

സുധിയുടെ കല്ലറയിൽ പ്രാർഥിച്ച് റിതപ്പൻ, വിഡിയോ കോളിലൂടെ പൊട്ടിക്കരഞ്ഞ് രേണു; രൂക്ഷ വിമർശനം
അന്തരിച്ച നടൻ കൊല്ലം സുധിയുടെ മൂന്നാം ചരമവാർഷികമായിരുന്നു കഴിഞ്ഞ ദിവസം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സുധിയുടെ ഓർമദിനത്തിൽ കുടുംബം നടത്തിയ പ്രത്യേക പ്രാർഥനാ ചടങ്ങിൽ നിന്നുള്ള വിഡിയോ ആണ്. വർക്കിന്‍റെ ഭാഗമായി ബഹ്റൈനിൽ ആയതിനാൽ വിഡിയോ കോളിലൂടെയാണ് രേണു എത്തിയത് ഇതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്.
സുധിയുടേയും രേണുവിന്‍റേയും മകൻ റിതപ്പൻ കുടുംബാംഗങ്ങൾക്കൊപ്പം സുധിയുടെ കല്ലറയിൽ എത്തി പ്രാർഥിച്ചു. ബഹ്റൈനിൽ ഇരുന്ന് വിഡിയോ കോളിലൂടെ രേണു ഇതിന് സാക്ഷിയാവുകയായിരുന്നു. രേണു പൊട്ടിക്കരയുന്നതും വിഡിയോയിലുണ്ട്. പിന്നാലെ രേണുവിനെ വിമർശിച്ചുകൊണ്ടുള്ള കമന്‍റുകൾ വിഡിയോയ്ക്ക് താഴെ നിറയുകയായിരുന്നു.
രേണുവിന്‍റെ അഭിനയത്തിന് ഓസ്കർ കൊടുക്കണം എന്ന തരത്തിലാണ് കമന്‍റുകൾ. റീച്ചിനു വേണ്ടി സ്വന്തം ഭർത്താവിന്‍റെ മരണം പോലും രേണു ആഘോഷിക്കുകയാണ് എന്നാണ് ചിലർ കുറിച്ചത്. അതേസമയം സുധിയുടെ ചരമവാർഷികത്തിന് പ്രത്യേക വിഡിയോയുമായി രേണു എത്തി. പ്രമോഷൻ തിരക്കുകൾ ഉണ്ടായതിനാൽ പത്ത് ദിവസം ബഹ്റൈനിൽ ആണെന്നും സുധിച്ചേട്ടന്‍റെ ഓർമയ്ക്കായി തൊട്ടടുത്ത ഓർഫനേജിലെ കുട്ടികൾക്ക് ഒരുസമയത്തെ ആഹാരം കൊടുക്കണമെന്ന് കുടുംബത്തിനോട് പറഞ്ഞിട്ടുണ്ടെന്നുമാണ് രേണു പറയുന്നത്.