KG George
KG George

കാലത്തിനു മുൻപേ സഞ്ചരിച്ച സംവിധായകൻ

കെ.ജി. ജോർജിനോളം പരീക്ഷണങ്ങൾ നടത്തുകയും മലയാള സിനിമയെ പോഷിപ്പിക്കുകയും ചെയ്ത സംവിധായകർ അത്യപൂർവമായിരിക്കും
Published on

പി.ജി.എസ്. സൂരജ്

മലയാള സിനിമയില്‍ ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുന്ന വാക്കാണ് പരീക്ഷണം എന്നത്. ഈ വിശേഷണത്തോടെ ഇറങ്ങുന്ന സിനിമകള്‍ മലയാള സിനിമയ്ക്കു പൊതുവായി നൽകുന്ന സംഭാവനകളുടെ മൂല്യം കൂടി കണക്കിലെടുത്താൽ, കെ.ജി. ജോർജിനോളം പരീക്ഷണങ്ങൾ നടത്തുകയും മലയാള സിനിമയെ പോഷിപ്പിക്കുകയും ചെയ്ത സംവിധായകർ അത്യപൂർവമായിരിക്കും.

മലയാള സിനിമയുടെ സുവർണ കാലഘട്ടമായ എണ്‍പതുകള്‍ ഉജ്വലമായ പരീക്ഷണ സിനിമകളുടെ കൂടി കാലമായിരുന്നു. അക്കൂട്ടത്തിൽ ഇന്നു ജ്വലിച്ചു നിൽക്കുന്ന ചിലത് കെ.ജി. ജോർജിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയതും.

മനസിനെ മഥിച്ചിരുന്ന ചിന്തകള്‍ ആരെയും ഭയക്കാതെ അഭ്രപാളിയിലേയ്ക്ക് സന്നിവേശിപ്പിച്ച തലയെടുപ്പുള്ള സംവിധായകന്‍. കെ.ജി. ജോര്‍ജ് തുറന്നുവിട്ട വിപ്ലവാത്മക ചിന്തകളുടെ വിസ്ഫോടനങ്ങള്‍ ഇന്നും അവസാനിച്ചിട്ടില്ല. മലയാളം കണ്ട ഏറ്റവും മികച്ച പൊളിറ്റിക്കൽ സറ്റയർ (രാഷ്‌ട്രീയ ആക്ഷേപ ഹാസ്യം) എന്നു വിശേഷിപ്പിക്കാവുന്ന പഞ്ചവടിപ്പാലം പുറത്തിറങ്ങിയത് നാല് പതിറ്റാണ്ടോളം മുൻപാണ്, 1984ൽ. കെ.ജി. ജോര്‍ജ് എന്ന മഹാനായ സംവിധായകന്‍ മലയാളത്തിന് സമ്മാനിച്ച നിരവധി ക്ലാസിക് ചിത്രങ്ങളില്‍ ഒന്നു മാത്രമായിരുന്നു പഞ്ചവടിപ്പാലം.

പഞ്ചവടിപ്പാലത്തിന്‍റെ പോസ്റ്റർ.
പഞ്ചവടിപ്പാലത്തിന്‍റെ പോസ്റ്റർ.

പഞ്ചവടിപ്പാലം മാത്രമല്ല, അദ്ദേഹത്തിന്‍റെ മിക്ക ചിത്രങ്ങളും കാലത്തിനു മുന്നേ സഞ്ചരിച്ചിട്ടുള്ളവയാണ്. സര്‍ക്കാരുകളുടെ അഴിമതിക്കഥകൾ വലിയ തോതിൽ പുറത്തുവരും മുൻപുള്ള കാലത്താണ് പഞ്ചവടിപ്പാലം പുറത്തിറങ്ങുന്നത്. വർഷങ്ങൾക്കിപ്പുറം പാലാരിവട്ടം പാലം പൊളിച്ചുപണിയുന്ന സമയത്ത് പഞ്ചവടിപ്പാലം കേരളം മുഴുവൻ സജീവ ചർച്ചയുമായി.

നാട്ടുകാര്‍ക്ക് പഴയ കാര്യങ്ങള്‍ ഓർമയുണ്ടെങ്കില്‍ ഇന്ന് കാണുന്ന ആരെങ്കിലും ആ കസേരയില്‍ ഇരിക്കുമോ എന്നു പഞ്ചവടിപ്പാലത്തില്‍ ഒരു കഥാപാത്രം ചോദിക്കുന്നുമുണ്ട്. വേളൂര്‍ കൃഷണന്‍ കുട്ടിയുടെ 'പാലം അപകടത്തില്‍' എന്ന കഥയെ അടിസ്ഥാനമാക്കി, ഏറെ മാറ്റങ്ങളോടെ കെ.ജി. ജോർജ് തന്നെയാണ് പഞ്ചവടിപ്പാലത്തിന്‍റെ തിരക്കഥ ഒരുക്കിയത്. മറ്റൊരാളെ വച്ച് തിരക്കഥ എഴുതുന്നത് ഒരിക്കലും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല.

