

രചന നാരായണൻകുട്ടി
കൂച്ചിപ്പൂഡിയെന്നതാണ് നൃത്തരൂപത്തിന്‍റെ ശരിയായ ഉച്ചാരണമെന്ന് നടിയും നർത്തകിയുമായ രചന നാരായണൻകുട്ടി. സമൂഹമാധ്യമങ്ങളിൽ പങ്കു വച്ച വിഡിയോയിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കുച്ചിപ്പുഡി, കുച്ചിപ്പിഡി തുടങ്ങി പല രീതിയിൽ നൃത്തരൂപത്തെക്കുറിച്ച് പറയുന്നവരുണ്ട്.
എന്നാൽ യഥാർഥത്തിൽ കൂച്ചിപ്പൂഡി എന്നു തന്നെയാണ് ഉച്ചാരണം. ആന്ധ്രാപ്രദേശിലെ ഒരു ഗ്രാമമാണതെന്നും അവിടെ നിന്നാണ് കൂച്ചിപ്പൂഡിയെന്ന നൃത്തരൂപം രൂപം കൊണ്ടതെന്നും രചന വിഡിയോയിൽ പറയുന്നുണ്ട്.
തിരുവനന്തപുരം ശ്രീപദ്മനാഭ ക്ഷേത്രത്തിൽ ലക്ഷദീപത്തോടനുബന്ധിച്ച് താനും ശിഷ്യരും ചേർന്ന് കൂച്ചിപ്പൂഡി നടത്തുമെന്ന് രചന മുൻപ് ഒരു വിഡിയോയിലൂടെ പങ്കു വച്ചിരുന്നു. ആ വിഡിയോയുടെ കമന്‍റുകളിൽ കൂച്ചിപ്പൂഡിയുടെ ഉച്ചാരണത്തെക്കുറിച്ച് നിരവധി പേർ സംശയമുന്നയിച്ചിരുന്നുവെന്നും അതിനുള്ള മറുപടിയാണിതെന്നുമാണ് താരം വ്യക്തമാക്കിയിരിക്കുന്നത്.