

Manju Warrier | Koottickal Jayachandran
നീണ്ട ഇടവേളയ്ക്കുശേഷം സിനിമാഭിനയരംഗത്ത് സജീവമായ നടി മഞ്ജു വാര്യറെ പ്രശംസിച്ച് നടൻ കൂട്ടിക്കൽ ജയചന്ദ്രൻ. മറ്റുള്ളവരുടെ ഭാര്യമാർക്ക് ആശ്വാസത്തിന്‍റെ മൊത്തവ്യാപാരവുമായി ദൂരങ്ങളിൽ കാത്തിരിക്കുന്ന കരിങ്കോഴികളുമായി സമാധാനക്കരാറുണ്ടാക്കുന്ന സ്ത്രീകൾ നമുക്കിടയിൽ ഉണ്ടെങ്കിൽ അത്തരക്കാർക്ക് അപവാദമാണ് മഞ്ജുവാര്യർ എന്നാണ് ജയചന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചത്.
അതേസമയം, പോസ്റ്റിലെ "മാസമുറ ആയതിന്‍റേയും ആവാത്തതിന്‍റെയും കുറ്റം പറഞ്ഞ് പിസിഒഡിയെയും കൂട്ടുപിടിച്ച് മടിച്ചിരിക്കുന്ന സ്ത്രീകൾ, യോജിച്ച് പോകാൻ പറ്റാത്ത ബന്ധത്തിൽ കടിച്ച് തൂങ്ങി ഭർത്താവ് കൊണ്ടു വരുന്ന ഭക്ഷണവും കഴിച്ച് അയാളെ സംശയരോഗിയാക്കുന്ന ഭാര്യമാർ" എന്നീ പരാമർശം വിമർശനങ്ങൾക്ക് വഴിവച്ചു. പിസിഒഡിയെയും സ്ത്രീകളെയും അപമാനിക്കുന്ന പോസ്റ്റാണ് കുട്ടിക്കൽ ജയചന്ദ്രന്‍റേതെന്ന് വിമർശനം ഉയരുന്നുണ്ട്.
''പീരിഡ്‌സും പിസിഒഡിയും ഹോര്‍മോണല്‍ ഇഷ്യൂസും ഒക്കെ എത്ര നിസാരവത്കരിക്കുകയാണ്...''.
''സാധാരണയില്‍ സാധാരണക്കാരായ നല്ല വിദ്യാഭ്യാസമോ ജോലിയോ ഇല്ലാത്ത, ഇറങ്ങി ചെന്നാല്‍ സ്വന്തം വീട്ടുകാര്‍ പോലും സംരക്ഷിക്കുമോ എന്നുറപ്പില്ലാത്ത, പ്രതികരിച്ചു ശീലമോ, എതിര്‍ത്തു സംസാരിക്കാനോ ആവാത്ത, താന്‍ എന്തേലും ചെയ്താല്‍ കുഞ്ഞുങ്ങളുടെ ഭാവിയെന്തെന്ന ആശങ്കപ്പുറത്തൊക്കെ ജീവിക്കാണോ മരിക്കാണോ എന്ന തിരിച്ചറിവുപോലും ഇല്ലാത്ത സ്ത്രീകളുണ്ട്...''.
''സ്ത്രീകളുടെ ഇമോഷണല്‍ ഫീലിങും ഇങ്ങനെ വിവരക്കേടു പറഞ്ഞ് എഴുന്നള്ളിക്കാന്‍ നില്‍ക്കരുത്...'' എന്നിങ്ങനെ നീളുന്നു പ്രതികരണങ്ങൾ.
ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ...
മാസത്തിലെ പതിനഞ്ച് ദിവസം മാസമുറ ആകാത്തതിന്‍റെ കുറ്റവും, ബാക്കി പതിനഞ്ച് ദിവസം അത് കഴിഞ്ഞതിന്‍റെ കുറ്റവും ഇടയ്ക്കെങ്ങാനും ഒരു ദിവസം കിട്ടിയാൽ അതിൽ പിസിഓഡിയെയും കൂട്ടുപിടിച്ച് മടിച്ചിരിക്കുന്ന സ്ത്രീകൾ നമ്മുടെ സമൂഹത്തിൽ ഉണ്ടെങ്കിൽ..,
ജീവിക്കാൻ സാഹസം വേണ്ടി വരുന്നതിനാൽ, യോജിച്ച് പോകാൻ പറ്റാത്ത ബന്ധത്തിൽ കടിച്ച് തൂങ്ങി ഭാർത്താവ് കൊണ്ടു വരുന്ന ഭക്ഷണവും കഴിച്ച് അയാളെ സംശയരോഗിയാക്കി; മറ്റുള്ളവരുടെ ഭാര്യമാർക്ക് ആശ്വാസത്തിന്‍റെ മൊത്തവ്യാപാരവുമായി ദൂരങ്ങളിൽ കാത്തിരിക്കുന്ന കരിങ്കോഴികളുമായി സമാധാനക്കരാറുണ്ടാക്കുന്ന സ്ത്രീകൾ നമുക്കിടയിൽ ഉണ്ടെങ്കിൽ.. (ഉണ്ടോയെന്നറിയില്ല) 'ഉണ്ടെങ്കിൽ' അത്തരക്കാർക്ക് അപവാദമാണ് മഞ്ജുവാര്യർ!...
NB: ഉള്ളത് അംഗീകരിക്കണം എന്ന മനോഭാവാർത്ഥം എഴുതുന്നത്!