ലഹരി ഉപയോഗിച്ച ഒരു പ്രധാന നടൻ മോശമായി പെരുമാറി: വിൻസി അലോഷ്യസ്
കൊച്ചി: ഒരു പ്രധാന നടൻ ലഹരി ഉപയോഗിച്ച ശേഷം തന്നോട് മോശമായി പെരുമാറിയെന്ന് നടി വിൻസി അലോഷ്യസിന്‍റെ വെളിപ്പെടുത്തൽ. തന്‍റെ അറിവിൽ ലഹരി ഉപയോഗിക്കുന്നവരുമായി ഇനി സിനിമയിൽ സഹകരിക്കില്ലെന്ന പ്രസ്താവന സംബന്ധിച്ച് വ്യക്തത വരുത്തുകയായിരുന്നു താരം.
സമൂഹ മാധ്യമത്തിലൂടെയാണ് നടി തനിക്കുണ്ടായ മോശം അനുഭവം വെളിപ്പെടുത്തിയത്. സിനിമ സൈറ്റിൽ വെച്ച് പ്രധാന നടൻ ലഹരി ഉപയോഗിച്ച് തന്നോടും സഹപ്രവർത്തകയോടും മോശമായി പെരുമാറിയെന്നാണ് വിൻസി പറയുന്നത്.
അവരെപ്പോലുള്ളവർക്ക് ഇപ്പോഴും സിനിമകളുണ്ടെന്നും താരം പറയുന്നു. അവരെ വച്ച് സിനിമകൾ ചെയ്യാനും ആളുകളുണ്ട്. സിനിമ തന്‍റെ ജീവിതത്തിന്‍റെ ഭാഗം മാത്രമാണെന്നും നടി വ്യക്തമാക്കി. സിനിമയില്ലെങ്കിൽ സിനിമയില്ല എന്നുപറയാനുള്ള മനോധൈര്യവും മനക്കട്ടിയുമുള്ള വ്യക്തിയാണ് താനെന്നും വിൻസി.
ലഹരി ഉപയോഗിക്കുന്നതായി തനിക്ക് ബോധ്യമുള്ളവര്‍ക്കൊപ്പം അഭിനയിക്കില്ലെന്ന് വിന്‍സി പറഞ്ഞ വീഡിയോ അടുത്തിടെ ഏറെ ചർച്ചയായിരുന്നു. നടിക്കെതിരേ സൈബർ ആക്രമണം നടക്കുന്ന തലം വരെയെത്തി കാര്യങ്ങൾ. ഇതോടെയാണ് തന്‍റെ തീരുമാനത്തിന്‍റെ കാരണം വ്യക്തമാക്കി വിൻസി രംഗത്തെത്തിയത്.
''എന്‍റെ വസ്ത്രം ശരിയാക്കാൻ പോയപ്പോൾ, 'ഞാൻ റെഡിയാക്കാൻ സഹായിക്കാം' എന്ന് പറഞ്ഞ് അദ്ദേഹത്തിനും എന്‍റെ കൂടെ വരണമായിരുന്നു. ഇത് എല്ലാവരുടെയും മുന്നിൽ വച്ചാണ് പറഞ്ഞത്, ഒരു സീൻ നോക്കുന്നതിനിടെ നടന്‍റെ വായിൽ നിന്ന് വെളുത്ത എന്തോ ഒന്ന് മേശപ്പുറത്തേക്ക് വീണു. അദ്ദേഹം സെറ്റിൽ മയക്കുമരുന്ന് ഉപയോഗിക്കുകയായിരുന്നു എന്നത് വളരെ വ്യക്തമായിരുന്നു, അത് ചുറ്റുമുള്ള എല്ലാവർക്കും ബുദ്ധിമുട്ടുണ്ടാക്കി. വ്യക്തിജീവിതത്തിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നത് ഒരു കാര്യം, എന്നാൽ അത് നിങ്ങളുടെ തൊഴിൽ സാഹചര്യത്തെ ബാധിക്കുമ്പോൾ, അത് അംഗീകരിക്കാനാവില്ല. അതിനെത്തുടര്‍ന്നാണ് അത്തരക്കാര്‍ക്കൊപ്പം അഭിനയിക്കില്ലെന്ന് തീരുമാനിച്ചത്''- വിൻസി സമൂഹമാധ്യമത്തിൽ കുറിച്ചു.
