

സുനൈനയും ഖാലിദ് അൽ അമേരിയും
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഖാലിദ് അൽ അമേരിയും തെന്നിന്ത്യൻ താരം സുനൈനയും പ്രണയത്തിലാണ് എന്ന വാർത്ത വലിയ ചർച്ചയായിരുന്നു. സോഷ്യൽ മീഡിയയെ ഒന്നാകെ ഞെട്ടിച്ചുകൊണ്ട് ഇവർ വേർപിരിഞ്ഞെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇൻസ്റ്റഗ്രാമിൽ ഇവർ പരസ്പരം അൺഫോളോ ചെയ്തിരിക്കുകയാണ്. കൂടാതെ ഒന്നിച്ചുള്ള ചിത്രങ്ങളും ഇവർ നീക്കം ചെയ്തിട്ടുണ്ട്.
പ്രമുഖ ചർച്ചാ പ്ലാറ്റ്ഫോം ആയ റെഡ്ഡിറ്റിലാണ് ഇരുവരും വേർപിരിഞ്ഞെന്ന തരത്തിലുള്ള ചർച്ചകൾ ഉയർന്നത്. ഖാലിദ് സുനൈനയെ അൺഫോളോ ചെയ്തെന്നും ഇരുവരും വേർപിരിഞ്ഞെന്നും പറഞ്ഞ് ഒരു റെഡ്ഡിറ്റ് യൂസറാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. പിന്നാലെ സുനൈനയുടെ ചിത്രങ്ങൾക്ക് താഴെ ഖാലിദിന്‍റെ കമന്‍റുകൾ കാണുന്നില്ലെന്നും ഒരാൾ കണ്ടെത്തി. സാധാരണ സുനൈനയുടെ പോസ്റ്റുകൾക്കെല്ലാം ഖാലിദിന്‍റെ കമന്‍റുണ്ടാകുമായിരുന്നു.
ഖാലിദും സുനൈനയും ഏറെ നാളായി പ്രണയത്തിലാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 2024 ജൂണിൽ ഇരുവരും മോതിരം മാറിയതിന്‍റെ ചിത്രങ്ങൾ പങ്കുവച്ചതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. കഴിഞ്ഞ ഡിസംബറിൽ കൊച്ചിയിൽ ഖാലിദിന്‍റെ ജന്മദിനത്തോട് അനുബന്ധിച്ച് സുനൈന നൽകിയ സർപ്രൈസ് പാർട്ടിയുടെ ചിത്രങ്ങൾ പങ്കുവച്ചാണ് ഇരുവരും പ്രണയം പരസ്യമാക്കിയത്. പരസ്പരം കൈകോർത്ത് പിടിച്ചുകൊണ്ടുള്ള മിറർ സെൽഫി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വേർപിരിയൽ വാർത്തയോട് ഖാലിദോ സുനൈനയോ പ്രതികരിച്ചിട്ടില്ല.