കേരള ക്രൈം ഫയൽസ് 2: നിലവിളികളെക്കാൾ മുഴക്കമുള്ള നിശബ്ദതകൾ

നിഗൂഢതയുടെ ചുരുളഴിക്കാനുള്ള ചുമതല കുറേയൊക്കെ പ്രേക്ഷകർക്കു കൂടി വിട്ടുകൊടുത്തുകൊണ്ടാണ് കേരള ക്രൈം ഫയൽസ് സീസൺ 2 അവസാനിപ്പിക്കുന്നത്. പറയാതെ പറയുന്ന ഉത്തരങ്ങൾക്ക് ചോദ്യങ്ങളെക്കാൾ മൂർച്ച തോന്നും.
Kerala Crime Files Season 2 review

ഹരിശ്രീ അശോകൻ, ഇന്ദ്രൻസ് - കേരള ക്രൈം ഫയൽസ് സീസൺ 2

Updated on

ദർശന സുഗതൻ

2023ൽ പുറത്തുവന്ന കേരള ക്രൈം ഫയൽസ് ആദ്യ സീസൺ നേടിയത് ഗംഭീര പ്രതികരണങ്ങളായിരുന്നു. ഇപ്പോൾ സിപിഒ അമ്പിളി രാജുവിനു വേണ്ടിയുള്ള അന്വേഷണവുമായി രണ്ടാം സീസണും ജനപ്രീതിയാർജിക്കുന്നു. ലോഡ്ജ് മുറിയിലെ കൊലപാതകത്തിന്‍റെ നിഗൂഢതകൾ ചുരുളഴിഞ്ഞ ആദ്യ സീസണിനു ശേഷം, പൊലീസുകാരന്‍റെ തിരോധാനമാണ് രണ്ടാം സീസണിലെ പ്രമേയം.

കൂടുതൽ വൈകാരികമായ പരിചരണമാണ് ഇത്തവണ സംവിധായകൻ അഹമ്മദ് കബീറും തിരക്കഥാകൃത്ത് ബാഹുൽ രമേശും നൽകിയിരിക്കുന്നത്. ഇക്കുറി നിഗൂഢതയുടെ ചുരുളഴിക്കാനുള്ള ചുമതല കുറേയൊക്കെ പ്രേക്ഷകർക്കു കൂടി വിട്ടുകൊടുത്തുകൊണ്ടാണ് കേസ് അവസാനിപ്പിക്കുന്നത്. പറയാതെ പറയുന്ന ഉത്തരങ്ങൾക്ക് ചോദ്യങ്ങളെക്കാൾ മൂർച്ച തോന്നും.

അപ്രതീക്ഷിതമായ ട്വിസ്റ്റും ടേണുമൊന്നുമില്ലാതെ, മനുഷ്യ മനസിന്‍റെ ചാഞ്ചാട്ടങ്ങളും പൊലീസ് സംവിധാനത്തിൽ രൂഢമൂലമായിരിക്കുന്ന പ്രശ്നങ്ങളുമൊക്കെ മറയില്ലാതെ പറയുകയാണ് സീസൺ 2.

കോമഡി വേഷങ്ങൾക്കപ്പുറത്തേക്ക് ഇന്ദ്രൻസിന്‍റെയും ഹരിശ്രീ അശോകന്‍റെയും സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുമ്പോൾ, സെന്‍റിമെന്‍റ്സിന്‍റെയോ മെലോഡ്രാമയുടെയോ അകമ്പടി തീരെയില്ല. ചെറുതും വലുതുമായ ഓരോ കഥാപാത്രങ്ങളും വ്യക്തിത്വം പുലർത്തുന്ന, കെട്ടുറപ്പുള്ള തിരക്കഥ തന്നെയാണ് ഇതിന്‍റെ കാതൽ. കിഷ്കിന്ധാകാണ്ഡം എഴുതിയ ബാഹുൽ രമേശ് ഇവിടെയും പ്രതീക്ഷ കാക്കുന്നു.

കുറ്റകൃത്യത്തെ ഒരു അക്രമസംഭവമായല്ല, ചീഞ്ഞഴുകിയ ഒരു വ്യവസ്ഥിതിയുടെയും സമൂഹത്തിന്‍റെയും ലക്ഷണമായാണ് ഇതിൽ ചിത്രീകരിക്കുന്നത്. ഓരോ എപ്പിസോഡും നാടകീയത തൊട്ടുതീണ്ടാതെ തന്നെ സസ്പെൻസിൽ കൊണ്ടുചെന്ന് അവസാനിപ്പിക്കുമ്പോൾ, 'നെക്സ്റ്റ് എപ്പിസോഡ്' അറിയാതെ സെലക്റ്റ് ചെയ്യുകയല്ലാതെ മറ്റു മാർഗമില്ല കാഴ്ചക്കാരനു മുന്നിൽ.

ആദ്യ സീസണിൽ കേന്ദ്ര കഥാപാത്രമായെത്തിയ അജു വർഗീസ് ഇത്തവണ ലാലിനൊപ്പം കൂടുതൽ ക്യാരക്റ്റർ രീതിയിലേക്കു മാറുമ്പോൾ, അർജുൻ രാധാകൃഷ്ണനാണ് അന്വേഷണോദ്യോഗസ്ഥൻ.

അഹമ്മദ് കബീറിന്‍റെ സംവിധാന മികവിനൊപ്പം ജിതിൻ സ്റ്റാനിസ്ലാവുസിന്‍റെ ക്യാമറ കൂടിയാകുമ്പോൾ തിരോധാനത്തിന്‍റെ നിഗൂഢതകൾ വിഷ്വലുകളിൽ തന്നെ നിറഞ്ഞു നിൽക്കുന്നു. ഒഴിഞ്ഞ മുറികളും മിന്നിക്കത്തുന്ന ട്യൂബ് ലൈറ്റുകളും ട്രെയിനിന്‍റെ വിദൂര ശബ്ദവുമെല്ലാം മൊബൈൽ സ്ക്രീനിൽ പോലും മികച്ച ദൃശ്യാനുഭവം ഉറപ്പാക്കുന്നു.

പൊലീസ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്ന 'ഔട്ട് ഒഫ് ദ ബോക്സ്' അന്വേഷണ രീതി പോലെ തന്നെ വ്യത്യസ്തമാണ്, വിവിധ എപ്പിസോഡുകളിൽ നായകൾക്കു നൽകിയിരിക്കുന്ന പ്രാധാന്യവും. ഓപ്പണിങ് ഷോട്ടിൽ തുടങ്ങുന്ന നായ സാന്നിധ്യം എൻഡിങ് സീക്വൻസിൽ വരെ തുടരുന്ന അസാധാരണത്വം.

രണ്ടു ചിരികളിലാണ് സീരീസ് പൂർണമാകുന്നത്. ഉറക്കെ പറയാത്ത ഉത്തരങ്ങളെല്ലാം നിശബ്ദമായ ആ ചിരികളിൽ തെളിഞ്ഞുനിൽക്കുന്നുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com