'രാജാസാബി'ലെ മലയാളി സാന്നിധ്യം; പ്രഭാസ് ചിത്രത്തിനു സെറ്റൊരുക്കിയ തലശ്ശേരിക്കാരൻ

42,000 സ്ക്വയർ ഫീറ്റ് വലുപ്പമുള്ള പ്രേതക്കൊട്ടാരം അടക്കം മുപ്പതോളം സെറ്റുകളാണ് കലാ സംവിധായകൻ രാജീവ് നമ്പ്യാർ തയാറാക്കിയിരിക്കുന്നത്
Rajeev nambiar, Malayali art director of Prabhas movie Raajasab

രാജീവ് നമ്പ്യാർ

Updated on

ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായി റിലീസിനൊരുങ്ങുന്ന റിബൽ സ്റ്റാർ പ്രഭാസിന്‍റെ ഹൊറർ ഫാന്‍റസി ത്രില്ലർ 'രാജാസാബി'ന്‍റെ അമ്പരപ്പിക്കുന്ന ലൊക്കേഷൻ വിശേഷങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ടി.ജി. വിശ്വപ്രസാദ് നിർമിച്ച് മാരുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രധാന രംഗങ്ങള്‍ ഉള്‍പ്പെടെ ചിത്രീകരിക്കുന്നത് 42,000 ചതുരശ്ര അടി വലുപ്പമുള്ള കൂറ്റൻ പ്രേതക്കൊട്ടാരത്തിലാണ്. തലശ്ശേരിക്കാരനായ രജീവൻ നമ്പ്യാരാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പ്രേതക്കൊട്ടാരത്തിന്‍റെ മാതൃകയിൽ ഈ വമ്പൻ സെറ്റ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിനായി ഹൈദരാബാദിലെ വിവിധയിടങ്ങളിലായി മുപ്പതോളം സെറ്റുകളാണ് ആർട്ട് ഡയറക്റ്റർ രാജീവൻ നമ്പ്യാർ ഒരുക്കിയിരിക്കുന്നത്.

മലയാളത്തിൽ 'ഉദയനാണ് താരം', 'കാണ്ടഹാർ' എന്നീ സിനിമകളുടെ ആർട്ട് ഡയറക്റ്ററായിരുന്നു രാജീവൻ നമ്പ്യാർ. 1994 മുതൽ സിനിമാലോകത്തുള്ള അദ്ദേഹം തമിഴിൽ കാക്ക കാക്ക, വേട്ടയാട് വിളയാട്, വല്ലവൻ, സില്ലിന് ഒരു കാതൽ, ഭീമ, വാരണം ആയിരം, അയൻ, വിണ്ണൈത്താണ്ടി വരുവായ, പയ്യ, ഏഴാം അറിവ്, അഞ്ചാൻ, ജില്ല, കാശ്മോര തുടങ്ങിയ ശ്രദ്ധേയ സിനിമകളിലും തെലുങ്കിൽ നാൻ പേര് സൂര്യ, ധ്രുവ, ഗ്യാങ് ലീഡർ, സെയ്റാ നരസിംഹ റെഡ്ഡി, വക്കീൽ സാബ് തുടങ്ങിയ നിരവധി സിനിമകളിലും കലാസംവിധാനം നിർവഹിച്ചിട്ടുണ്ട്. മലയാളത്തിൽ ജയസൂര്യ നായകനായെത്തുന്ന 'കത്തനാർ' എന്ന സിനിമയും അഖിൽ സത്യൻ - നിവിൻ പോളി സിനിമയുമാണ് അടുത്തതായി രാജീവൻ നമ്പ്യാരുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങൾ.

'ചെയ്യുന്ന എല്ലാ സെറ്റും വ്യത്യസ്തമായി ചെയ്യാൻ ശ്രമിക്കാറുണ്ട്, രാജാസാബിൽ ഗോസ്റ്റ് എലമെന്‍റ് കൊണ്ട് വരാൻ വേണ്ടി നിറം, ആകൃതി അങ്ങനെ എല്ലാം വ്യത്യസ്തമാക്കിയാണ് ചെയ്തത്. ഭിത്തികള്‍ക്ക് കോർണറുകള്‍ കൊടുക്കാതെ കർവ്ഡ് ആക്കിയാണ് ചെയ്തത്, ഒരു ഗോസ്റ്റ്‌ലി ഫീൽ കിട്ടാൻ വേണ്ടിയിട്ടാണത്. മൂന്ന് മാസത്തോളമെടുത്തായിരുന്നു ഡിസൈൻ പൂർത്തിയാക്കിയത്. രണ്ടരമാസത്തോളമായി 1200-ഓളം പേരുടെ അധ്വാനം ഈ സെറ്റ് ഒരുക്കിയതിന് പിന്നിലുണ്ട്. സെറ്റ് കണ്ട ശേഷം പ്രഭാസ് ഏറെ എക്സൈറ്റഡ് ആയിരുന്നു', രാജീവൻ നമ്പ്യാർ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും വലിയ ഹൊറർ-ഫാന്‍റസി സെറ്റിനുള്ളിൽ ഒരുക്കിയ ടീസർ ലോഞ്ച് ഇവന്‍റ് കഴിഞ്ഞ ദിവസം നടന്നിരുന്നു. ക്ഷണിക്കപ്പെട്ട മാധ്യമങ്ങള്‍ക്ക് സെറ്റ് സന്ദർശിക്കുന്നതിനുള്ള അവസരവും ഒരുക്കിയിരുന്നു. ഫാമിലി എൻ്റർടെയ്‌നറായെത്തിയ ‘പ്രതി റോജു പാണ്ഡഗെ’, റൊമാൻ്റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ രാജാ സാബ്’. സമാനതകളില്ലാത്ത സ്റ്റൈലിലും സ്വാഗിലും കരിയറിൽ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ളൊരു പുതുപുത്തൻ വേഷപ്പകർച്ചയിലാണ് ചിത്രത്തിൽ പ്രഭാസ് എത്തുന്നത് എന്നാണ് ടീസർ നൽകുന്ന സൂചന. ഡിസംബർ അഞ്ചിനാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

മാളവിക മോഹനനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിർമിക്കുന്നത്. വിവേക് കുച്ചിബോട്ലയാണ് സഹനിർമാതാവ്. തമൻ എസ്. സം​ഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോ​ഗ്രഫി: രാം ലക്ഷ്മൺ മാസ്റ്റേഴ്‌സ്, കിംഗ് സോളമൻ, വിഎഫ്എക്‌സ്: ബാഹുബലി ഫെയിം ആർ.സി. കമൽ കണ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ് എൻ കെ, പി.ആർ.ഒ.: ആതിര ദിൽജിത്ത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com