

കരൺ ജോഹർ
മുംബൈ: സംവിധായകനും നടനും നിർമാതാവും അവതാരകനുമായ കരൺ ജോഹറിന്‍റെ കോഫി വിത്ത് കരൺ എന്ന ഐക്കണിക് ഷോ അവസാനിപ്പിക്കുന്നു. 22 വർഷം നീണ്ട വിജയയാത്രയ്ക്ക് തിരശീല വീഴുന്നതായി കരൺ തന്നെയാണ് വെളിപ്പെടുത്തിയത്. ഒക്റ്റോബർ 14 ന് ജിയോ ഹോട്ട്സ്റ്റാറിൽ പ്രീമിയർ ചെയ്യാൻ പോവുന്ന ഒൻപതാം സീസണോടെയാണ് കോഫി വിത്ത് കരൺ അവസാനിപ്പിക്കുന്നത്.
"ചില യാത്രകൾ അവസാനിപ്പിക്കണമെന്ന് മുൻകൂട്ടി പദ്ധിതിയിടാറില്ല. എന്നാൽ അത് അവസാനിപ്പിക്കാനുള്ള സമയമായെന്ന് മനസുപറയും. കോഫി വിത്ത് കരൺ എന്‍റെ ജീവിതത്തിലെ അപൂർവവും അവിസ്മരണീയവുമായ ഭാഗമായിരുന്നു. നല്ല സൗഹൃദങ്ങളും ഓർമകളും ഭ്രാന്തമായ നിമിഷങ്ങളുമായി ഒത്തിരി സ്നേഹവും അല്പം വിവാദങ്ങളും സമ്മാനിച്ചു. എന്നാൽ ഇതിനെല്ലാമിടയിൽ ഒരു മാറ്റവുമില്ലാതെ പ്രേക്ഷകർ നിന്നു.
അവർ നമ്മൾക്കൊപ്പം ചിരിച്ചു, സംവാദങ്ങൾ നടത്തി, ട്രോളുകളുണ്ടാക്കി, അടുത്തൊരു കോഫിക്കായി അവർ വീണ്ടും വീണ്ടും തിരിച്ചുവന്നു. യാത്രപറച്ചിൽ വളരെ വൈകാരികമായ ഒന്നാണ്. എങ്കിലും ഇതാണ് ശരിയായ സമയമെന്ന് തോന്നുന്നു. കോഫി വിത്ത് കരണിനെ ഇന്നത്തെ നിലയിലെത്തിച്ച എല്ലാവർക്കും നന്ദിയും സ്നേഹവും അറിയിച്ചുകൊള്ളുന്നു. കോഫി വിത്ത് കരണിന്‍റെ അവസാന ഷോയിൽ എന്നോടൊപ്പം ഒരു അവസാന കപ്പ് കോഫി കുടിക്കാൻ നിങ്ങളും വരൂ" കരൺ തന്‍റെ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
2004 ലാണ് കോഫി വിത്ത് കരൺ ആരംഭിക്കുന്നത്. ബോളിവുഡ് താരങ്ങളുടെ സ്വകാര്യവിശേഷങ്ങൾ, പ്രണയം, തർക്കം തുടങ്ങി ടിവിയിലും ഒടിടി പ്ലാറ്റ്ഫോമിലും കോഫി വിത്ത് കരൺ തരംഗമായി മാറിയിരുന്നു.