മലയാളിയുടെ മറാഠി ചിത്രം രാത്രിച്ചാ പാവൂസ് ശ്രദ്ധ നേടുന്നു

നാലു ദിവസം മുമ്പു റിലീസ് ചെയ്ത രാത്രിച്ചാ പാവൂസ് എന്ന മറാഠി സിനിമ പ്രേക്ഷകശ്രദ്ധ നേടി മുന്നേറുകയാണ്
മലയാളിയുടെ മറാഠി ചിത്രം രാത്രിച്ചാ പാവൂസ് ശ്രദ്ധ നേടുന്നു

ഹണി വി. ജി.

മറാത്തി സിനിമയിൽ ഒരു മലയാളിയുടെ കൈയൊപ്പ് പതിയുകയാണ്. നാലു ദിവസം മുമ്പു റിലീസ് ചെയ്ത രാത്രിച്ചാ പാവൂസ് എന്ന മറാത്തി സിനിമ ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടി മുന്നേറുകയാണ്. മലയാളിയായ ഷൈൻ രവി കഥ തിരക്കഥ സംവിധാനം എന്നിവ നിർവഹിച്ച ചിത്രം ഏഴോളം ഫിലിം ഫെസ്റ്റിവലിൽ നിന്നും 9 പുരസ്കാരങ്ങൾ ഇതിനകം കരസ്ഥമാക്കിയിട്ടുണ്ട്. സുമി, ഡോഗ്‌മെ 95 എന്നീ ബാനറുകളിലാണു ചിത്രം നിർമിച്ചിരിക്കുന്നത്.

പാതി മലയാളിയായ യുവനടി അഭിരാമി ബോസാണു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരിക്കുന്നത്. മികച്ച അഭിനയമുഹൂർത്തങ്ങൾ കാഴ്ച്ചവച്ച അഭിരാമിയും ഫിലിം ഫെസ്റ്റിവലുകളിൽ ഈ ചിത്രത്തിലൂടെ അംഗീകാരം നേടിയിരുന്നു.മുംബൈയിൽ പരസ്യചിത്രം, ഷോർട്ട് ഫിലിം, കോർപറേറ്റ് ഫിലിം സംവിധാനരംഗത്തു തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ചയാളാണു ഷൈൻ രവി. ഈ രംഗങ്ങളിലെ അനുഭവപരിചയം കരുത്താക്കിയാണു ഫീച്ചർ ഫിലിം രംഗത്തേക്ക് എത്തുന്നത്. മലയാള ചലച്ചിത്ര സംവിധായകൻ പ്രിയനന്ദന്‍റെ അസിസ്റ്റന്‍റ് ഡയറക്ടർ ആയി പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ പുതിയ മലയാള ചലച്ചിത്രത്തിന്‍റെ പണിപ്പുരയിലാണു ഷൈൻ രവി.

ആദ്യത്തെ സിനിമ തന്നെ ശ്രദ്ധിക്കപ്പെട്ടതിൽ വളരെയധികം സന്തോഷത്തിലും ഉത്സാഹത്തിലുമാണ് ഷൈൻ. ജീവിതത്തിൽ നിന്നു കണ്ടതും സ്പർശിച്ചതുമായ പല അനുഭവങ്ങളും മുഹൂർത്തങ്ങളും ഈ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നു മെട്രോ വാർത്തയോട് സംസാരിക്കവെ ഷൈൻ രവി പറഞ്ഞു. സ്ത്രീക്ക് പറയാനുള്ള അത്രയും കഥകൾ പുരുഷനില്ല. അതാണു സ്ത്രീക്ക് പ്രാധാന്യമുള്ള കഥ തിരഞ്ഞെടുക്കാൻ പ്രധാന കാരണം. പുരാണത്തിലും അതു തന്നെയാണുള്ളത്. ഇത്തരം കഥകൾ ഇനിയും ഉണ്ടാകണം, ഷൈൻ രവി പറയുന്നു. മഹാരാഷ്ട്ര ലാത്തൂരിലെ വരൾച്ചയും മറ്റും സിനിമയിൽ ഇതിവൃത്തമാകുന്നുണ്ട്. തൃശൂർ ജില്ലയിലെ മതിലകം സ്വദേശിയായ ഷൈൻ രവി കഴിഞ്ഞ 20 വർഷമായി മുംബൈ നിവാസിയാണ്.

ചിത്രത്തിൽ അഭിരാമി ബോസ് അവതരിപ്പിച്ച മാനസി എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്‍റെ കഥാമുഹൂർത്തങ്ങൾ മുന്നോട്ടു സഞ്ചരിക്കുന്നത്. ആദ്യ ചിത്രത്തിൽ തന്നെ ഇത്രയും പ്രധാനപ്പെട്ട കഥാപാത്രം കിട്ടിയ സന്തോഷത്തിലാണ് അഭിരാമി. "ഇത്രയേറെ അഭിനയ പ്രാധ്യാന്യമുള്ള ഒരു കഥാപാത്രം കിട്ടുക എന്നതൊരു വലിയ ഭാഗ്യമാണ്, അതും ഈ കഥാപാത്രത്തിലാണ് കഥ മുഴുവനും, എന്‍റെ ജീവിതത്തിൽ തന്നെ ഏറ്റവും വലിയ ഭാഗ്യമായി ഞാൻ ഇതിനെ കാണുന്നു. റിയലിസ്റ്റിക് സിനിമ എന്നു തന്നെ ഇതിനെ നൂറു ശതമാനവും പറയാം." അഭിരാമി പറയുന്നു.

മഹാരാഷ്ട്രയിലെ ലാത്തൂരിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നും മുംബൈ മഹാനഗരത്തിൽ എത്തിപ്പെടുന്ന മാനസിയുടെ ജീവിതത്തിൽ ഉണ്ടാകുന്ന അപ്രതീക്ഷിതമായ സംഭവങ്ങളിൽ നിന്നുമാണ് കഥ ആരംഭിക്കുന്നത്. മലയാളത്തിലെ വാനമ്പാടി കെ എസ് ചിത്ര ആദ്യമായി ഒരു മറാത്തി ചിത്രത്തിൽ ഗാനം ആലപിച്ചു എന്നതും ഈ ചിത്രത്തിന്‍റെ മറ്റൊരു സവിശേഷതയാണ്.

സിനിമയിൽ ലക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മലയാളിയായ രാഹുൽ നായർ ഇതിനോടകം തന്നെ പ്രേക്ഷകരുടെ കയ്യടി നേടി കഴിഞ്ഞു. മുംബൈ നാടക രംഗത്ത് നിരവധി വർഷങ്ങളായി നിറഞ്ഞു നിൽക്കുന്ന രാഹുൽ നായർ നൂറിനടുത്തു വേദികളിൽ നാടകം അവതരിപ്പിച്ചിട്ടുണ്ട്. ഒരുപാട് കഴിവുള്ള ഈ യുവനടനും സിനിമാ ലോകത്തേക്കുള്ള കാൽവെപ്പായി രാത്രിച്ചാ പാവൂസ്. ശ്രദ്ധേയമായ കഥാപാത്രമായി യുവനടൻ ഓംകാർ ചിത്ര എന്ന സഞ്ജുവുമുണ്ട്. കിരൺ പാട്ടീൽ, ഹൃഷികേശ് പാട്ടിൽ, ഉത്കൃഷ്, ജിജോയ് രാജഗോപാൽ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com