Malayalam films collects Rs 1000 crore in 5 months
1000 കോടി ക്ലബ്ബിൽ മലയാളം സിനിമ

1000 കോടി ക്ലബ്ബിൽ മലയാളം സിനിമ

ഒന്നിനു പുറകെ ഒന്നായി ഹിറ്റുകൾ‍ നൽകിയ മലയാളം സിനിമ മേഖല, കഴിഞ്ഞ അഞ്ച് മാസം കൊണ്ട് 1000 കോടി രൂപയാണ് ആഗോള ബോക്സോഫീസില്‍ നിന്നു കളക്റ്റ് ചെയ്തത്.

പി.ജി.എസ്. സൂരജ്

തൊട്ടതെല്ലാം പൊന്നാക്കി മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നത്. 2024ന്‍റെ തുടക്കം മുതൽ റിലീസ് ചെയ്ത ചിത്രങ്ങളുടെ ലിസ്റ്റെടുത്താൽ 50 മുതൽ 200 കോടി വരെ കളക്ഷൻ നേടിയ സിനിമകൾ അനവധിയാണ്. 'ഭ്രമയു​ഗം, 'പ്രേമലു', 'മഞ്ഞുമ്മൽ ബോയ്സ്', 'ആടുജീവിതം', 'ആവേശം', 'ഗുരുവായൂരമ്പലനടയിൽ' എന്നിവ ഉദാഹരണം.

കഴിഞ്ഞ അഞ്ച് മാസം കൊണ്ട് 1000 കോടി രൂപയാണ് മലയാള സിനിമ ആഗോള ബോക്സോഫീസില്‍ നിന്നു കളക്റ്റ് ചെയ്തത്. ഒന്നിനു പുറകെ ഒന്നായി ഹിറ്റുകൾ‍ നേടിക്കൊണ്ട്, കഴിഞ്ഞ രണ്ട് പതിറ്റാണ്ടിന്‍റെ നഷ്ടങ്ങളുടെ കണക്കാണ് 2024ന്‍റെ പാതിയോടുകൂടി പലിശ സഹിതം വീട്ടിയിരിക്കുന്നത്. ഇതോടെ മലയാള സിനിമ സുവർണകാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നു നിസംയം പറയാം. സിനിമ മികച്ചതാണെങ്കില്‍ തിയെറ്ററുകളിലേക്ക് പ്രേക്ഷകരുടെ കുത്തൊഴുക്കായിരിക്കും എന്ന് അടിവരയിട്ട വിജയങ്ങളാണ് പോയ മാസങ്ങളില്‍ കണ്ടത്.

1. മഞ്ഞുമ്മൽ ബോയ്സ്

ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്ത സർവൈവൽ ത്രില്ലർ 'മഞ്ഞുമ്മൽ ബോയ്സ്' 75 ദിവസത്തെ തിയറ്റർ പ്രദർശനത്തിലൂടെ 240.94 കോടി നേടി. 200 കോടി ക്ലബിലെത്തിയ ആദ്യ മലയാള ചിത്രം എന്ന പദവിയും സ്വന്തമാക്കി. വെറും 21 ദിവസം കൊണ്ട് മലയാളത്തിലെ എക്കാലത്തെയും ഉയർന്ന ഗ്രോസറായി മാറിയ ചിത്രം എന്ന ലേബലും 'മഞ്ഞുമ്മൽ ബോയ്സ്' കരസ്ഥമാക്കി.

ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്‍റണി എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം 2024 ഫെബ്രുവരി 22നാണ് തിയറ്ററുകളിൽ റിലീസ് ചെയ്തത്. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിച്ച ചിത്രത്തിന്‍റെ ഓൾ ഇന്ത്യ ഡിസ്ട്രിബ്യൂഷൻ ശ്രീഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിർവഹിച്ചത്.