മിക്ക സിനിമകളിലും പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഒരു സസ്പെന്‍സ് ഒളിപ്പിച്ചു വച്ചിട്ടുണ്ടായിരിക്കും. ഓരോ സിനിമയും ഒന്നിനൊന്നു വ്യത്യസ്തം. ആദാമിന്‍റെ വാരിയെല്ലും യവനികയും പഞ്ചവടിപ്പാലവും താരതമ്യം ചെയ്യുമ്പോള്‍ തന്നെ ആ വൈവിധ്യം എത്രത്തോളമുണ്ടെന്നു മനസിലാക്കാം.

പഞ്ചവടിപ്പലത്തിന്‍റെ നിർമാതാവ് ഗാന്ധിമതി ബാലനായിരുന്നു. പാലം തകര്‍ന്നു വീഴുന്ന ക്ലൈമാര്‍ക്സ് രംഗം അന്ന് ചിത്രീകരിച്ചത് അഞ്ചോളം കാമറ വച്ചാണ്. പ്രധാന കാമറമാനായ ഷാജി എന്‍. കരുണിനെ കൂടാതെ രാമചന്ദ്ര ബാബുവും സണ്ണി ജോസഫും ക്ലൈമാക്സ് ഷൂട്ടിങ്ങിൽ ഒരുമിച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പഞ്ചവടിപ്പാലം റീ റിലീസ് ചെയ്യാന്‍ കെ.ജി. ജോർജ് താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഗാന്ധിമതി ബാലനു താത്പര്യമുണ്ടായിരുന്നില്ല.

വർധക്യത്തിന്‍റെ വേദനകളുമായി കക്കാനാട്ടെ സിഗ്നേച്ചര്‍ ഫൗണ്ടേഷനില്‍ താസിക്കുന്ന സമയത്ത് മെട്രൊ വാർത്തയ്ക്കു വേണ്ടി കെ.ജി. ജോര്‍ജുമായി അഭിമുഖം നടത്താൻ ശ്രമിച്ചിരുന്നെങ്കിലും, സംസാരിക്കാൻ തന്നെ ബുദ്ധിമുട്ടുള്ള അവസ്ഥയിലായിരുന്നു അദ്ദേഹം. ഭാര്യയും പ്രശസ്ത ഗായികയുമായ സല്‍മ ജോര്‍ജാണ് അദ്ദേഹത്തിനു വേണ്ടി ഏറെയും സംസാരിച്ചത്.

മുഴുവന്‍ സമയവും വായനയില്‍ മുഴുകിയിരിക്കുന്ന ആളായിരുന്നെങ്കിലും അവസാന കാലത്ത് അതിനു കഴിഞ്ഞിരുന്നില്ല. വായിക്കാന്‍ കഴിയുമെങ്കിലും ഒന്നും മനസ്സില്‍ നില്‍ക്കുന്നില്ല എന്നു പറയും. വീട്ടിലായിരിക്കുമ്പോൾ മകൾ സുമ ഒരുപാട് വിദേശ സിനിമകളുടെ സി.ഡികള്‍ ഇട്ടു കാണിച്ചിരുന്നെങ്കിലും, സിഗ്നേച്ചര്‍ ഫൗണ്ടേഷനിലെ ജീവിതം അദ്ദേഹത്തിന് ആശ്വാസമായിരുന്നു. ദിവസവും, രാവിലെയും വൈകിട്ടും മനസിന് ആശ്വാസം ലഭിക്കുന്ന പലതരം പ്രവര്‍ത്തനങ്ങള്‍ എല്ലാമായി അസുഖത്തെ അതിജീവിക്കാൻ ശ്രമിക്കുകയായിരുന്നു കെ.ജി. ജോർജ് അവിടെ.

വീട്ടിലായിരുന്നപ്പോള്‍ എപ്പോഴും കിടപ്പ് തന്നെ ആയിരുന്ന അദ്ദേഹം ഇവിടെയെത്തിയ ശേഷം വാക്കര്‍ ഉപയോഗിച്ച് നടന്നു തുടങ്ങി, പിന്നീട് വാക്കറിന്‍റെ സഹായമില്ലാതെയും. സംസാരിക്കാൻ വീട്ടുകാരല്ലാതെ മറ്റാരുമില്ലാതെ മിക്കപ്പോഴും ഉറക്കമായിരുന്നു വീട്ടിൽ. എപ്പോഴും ഉറങ്ങിയാല്‍ കിടപ്പിലായിപ്പോകുമെന്ന് ഡോക്റ്റർ കൂടി പറഞ്ഞതോടെയാണ് സിഗ്നേച്ചർ ഹോമിലേക്കു മാറുന്നത്.

logo
Metro Vaartha
www.metrovaartha.com