

ഇരകളെല്ലാം ഉത്തരേന്ത്യക്കാർ, മലയാളികളെവിടെ എന്ന ചോദ്യത്തിന് യൂട്യൂബിലെന്ന് മറുപടി; പണിപാളിയതോടെ മുങ്ങി
ന്യൂഡൽഹി: കേരളത്തെ വികലമായി ചിത്രീകരിക്കുന്ന കേരള സ്റ്റോറി 2 ന്‍റെ പ്രോമോഷന്‍റെ ഭാഗമായി ഡൽഹിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഇരകളെന്നാവകാശപ്പെട്ട് അണിയറ പ്രവർത്തകർ ഹാജരാക്കിയവരെല്ലാം ഉത്തരേന്ത്യക്കാർ. കേരളത്തിൽനിന്നുള്ള ആരുമില്ലെങ്കിലും സംസ്ഥാനവുമായി ബന്ധപ്പെട്ടതാണ് സിനിമയുടെ പ്രമേയമെന്നാണ് കേരള സ്റ്റോറി എന്നുപേരിട്ടതിലെ ന്യായീകരണം.
37 ഇരകളെയാണ് അണിയറ പ്രവര്‍ത്തകര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. ഇവരിലാരും തന്നെ മലയാളികളായി ഉണ്ടായിരുന്നില്ല. ഇരകളെന്ന് പറയപ്പെടുന്ന സ്ത്രീകളെ സംസാരിക്കാനും അനുവദിച്ചിരുന്നില്ല. അണിയറ പ്രവർത്തകരും ആദ്യം മാധ്യമപ്രവർത്തകരോട് സംസാരിക്കാൻ തയാറായില്ലെങ്കിലും ഇത് ചോദ്യം ചെയ്തതോടെ സംസാരിക്കുകയായിരുന്നു.
കേരളവുമായി എന്ത് ബന്ധമാണ് സിനിമയ്ക്കുള്ളതെന്ന് ചോദിച്ചപ്പോള്‍ ലവ് ജിഹാദ് കേരളത്തിൽ തുടങ്ങി രാജ്യം മുഴുവൻ വ്യാപിച്ചതാണെന്നും അതാണ് സിനിമയിൽ അവതരിപ്പിക്കുന്നതെന്നും സംവിധായകൻ കാമാഖ്യ നാരായൺ സിങ്ങിന്‍റെ മറുപടി. കേരളത്തില്‍ നിന്നുള്ള ആരുമില്ലെങ്കിലും സംസ്ഥാനവുമായി ബന്ധപ്പെട്ടതാണ് സിനിമയുടെ പ്രമേയമെന്നായിരുന്നു ന്യായീകരണം. കേരളത്തെ അപമാനിക്കാൻ ഉദേശമില്ലെന്നും ലവ് ജിഹാദിന്‍റെ ഇരകൾക്ക് നീതിക്കായാണ് സിനിമയിറക്കുന്നതെന്നും അവർ പറഞ്ഞു.
ചോദ്യങ്ങള്‍ കടുത്തതോടെ നിര്‍മാതാവും സംവിധായകനും ക്ഷുഭിതരായി. സത്യം അംഗീകരിക്കാന്‍ നിങ്ങള്‍ തയ്യാറാകുന്നില്ലെന്നും കേരളത്തില്‍ നിന്നുള്ള ഇരകളുടെ വിഡിയോ യൂട്യൂബില്‍ ലഭ്യമാണെന്നായിരുന്നു മറുപടി. മാധ്യമപ്രവര്‍ത്തകര്‍ കൂടുതല്‍ ചോദ്യങ്ങളുമായി വളഞ്ഞതോടെ അണിയറ പ്രവര്‍ത്തകര്‍ വേദി വിടുകയായിരുന്നു.