മലയാളികളുടെ ഉണ്ണിയേട്ടൻ, കിലി പോളിന്‍റെ ജീവിതം സിനിമയാകുന്നു
മലയാളികളുടെ മനസിൽ ഇടം നേടിയ ടാൻസാനിയൻ ഇൻഫ്ലുവെൻസറാണ് കിലി പോൾ- മലയാളികളുടെ സ്വന്തം ഉണ്ണിയേട്ടൻ! ലിപ്സിങ്ക് വിഡിയോകളിലൂടെ ലോകശ്രദ്ധ നേടിയ യൂസഫ് കിംസേര എന്ന കിലി പോളിനെ ഇന്ന് 10.4 മില്യൻ ആളുകൾ ഇൻസ്റ്റഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നുണ്ട്. ഇന്ത്യന്‍ സിനിമകളിലെ ഗാനങ്ങള്‍ക്ക് ലിപ് സിങ്ക് ചെയ്തും നൃത്തം ചെയ്തുമാണ് കിലി പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മലയാളം പാട്ടുകളും ചെയ്തതോടെയാണ് കേരളത്തിലും ധാരാളം ആരാധകരായത്.
കിലിയുടെ ജീവിതകഥ സിനിമയാവുകയാണിപ്പോൾ. 'മാസായ് വാര്യർ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സതീഷ് തൻവിയാണ്. ഒരു ടാൻസാനിയൻ സിനിമാറ്റിക് യാത്ര എന്ന ടാഗ്‌ലൈനിൽ എത്തുന്ന പോസ്റ്റർ അണിയറക്കാർ പുറത്തിറക്കി.
ഒക്റ്റോബറിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമയിൽ കിലി പോൾ തന്നെയാണ് പ്രധാന വേഷത്തിൽ അഭിനയിക്കുന്നത്. അദ്ദേഹത്തിന്‍റെ ജന്മസ്ഥലമായ ടാൻസാനിയ തന്നെയാണ് പ്രധാന ലൊക്കേഷൻ. ഇന്നസെന്‍റ് എന്ന മലയാള ചിത്രത്തിനു ശേഷം സതീഷ് സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും മസായ് വാര്യർ. കിലി പോൾ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയുമാണ് 'ഇന്നസെന്‍റ്'.
മലയാളത്തിനു പുറമെ മാസായ്, ഇംഗ്ലീഷ്, സ്വാഹിലി, സിംഹള, ഫ്രഞ്ച്, പോളിഷ്, സ്പാനിഷ്, ടാഗലോഗ്, ജർമൻ, അറബിക്, ഉസ്ബെക്കിസ്ഥാൻ, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക്, ബംഗാളി, ഉറുദു, ജാപ്പനീസ്, പഷ്തോ, സിന്ധി, ബലൂച്, പഞ്ചാബി തുടങ്ങി 25ലധികം ഭാഷകളിലാണ് മസായ് വാര്യർ ഒരുക്കുന്നത്.
മാറ്റിനി പ്രൈം പ്രൊഡക്ഷൻസ്, തീയേറ്റർ സ്റ്റോറീസ് എന്നീ ബാനറുകളിൽ പ്രിയദർശിനി പി.എം, നജുമുദീൻ എന്നിവർ ചേർന്നാണ് ഈ ബഹുഭാഷാ ചിത്രം നിർമിക്കുന്നത്. നിഖിൽ എസ്. പ്രവീൺ ആണ് ഛായാഗ്രഹണം. പി.വി. ഷാജികുമാർ തിരക്കഥ ഒരുക്കുന്നു.