

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്: 'മെയ്ഡ് ഇൻ' മികച്ച ഹ്രസ്വചിത്രം
കൊച്ചി: 49-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡിന് ഹ്രസ്വചിത്രമായ 'മെയ്ഡ് ഇൻ' അർഹമായി. കൊച്ചിയിൽ നടന്ന ചടങ്ങിൽ സംവിധായകൻ പ്രിയദർശൻ അവാർഡ് സമ്മാനിച്ചു. കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ 37ഓളം ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ 'മെയ്ഡ് ഇൻ' എന്ന നിശബ്ദ ഹ്രസ്വചിത്രം നേടി.
കച്ചവട താല്പര്യത്തോടെ മാത്രം ലോകത്തെ കാണുന്ന ഒരു ഏകാധിപത്യ രാജ്യത്തിന്‍റെ നിഗൂഢ പ്രവർത്തികളിലേക്ക് പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിക്കുന്ന ആനുകാലിക ഹ്രസ്വചിത്രമാണ് 'മെയ്ഡ് ഇൻ'. അന്താരാഷ്ട്ര യുദ്ധത്തിൽ കാൽനഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ട. പട്ടാളക്കാരന്‍റെ കാഴ്ചകളിലൂടെയാണ് പ്രസ്തുത പ്രമേയത്തെ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.
എൽകെ പ്രൊഡക്ഷൻ ഇന്‍റർനാഷണലിന്‍റെ ബാനറിൽ രാജേഷ് പുത്തൻപുരയിലാണ് 'മെയ്ഡ് ഇൻ' എന്ന ഹ്രസ്വചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.