'യേട്ടൻ വരുന്ന ദിനമേ'..: 75 വയസിലെത്തിയ മലയാളത്തിലെ ആദ്യ പിന്നണി ഗാനത്തിനൊരു പുനരാവിഷ്കാരം

മലയാളത്തിലെ നാലാമത്തെ ശബ്ദചിത്രം നിര്‍മ്മലയില്‍ ആദ്യമായൊരു പിന്നണി ഗാനം പിറവിയെടുക്കുന്നു. ലക്ഷോപലക്ഷം പിന്നണി ഗാനപരമ്പരയുടെ ലളിതമായ തുടക്കം. 1948 ഫെബ്രുവരി 25-നാണു നിര്‍മ്മല തിയെറ്ററുകളിലെത്തിയത്
'യേട്ടൻ വരുന്ന ദിനമേ'..: 75 വയസിലെത്തിയ മലയാളത്തിലെ ആദ്യ പിന്നണി ഗാനത്തിനൊരു പുനരാവിഷ്കാരം

അനൂപ് കെ. മോഹൻ

എഴുപത്തഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, മലയാളത്തിന്‍റെ ഭൂതകാലക്കൊട്ടകയില്‍ ഒരു ഗാനം ഒഴുകിപ്പരന്നു. യേട്ടന്‍ വരുന്ന ദിനമേ.... കാലം ആ ഗാനത്തെ മലയാള സിനിമയിലെ ആദ്യ പിന്നണി ഗാനമെന്നു രേഖപ്പെടുത്തി. അതൊരു ചരിത്രം തന്നെയായിരുന്നു. മലയാളത്തിലെ നാലാമത്തെ ശബ്ദചിത്രം നിര്‍മ്മലയില്‍ ആദ്യമായൊരു പിന്നണി ഗാനം പിറവിയെടുക്കുന്നു. പിന്നീടിങ്ങോട്ടു പുറത്തിറങ്ങിയ ലക്ഷോപലക്ഷം പിന്നണി ഗാനപരമ്പരയുടെ ലളിതമായ തുടക്കം. 1948 ഫെബ്രുവരി 25-നാണു നിര്‍മ്മല തിയെറ്ററുകളിലെത്തിയത്. എഴുപത്തഞ്ചു വർഷങ്ങൾക്കിപ്പുറം വീണ്ടുമൊരു ഫെബ്രുവരിയിൽ, പ്ലാറ്റിനം ജൂബിലിയുടെ പെരുമയിലെത്തുമ്പോള്‍ യേട്ടന്‍ വരുന്ന ദിനമേ എന്ന ഗാനത്തിന്‍റെ പുനരാവിഷ്‌കാരം ശ്രദ്ധ നേടുന്നുണ്ട്.

കേരള ടാക്കീസിന്‍റെ ബാനറില്‍ ആര്‍ട്ടിസ്റ്റ് പി. ജെ. ചെറിയാന്‍ നിര്‍മിച്ച് പി. വി. കൃഷണയ്യര്‍ സംവിധാനം ചെയ്ത ചിത്രമാണു നിര്‍മ്മല. യേട്ടൻ വരുന്ന ദിനമേ എന്ന ഗാനം രചിച്ചതു മഹാകവി ജി. ശങ്കരക്കുറുപ്പും, സംഗീതം പകർന്നതു ഇട്ടൂത്തറ വാര്യരുമാണ്. ആലാപനം വിമല ബി. വര്‍മ്മയും. സിനിമാ ചരിത്രത്തിൽ ഏറെ പ്രാധാന്യമുണ്ടായിട്ടും, ഇപ്പോൾ ആ ഗാനാവിഷ്‌കാരത്തിന്‍റെ ദൃശ്യങ്ങള്‍ ലഭ്യമല്ല. സിനിമയുടെ പ്രിന്‍റ് നഷ്ടപ്പെട്ടു. എങ്ങനെയായിരുന്നു മലയാളത്തിലെ ആദ്യ പിന്നണി ഗാനം ദൃശ്യവത്ക്കരിച്ചതെന്നത് പുതുതലമുറയ്ക്ക് ഇന്നും അജ്ഞാതം. അത്തരമൊരു പശ്ചാത്തലത്തിലാണു യേട്ടന്‍ വരുന്ന ദിനമേ എന്ന ഗാനത്തിന്‍റെ പുനരാവിഷ്കാരത്തിനു പ്രാധാന്യമേറെയാണ്.