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലിംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

2. ആടുജീവിതം

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ബ്ലെസ്സിയുടെ സംവിധാനത്തിൽ എത്തിയ 'ആടുജീവിതം' 157.44 കോടി രൂപ നേടി രണ്ടാം സ്ഥാനത്ത് നിൽക്കുമ്പോൾ, മലയാളികൾക്ക് ഏറെ പരിചിതമായ ഒരു അതിജീവന കഥ ലോകമെമ്പാടുമുള്ള പ്രേക്ഷകഹൃദയങ്ങളെ ഈറനണിയിച്ചു. യഥാർഥ ജീവിതത്തെ ആധാരമാക്കി ബെന്യാമിൻ രചിച്ച 'ആടുജീവിതം' എന്ന നോവൽ ആസ്പദമാക്കിയായിരുന്നു സിനിമയുടെ ദൃശ്യാവിഷ്കരണം. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 2024 മാർച്ച് 28ന് റിലീസ് ചെയ്ത ചിത്രം ഒമ്പത് ദിവസം കൊണ്ട് 100 കോടി ഗ്രോസ് കളക്ഷനിലെത്തിയതോടെ ഇന്ത്യയിലെയും വിദേശത്തെയും പല പ്രദേശങ്ങളിലും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള സിനിമയായി മാറി.

കഷ്ടപ്പാടുകളിൽനിന്നു കരകയറാൻ ജന്മനാടും വീടും വിട്ട് വിദേശത്ത് ജോലിക്കെത്തിയ നജീബ് എന്ന ചെറുപ്പക്കാരന്‍റെ സഹനത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. ഓസ്കാർ അവാർഡ്‌ ജേതാക്കളായ എ.ആർ. റഹ്മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിച്ച ചിത്രത്തിൽ പൃഥ്വിരാജിന്‍റെ നായികയായെത്തിയത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്‍റെ ബാനറിൽ ബ്ലെസ്സി, ജിമ്മി ജീൻ ലൂയിസ്, സ്റ്റീവൻ ആഡംസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.

3. ആവേശം

തിയറ്ററുകളിൽ ആവേശപ്പെരുമഴ തീർത്ത ജിത്തു മാധവൻ-ഫഹദ്‌ ഫാസിൽ ചിത്രം 'ആവേശം' ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളിലാണ് നൂറ് കോടി ക്ലബ്ബിലെത്തിയത്. ആവേശത്തിന്‍റെ ടോട്ടല്‍ കളക്ഷന്‍ 153.52 കോടിയാണ്. 30 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയത്.

2024 ഏപ്രിൽ 11ന് റിലീസ് ചെയ്ത ഈ ചിത്രം 25 ദിവസത്തെ തിയറ്റർ പ്രദർശനത്തിനൊടുവിൽ മെയ് 9ന് ആമസോൺ പ്രൈമിൽ ഒടിടി റിലീസ് ചെയ്തു. അൻവർ റഷീദ് എന്‍റർടെയ്ൻ‌മെന്‍റ്സിന്‍റെ ബാനറിൽ അൻവർ റഷീദും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സിന്‍റെ ബാനറിൽ നസ്രിയ നസീമും ചേർന്നാണ് ചിത്രം നിർമിച്ചത്. ബംഗളൂരുവിന്‍റെ പശ്ചാത്തലത്തിൽ, ഒരു സംഘം മലയാളി കോളെജ് വിദ്യാർഥികളെയും അവരെ സഹായിക്കാൻ എത്തിയ ​രംഗൻ എന്ന ഗുണ്ടയുടെയും കഥ പറയുന്ന ചിത്രത്തിൽ ഫഹദ് ഫാസിലിന്‍റെ അസാമാന്യ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ''എട മോനെ...'' എന്ന രംഗണ്ണയുടെ ഡയലോഗും, രംഗണ്ണയുടെ വലം കൈയായ അമ്പാനുമെല്ലാം തിയെറ്ററുകളെ ഉത്സവാന്തരീക്ഷത്തില്‍ ത്രസിപ്പിച്ചു എന്നുതന്നെ പറയാം. ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ മൻസൂർ അലി ഖാൻ, സജിൻ ഗോപു, ഗെയ്മറും യൂട്യൂബറുമായ ഹിപ്സ്റ്റർ, മിഥുൻ ജയ്‌ശങ്കർ, റോഷൻ ഷാനവാസ് തുടങ്ങിയവരും അവതരിപ്പിച്ചു.

