

100 കോടി ക്ലബിൽ ഇടം നേടാൻ പ്രദീപ് രംഗനാഥൻ; ലവ് ഇൻഷുറൻസ് കമ്പനി റിലീസ് തീയതി അറിയാം
വിഘ്നേശ് ശിവന്‍റെ സംവിധാനത്തിൽ പ്രദീപ് രംഗനാഥന്‍റെതായി ഉടനെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ലവ് ഇൻഷുറൻസ് കമ്പനി. അഭിനയിച്ച മൂന്നു ചിത്രങ്ങളിലും 100 കോടി കളക്ഷൻ നേടിയ താരമായതിനാൽ ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെയും ഏവരും നോക്കി കാണുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ‍്യാപിച്ചിരിക്കുകയാണ്.
ഫെബ്രുവരി 12നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം തിയെറ്ററിലെത്തുന്നത്. ബിഗ് ബജറ്റിലൊരുങ്ങുന്ന ഫാന്‍റസി പ്രണയ ചിത്രമാണ് ലവ് ഇൻഷുറൻസ് കമ്പനി. അനിരുദ്ധാണ് ചിത്രത്തിലെ സംഗീതം കൈകാര‍്യം ചെയ്യുന്നത്. കൃതി ഷെട്ടി നായികയായി എത്തുന്ന ചിത്രത്തിൽ എസ്.ജെ. സൂര‍്യ പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. ഇവരെ കൂടാതെ ഗൗരി ജി കിഷൻ, യോഗി ബാബു എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.