വരികളില്‍ സാഹോദര്യത്തെ ചേര്‍ത്തുനിര്‍ത്തുന്ന ആശയം ഉള്‍ക്കൊണ്ട്, രണ്ടു കാലഘട്ടങ്ങളിലെ സാഹോദര്യ സ്‌നേഹബന്ധം ഹൃദയസ്പര്‍ശിയായി ദൃശ്യവല്‍ക്കരിച്ചിരിക്കുകയാണെന്നു പറയുന്നു ഈ പുനരാവിഷ്‌കാരത്തിന്‍റെ സംവിധായകന്‍ എം. എസ്. വേദാനന്ദ് (സുനിൽകുമാർ എം.എസ്). ആ ഗാനത്തോട് തോന്നിയ ആരാധനയില്‍ നിന്നാണു പുനരാവിഷ്‌കാരം എന്ന ആശയത്തിലേക്ക് എത്തിയത്. ഒരു വര്‍ഷത്തോളം ഇതിനെക്കുറിച്ച് ഗവേഷണം നടത്തി. അതിനു ശേഷമാണു റീക്രിയേറ്റ് ചെയ്യാന്‍ തീരുമാനിച്ചത്. വരികളെ അടിസ്ഥാനപ്പെടുത്തി കഥാഘടന രൂപപ്പെടുത്തുകയായിരുന്നു. സഹോദരബന്ധത്തിന്‍റെ ആഴം വ്യക്തമാക്കുന്ന വിധത്തിലായിരുന്നു ദൃശ്യവല്‍ക്കരണം, വേദാനന്ദ് പറയുന്നു. അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ സാന്നിധ്യം അറിയിച്ച മിത്ത് എന്ന സിനിമയുടെ രചയിതാവും സംവിധായകനുമാണു വേദാനന്ദ്. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം കൊച്ചി നഗരസഭ എൻജിനിയറിങ് വിഭാഗം ഉദ്യോഗസ്ഥനാണ്.

ജിഎസ് വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ പി പി സുബ്രഹ്‌മണ്യന്‍ നിര്‍മിച്ച് ഓം പ്രകാശ് ബി ആര്‍ അവതരിപ്പിക്കുന്ന യേട്ടന്‍ വരുന്ന ദിനമേ ആവിഷ്‌കാരത്തില്‍ ഒരു പ്രധാന കഥാപാത്രമായി മഡോണ സെബാസ്റ്റ്യനുണ്ട്. ഡോ. ഗായത്രി സുബ്രഹ്‌മണ്യന്‍ നൃത്തസംവിധാനം നിര്‍വഹിച്ചിരിക്കുന്നു. പ്രമോദ് രാജ്, നിധീഷ് വേക, എന്നിവര്‍ ഛായാഗ്രഹണവും ഷാന്‍ ആഷിഫ് ചിത്രസംയോജനവും, ലാല്‍ കരമന ചമയവും, ഉണ്ണിലാല്‍ കലയും നിര്‍വഹിച്ചു. അസോസിയേറ്റ് അജു നന്ദന്‍, വിവിന വിതുര. നിശ്ചലഛായാഗ്രഹണം ഷാനി തൊടുപുഴ. പരസ്യകല യെല്ലോ ടൂത്ത്. സുബ്ബലക്ഷ്മി, ഓം പ്രകാശ് ബി ആര്‍, ഗോമതി അമ്മാള്‍, ജ്യോത്സ്‌ന, പ്രദീപ് എസ് എന്‍, വിഷ്ണു മോഹന്‍, ഫക്രു പൊന്നാനി, റഹിമാന്‍ പോക്കര്‍, ജിതീഷ് എന്നിവരാണ് മറ്റഭിനേതാക്കള്‍. മലയാള സിനിമയുടെ ഈറ്റില്ലമായിരുന്ന മെരിലാന്‍ഡായിരുന്നു പ്രധാന ലൊക്കേഷൻ.

എം. എസ്. വേദാനന്ദ്
എം. എസ്. വേദാനന്ദ്

മലയാള സിനിമാചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ചിത്രമായിരുന്നു നിര്‍മ്മല. കേരളത്തില്‍ നിന്നും ആദ്യമായി രജിസ്റ്റര്‍ ചെയ്യപ്പെട്ട പ്രൊഡക്ഷന്‍ കമ്പനിയായ കേരള ടാക്കീസിന്‍റെ ബാനറില്‍ ഒരുങ്ങിയ ചിത്രം. ആദ്യമായി അണിയറയില്‍ ഏറെ മലയാളികള്‍ അണിനിരന്ന ചിത്രവും. മലയാളത്തിലെ ആദ്യത്തെ എന്ന വിശേഷണം ചേര്‍ന്നു നില്‍ക്കുന്ന ഒരുപാട് ഘടകങ്ങള്‍ ഈ സിനിമയ്‌ക്കൊപ്പമുണ്ട്. പതിനാലോളം പാട്ടുകളുണ്ടായിരുന്നു നിര്‍മ്മലയില്‍. അക്കാലത്തു രണ്ടു ലക്ഷത്തോളം രൂപ ചെലവഴിച്ചു നിർമിച്ച ചിത്രം. മലയാള സംഗീത നാടക രംഗത്തെ അനുഭവങ്ങളുടെ കരുത്തിൽ നിർമ്മലയിലൂടെ വലിയൊരു ഉദ്യമത്തിനാണ് ആർട്ടിസ്റ്റ് പി ജെ ചെറിയാൻ ഇറങ്ങിത്തിരിച്ചത്. പിന്നീടതു മലയാള സിനിമയുടെ ചരിത്രത്തിലെ വലിയൊരു നാഴികക്കല്ല് തന്നെയായി മാറുകയായിരുന്നു, കാലത്തിനിപ്പുറവും ഓർമിക്കപ്പെടുന്ന വിധത്തിൽ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com