4. പ്രേമലു

'തണ്ണീർമത്തൻ ദിനങ്ങൾ', 'സൂപ്പർ ശരണ്യ' എന്നീ ചിത്രങ്ങൾക്കു ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത 'പ്രേമലു'വാണ് നാലാം സ്ഥാനത്ത്. 2024 ഫെബ്രുവരി 9ന് തിയെറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ആകെ നേടിയത് 135.9 കോടി രൂപയാണ്. ഭാവനാ സ്റ്റുഡിയോസിന്‍റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. ഈ റൊമാന്‍റിക് കോമഡി ചിത്രത്തിനു തിരക്കഥ രചിച്ചത് ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ്. ന‌സ്ലെനാണ് നായകൻ, മമിത ബൈജു നായികയും. ഹൈദരാബാദിന്‍റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയത്. മൗത്ത് പബ്ലിസിറ്റികൊണ്ട് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ഈ ചെറിയ ചിത്രത്തിലൂടെ, 100 കോടി ക്ലബ്ബിൽ കയറുന്ന ഏറ്റവും പ്രായം കുറഞ്ഞ നടനായി നസ്ലെൻ മാറുകയും ചെയ്തു.

5. ഭ്രമയുഗം

'The Age of Madness' എന്ന ടാഗ് ലൈനോടെ 2024 ഫെബ്രുവരി 15ന് തിയറ്റർ റിലീസ് ചെയ്ത 'ഭ്രമയുഗം' മുഴുനീള ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ഒരുക്കിയത്. തിയെറ്ററുകളിൽ ഭീതി പടർത്താനും പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താനും ചിത്രത്തിനു സാധിച്ചതോടെ 54 കോടി കളക്ഷനും നേടി. കൊടുമണ്‍ പോറ്റിയും ചാത്തനുമായുള്ള മമ്മൂട്ടിയുടെ പകര്‍ന്നാട്ടം പ്രേക്ഷകരില്‍ ഒരേ സമയം സംഭ്രമവും അദ്ഭുതവും ഉളവാക്കി. നോട്ടത്തിലും ഡയലോഗ് ഡെലിവറിയിലുമെല്ലാമുള്ള മമ്മൂട്ടിയുടെ വിസ്മയിപ്പിക്കുന്ന പ്രകടനം തന്നെയാണ് ഭ്രമയുഗത്തിന്‍റെ ഹൈലൈറ്റ്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ പ്രദർശനത്തിനെത്തിയ ചിത്രം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്‍റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രയും എസ്. ശശികാന്തും ചേർന്നാണ് നിർമിച്ചത്. അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമൽഡ ലിസ് എന്നിവരും ചിത്രത്തിലുണ്ട്. കൊച്ചിയിലും ഒറ്റപ്പാലത്തും അതിരപ്പിള്ളിയിലുമായാണ് ചിത്രീകരണം പൂർത്തീകരിച്ചത്.

6. ഗുരുവായൂരമ്പലനടയിൽ

'ജയ ജയ ജയ ജയഹേ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്ത 'ഗുരുവായൂരമ്പലനടയിൽ' മികച്ച പ്രതികരണങ്ങളോടെ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. 2024 മേയ് 16ന് തിയെറ്റർ റിലീസ് ചെയ്ത ചിത്രം ആദ്യവാരത്തിൽ തന്നെ 50 കോടി കളക്ഷൻ പിന്നിട്ടു.

ഇതോടെ 2024ന്‍റെ പാതിയായപ്പോഴേക്കും ആകെ 1000 കോടി രൂപയാണ് മലയാളം ഫിലിം ഇന്‍റസ്ട്രി കൈയടക്കിയത്. 'കുഞ്ഞിരാമായണം' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ദീപു പ്രദീപ് രചന നിർവഹിച്ച 'ഗുരുവായൂരമ്പലനടയിൽ' പൃഥ്വിരാജ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സുപ്രിയ മേനോനും ഇ ഫോർ എന്‍റർടൈൻമെന്‍റിന്‍റെ ബാനറിൽ മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവരും ചേർന്നാണ് നിർമിച്ചത്.

logo
Metro Vaartha
www.metrovaartha.com