൃദയബന്ധത്തിന്‍റെ കഥ.
ആദിവാസി കുടുംബത്തിനൊപ്പം അഞ്ചു വർഷത്തോളം താമസിച്ചാണ് കാർത്തികി ഡോക്യുമെന്‍ററി ഒരുക്കിയത്. ഊട്ടിയിൽ ജനിച്ചു വളർന്ന കാർത്തികി ഫോട്ടൊഗ്രഫർ കൂടിയാണ്.