

ധനുഷ്
തമിഴ് സിനിമയിലെ ശ്രദ്ധേയനായ നടൻ ധനുഷ് ചൊവ്വാഴ്ച തന്‍റെ 43ാം പിറന്നാൾ ആഘോഷിക്കുകയാണ്. അഭിനയത്തിനൊപ്പം നിർമാതാവ്, സംവിധായകൻ, ഗായകൻ, ഗാനരചയിതാവ് എന്നീ നിലകളിലും തിളങ്ങിയ താരം ഇന്ന് ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ സിനിമാതാരങ്ങളിൽ ഒരാളായി മാറിയിരിക്കുകയാണ്. വിവിധ റിപ്പോർട്ടുകൾ പ്രകാരം 2025ൽ ധനുഷിന്‍റെ ആസ്തി ഏകദേശം 230 കോടി രൂപയാണെന്നാണ് കണക്കാക്കപ്പെടുന്നത്.
1983 ജൂലൈ 28ന് ചെന്നൈയിൽ ജനിച്ച വെങ്കടേഷ് പ്രഭു കസ്തൂരി രാജ എന്ന ധനുഷ്, പിതാവ് കസ്തൂരി രാജ സംവിധാനം ചെയ്ത 'തുള്ളുവതോ ഇളമൈ' എന്ന ചിത്രത്തിലൂടെയാണ് 2002ൽ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് 'പൊല്ലാധവൻ', 'ആടുകളം', 'മാരി', 'വാത്തി', 'അനേഗൻ' തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ദേശീയതലത്തിൽ ശ്രദ്ധ നേടി. 2011ൽ പുറത്തിറങ്ങിയ 'വൈ ദിസ് കൊലവെരി ഡി' എന്ന ഗാനം യൂട്യൂബിൽ 100 ദശലക്ഷം കാഴ്ചകൾ നേടുന്ന ആദ്യ ഇന്ത്യൻ ഗാനമായി ചരിത്രം സൃഷ്ടിച്ചു. തുടർന്ന് 'റാഞ്ചനാ' എന്ന ചിത്രത്തിലൂടെ ബോളിവുഡിലും ശ്രദ്ധേയ സാന്നിധ്യമായി.
2010ൽ ധനുഷ് ആരംഭിച്ച വുണ്ടർബാർ ഫിലിംസ് ഇതിനകം 20ലേറെ സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. കൂടാതെ ധനുഷ് ഗ്ലോബൽ വെഞ്ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലൂടെ നിക്ഷേപങ്ങളും മറ്റു ബിസിനസ് പ്രവർത്തനങ്ങളും താരം നടത്തുന്നു. സിനിമയ്ക്ക് പുറത്തും സ്ഥിരമായ വരുമാനമാർഗങ്ങൾ സൃഷ്ടിച്ചിരിക്കുന്നത് അദ്ദേഹത്തിന്‍റെ സാമ്പത്തിക വളർച്ചയ്ക്ക് പ്രധാന കാരണങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.
ചെന്നൈയിലെ സമ്പന്ന മേഖലയായ പോയസ് ഗാർഡനിൽ സ്ഥിതിചെയ്യുന്ന ധനുഷിന്‍റെ നാല് നിലകളുള്ള ആഡംബര വസതിയ്ക്ക് ഏകദേശം 150 കോടി രൂപയാണ് വിലമതിക്കപ്പെടുന്നത്. 19,000 ചതുരശ്ര അടിയിലധികം വിസ്തൃതിയുള്ള ഈ വീട് നഗരത്തിലെ ഏറ്റവും വിലകൂടിയ സെലിബ്രിറ്റി വസതികളിലൊന്നാണ്. ആൽവാർപേട്ടിലും ഏകദേശം 18 കോടി രൂപ വിലവരുന്ന മറ്റൊരു ആഡംബര വീടും താരത്തിനുണ്ട്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളും നടത്തിയിട്ടുണ്ട്.
തമിഴ്, ഹിന്ദി, തെലുങ്ക് സിനിമകളിൽ സജീവമായ ധനുഷ് 'ദി ഗ്രേ മാൻ' എന്ന ഹോളിവുഡ് ചിത്രത്തിലും അഭിനയിച്ചു. ഒരു സിനിമയ്ക്ക് 20 കോടി മുതൽ 35 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്ന താരത്തിന് ബ്രാൻഡ് പരസ്യങ്ങളിൽ നിന്നുമുള്ള വരുമാനവും വൻതോതിലാണ്. കൂടാതെ റോൾസ് റോയ്സ് ഗോസ്റ്റ്, മെഴ്സിഡസ് ബെൻസ് എസ് ക്ലാസ്, ജഗ്വാർ എക്സ് ഇ, റേഞ്ച് റോവർ സ്പോർട് എച്ച്എസ്ഇ, ഫോർഡ് മസ്താങ് എന്നിവ ഉൾപ്പെടുന്ന ആഡംബര കാർ ശേഖരവും ധനുഷിന്‍റെ സ്വന്തമാണ്. "ഓം ചാപ്റ്റർ വൺ- യുദിരം: ദി ബ്ലഡ് വുഡ്' ആണ് താരത്തിന്‍റെ പുതിയ ചിത്രം.