

പ്രണയവും കാമവും ഉൾപ്പെടുന്ന 4 കഥകൾ; ലസ്റ്റ് സ്റ്റോറീസ് 3 റിലീസിനൊരുങ്ങുന്നു
സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള സ്ത്രീകളുടെ ലൈംഗിക താത്പര‍്യങ്ങളെ സ്ക്രീനിൽ അവതരിപ്പിച്ച് വലിയ ജനശ്രദ്ധ പിടിച്ചുപറ്റിയ ആന്തോളജി ചിത്രമാണ് ലസ്റ്റ് സ്റ്റോറീസ്. ആദ‍്യ രണ്ട് ഭാഗത്തിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.
ഇപ്പോഴിതാ ചിത്രത്തിന്‍റെ മൂന്നാം ഭാഗവുമായി എത്തുകയാണ് അണിയറ പ്രവർത്തകർ. വിക്രമാദിത‍്യ മോട്‌വാനെ, കിരൺ റാവു, ഷകുൻ ബത്ര, വിശാൽ ഭരദ്വാജ് എന്നീ സംവിധായകരാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ആർഎസ്‌വിപിയും ഫ്ലയിങ് യൂണികോൺ എന്‍റർടൈൻമെന്‍റും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
രാധിക ആപ്തേ, കൊങ്കണ സെൻ ശർമ, അദിതി റാവു ഹൈദരി, രാധികാ മദൻ, സന തമ്പി, വിജയ് വർമ, അഭിഷേക് ബാനർജി, സിദ്ധാർഥ്, അലി ഫസൽ, എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷം കൈകാര‍്യം ചെയ്തിരിക്കുന്നത്. പ്രണയം, കാമം, ബന്ധങ്ങൾ, അടിച്ചമർത്തപ്പെട്ട ആഗ്രഹം എന്നിവ നാലു ഹ്രസ്വ ചിത്രങ്ങളിലൂടെ ചർച്ച ചെയ്യും.
സെപ്റ്റംബർ 18ന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സ്ട്രീം ചെയ്യും. 2018ലാണ് ലസ്റ്റ് സ്റ്റോറീസിന്‍റെ ആദ‍്യ ഭാഗം പുറത്തിറങ്ങിയത്. ദിബാകർ ബാനർജി, കരൺ ജോഹർ, സോയ അക്തർ, അനുരാഗ് കശ‍്യാപ് എന്നിവരായിരുന്നു സംവിധായകർ. ഇതിനു പിന്നാലെ ആന്തോളജി അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റുകയും എമ്മി അവാർഡ്സ് നേടുകയും ചെയ്തു.
ഇതോടെയാണ് 2023ൽ കൊങ്കണ സെൻ ശർമ, ആർ. ബാൽകി, അമിത് രവീന്ദർനാഥ് ശർമ, സുജോയ് ഘോഷ്, എന്നിവരുടെ സംവിധാനത്തിൽ രണ്ടാം ഭാഗം പുറത്തിറങ്ങിയത്. കിരൺ റാവു, തനാജി ദാസ്ഗുപ്ത, അവിനാഷ് സമ്പത്ത്, സുമുകി സുരേഷ്, ഷകുൻ ബത്ര, സമീഹ സബ്നിസ്, അശ്വതി നമ്പൂതിരി, നിതേഷ് ഭാട്ടിയ, ഉത്കർഷിണി വസിഷ്ഠ, വിശാൽ ഭരദ്വാജ് എന്നിവർ ചേർന്നാണ് മൂന്നാം ഭാഗത്തിന്‍റെ കഥയ്ക്കു പിന്നിൽ.