

ഗീതു മോഹൻദാസ്, പാർവതി തിരുവോത്ത്- 2006ലെ IFFK ഓപ്പൺ ഫോറം വേദിയിൽ. കസബയിലെ വിവാദ രംഗം.
കൊച്ചി: ഗീതു മോഹൻദാസ് സംവിധാനം ചെയ്ത യഷ് ചിത്രം 'ടോക്സിക്', സ്ത്രീകളെ മോശമായി ചിത്രീകരിച്ചു എന്ന ആരോപണം നേരിടുന്നുണ്ട്. എന്നാൽ, ഇതിന്‍റെ പേരിൽ പഴി കേൾക്കുന്നത് ഈ സിനിമയുടെ ഭാഗമല്ലാത്ത നടി പാർവതി തിരുവോത്ത് ആണെന്നതാണ് വിചിത്രം. മമ്മൂട്ടി നായകനായ 'കസബ' എന്ന സിനിമയെക്കുറിച്ച് പാർവതി വർഷങ്ങൾക്കു മുൻപ് നടത്തിയ പരാമർശങ്ങളാണ് കാരണം.
എന്നാൽ, അന്നു താൻ നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നതായി പാർവതി വ്യക്തമാക്കുന്നു. കസബ വിവാദകാലത്ത് തനിക്ക് പിന്തുണയുണ്ടായിരുന്നെങ്കിലും, ഗീതു മോഹൻദാസ് തന്‍റെ അഭിപ്രായത്തെ ഒരിക്കലും പൂർണമായി പിന്താങ്ങിയിട്ടില്ലെന്ന് പാർവതി വ്യക്തമാക്കി. 2016-ൽ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (IFFK) ഓപ്പൺ ഫോറത്തിലായിരുന്നു പാർവതി കസബ സിനിമയിലെ സ്ത്രീവിരുദ്ധതയെ തുറന്നുകാട്ടിയത്. നിഥിൻ രൺജി പണിക്കർ സംവിധാനം ചെയ്ത സിനിമയുടെ പേര് പറയാൻ മടിച്ച പാർവതിക്ക് ധൈര്യം പകർന്ന് വേദിയിലുണ്ടായിരുന്ന ഗീതു മോഹൻദാസ് 'പേര് പറയൂ' എന്ന് പ്രോത്സാഹിപ്പിച്ചിരുന്നു. ഈ പഴയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വീണ്ടും പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് പാർവതിയുടെ പ്രതികരണം.
അന്നത്തെ പരാമർശങ്ങളുടെ പേരിൽ വലിയ സൈബർ ആക്രമണങ്ങൾ നേരിട്ട പാർവതിക്ക് ഒരുപാട് സിനിമകളും നഷ്ടമായിരുന്നു. ആ നഷ്ടങ്ങൾ തനിക്ക് നഷ്ടങ്ങളായി തോന്നിയിട്ടില്ലെന്നാണ് പാർവതി പറയുന്നത്.
ആ സംഭവം പലരുടെയും യഥാർഥ മുഖം വെളിപ്പെടുത്താൻ സഹായിച്ചു. ഇന്നും ചോദിച്ചാൽ ആ സിനിമയെക്കുറിച്ചുള്ള തന്‍റെ നിലപാട് ഇതുതന്നെയായിരിക്കുമെന്നും അവർ പറഞ്ഞു. താൻ സംസാരിക്കുന്നതിന് മുൻപ് തന്നെ കേരള വനിതാ കമ്മീഷൻ ആ ചിത്രത്തിനെതിരെ സ്വമേധയാ കേസെടുത്തിരുന്നുവെന്നും താരം ഓർമിപ്പിച്ചു.
തന്‍റെ സുഹൃത്തുക്കളുടെയും സഹോദരിമാരുടെയും പിന്തുണയാണ് അന്ന് കൂടുതൽ കാര്യങ്ങൾ തുറന്നുപറയാൻ തനിക്ക് കരുത്ത് പകർന്നതെന്ന് പാർവതി കൂട്ടിച്ചേർത്തു. എന്നാൽ, അന്ന് താൻ പറഞ്ഞത് തന്‍റെ മാത്രം വ്യക്തിപരമായ കാഴ്ചപ്പാടാണെന്നും, ഗീതു മോഹൻദാസ് അതിനെ ഒരിക്കലും പരസ്യമായി പിന്തുണച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി. ഗീതുവിന് അവരുടേതായ സർഗാത്മക സ്വാതന്ത്ര്യമുണ്ടെന്നും അവർക്കിഷ്ടമുള്ള സിനിമകൾ ചെയ്യാമെന്നും പാർവതി പറഞ്ഞു.
ഈ രണ്ട് സംഭവങ്ങളെയും തമ്മിൽ കൂട്ടിക്കെട്ടാൻ ശ്രമിക്കുന്നത് 'പെണ്ണുങ്ങൾ തന്നെയാണ് പെണ്ണുങ്ങളുടെ ശത്രു' എന്ന കാലഹരണപ്പെട്ട പിതൃമേധാവിത്വപരമായ ചിന്താഗതിയുടെ ഭാഗം മാത്രമാണെന്നും പാർവതി തിരുവോത്ത് തുറന്നടിച്ചു.
സെപ്റ്റംബർ 11-ന് തിയേറ്ററുകളിൽ റിലീസിനൊരുങ്ങുന്ന 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' എന്ന ചിത്രത്തിന്‍റെ പ്രൊമോഷൻ തിരിക്കുകളിലാണ് പാർവതി ഇപ്പോൾ. ഇതിനിടയിലാണ് കസബ വിവാദവും ടോക്സിക് ചിത്രവുമായി ബന്ധപ്പെട്ട ചർച്ചകളും വീണ്ടും മലയാള സിനിമയിൽ ചൂടേറിയ ചർച്ചയാകുന്നത്.