

''എന്‍റെ പൊക്കം എവിടെടേ? കേന്ദ്രമന്ത്രിയെ ഇരുത്താമായിരുന്നു!'' വൈറലായി ഒരു 'മലയാള' പടം
തമിഴ് സിനിമാ താരങ്ങളുടെ എഐ ചിത്രത്തിന് പിന്നാലെ ഇപ്പോഴിതാ മലയാള നടന്മാർ ഒന്നിച്ചുള്ള ചിത്രം വൈറലായിരിക്കുകയാണ്. നാടന്മാർ ചായക്കടയ്ക്ക് മുന്നിൽ ഒന്നിച്ച് ചായകുടിക്കുന്ന ചിത്രമാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, പൃഥ്വിരാജ്, ദിലീപ് എന്നിവരാണ് ഈ എഐ ചിത്രത്തിലുള്ളത്. ഓൺലൈൻ പീപ്സ് എന്ന പോർട്ടലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
മോഹൻലാൽ ബെഞ്ചിലിരുന്ന് ചായകുടിക്കുന്നു. മറ്റുള്ളവർ ചുറ്റിനും നിൽക്കുന്നു, ഇതാണ് ചിത്രം. എന്നാൽ ചിത്രം വൈറലായതിനു പിന്നാലെ ചില പോരായ്മകളും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. അതിൽ പ്രധാനപ്പെട്ടത്, ജയറാമിനും സുരേഷ് ഗോപിക്കും പൊക്കം കുറഞ്ഞുപോയി എന്നതാണ്. ആ പൊക്കം ദിലീപിന് കിട്ടിയെന്നും കമന്‍റുകൾ വരുന്നു. കേന്ദ്രമന്ത്രിയെ കൂടി ബെഞ്ചിലിരുത്താമായിരുന്നു എന്നും അഭിപ്രായം ഉയരുന്നുണ്ട്.
അടുത്തിടെയാണ് സമാനമായ ഒരു തമിഴ് ചിത്രം വൈറലായിരുന്നു. രജ്നികാന്ത്, കമൽ ഹാസൻ, അജിത്, വിജയ്, സൂര്യ, ശിവകാർത്തികേയൻ എന്നിവരായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. ഈ ചിത്രം വൈറലായതിനു പിന്നാലെയാണ് ഇപ്പോൾ മലയാള നടന്മാരെ ഉൾപ്പെടുത്തി ചിത്രം എത്തിയിരിക്കുന്നത്.