

മല്ലിക സുകുമാരനും പൃഥ്വിരാജും | ദിലീസ്
അമ്മ സംഘടനയിൽ നിന്ന് പൃഥ്വിരാജിന് നേരിട്ട വിലക്കിനെ കുറിച്ച് തുറന്നു പറഞ്ഞ് നടി മല്ലിക സുകുമാരൻ. പൃഥ്വിരാജും ദിലീപും തമ്മിലുള്ള പ്രശ്നങ്ങളെക്കുറിച്ചും നടി സംസാരിക്കുന്നുണ്ട്. അടുത്തിടെ മല്ലിക സുകുമാരൻ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത്.
അമ്മ എന്ന് പറയുന്ന സംഘടന ഉണ്ടാക്കിയ സമയത്തെ ഉദ്ദേശങ്ങളൊക്കെ വളരെ നല്ലതായിരുന്നുവെന്നും പിന്നീടാണ് അത് ഗ്രൂപ്പിസത്തിലേക്ക് കടന്നതെന്നും മല്ലിക പറയുന്നു. പൃഥ്വിരാജിന് വിലക്ക് വന്നതും അതിന് ശേഷം പൃഥ്വിയെ അഭിനയിപ്പിക്കേണ്ടെന്ന് ദിലീപ് പറഞ്ഞതായും ആരോപണങ്ങൾ വന്നിരുന്നു. എന്നാൽ ഇതുവരെ ഇക്കാര്യത്തെക്കുറിച്ച് ദിലീപിനോട് താൻ സംസാരിച്ചിട്ടില്ലെന്നും മല്ലിക പറയുന്നു.
പിന്നെ ദിലീപ് സംഘടനകളൊക്കെ രണ്ടാക്കി എല്ലാത്തിന്‍റെയും തലപ്പത്ത് എത്തിയെന്ന വാർത്തയാണ് കേൾക്കുന്നത്. രാജു പണ്ട് അമ്മയിലുള്ള സമയത്ത് മാപ്പ് പറയണമെന്ന് പറഞ്ഞ സമയമുണ്ട്. അവൻ ഖേദം പ്രകടിപ്പിച്ച സമയത്ത് രണ്ട് മൂന്ന് പേർ മുദ്രാവാക്യം വിളിച്ച് പോയി. അതാരൊക്കെ ആയിരുന്നു എന്ന് എല്ലാവർക്കും അറിയാം. അവരുടെ പേരും വെളിപ്പെടുത്താം. ഗണേശ്, സിദ്ദിഖ്, ദിലീപ് എന്നിവർ പൃഥ്വിരാജിനെതിരായിരുന്നു. ഖേദം പറഞ്ഞാൽ പോര മാപ്പ് പറയണമെന്ന് പറഞ്ഞു. പക്ഷെ എനിക്കവരോടൊന്നും വിരോധമില്ല. നന്ദിയുള്ളത് മമ്മൂട്ടിയോട് മാത്രമാണ്. ഇത് ഇങ്ങനെ തീരുവാണെങ്കിൽ തീരട്ടെ എന്ന് പറഞ്ഞത് മമ്മൂട്ടിയാണെന്നും മല്ലിക വെളിപ്പെടുത്തി.
പൃഥ്വി കയറി വരുമോയെന്ന ഭയം ദിലീപിന് ഉണ്ടായിരുന്നുവെന്നൊക്കെയാണ് ആരോപണങ്ങൾ വന്നത്. ഞാൻ ആ സമയത്ത് ദിലീപിന്‍റെ അമ്മയായി രാജസേനൻ പടത്തിൽ അഭിനയിച്ചിട്ടുണ്ട്. ദിലീപ് എന്നോട് ആ സമയത്ത് ഒരു പിണക്കവും കാണിച്ചിട്ടില്ലെന്നും നടി പറയുന്നു. സുകുവേട്ടന്‍റെ അവസരങ്ങൾ ഇല്ലാതാക്കിയതുപോലെ രാജുവിന്‍റേയും അവസരങ്ങൾ ഇല്ലാതാകുമോ എന്ന് ഭയമുണ്ടായിരുന്നുവെന്നും അവർ പറയുന്നു. അതിന് ശേഷമാണ് നടിയെ ആക്രമിച്ച കേസൊക്കെ വരുന്നതെന്നും താരം പ്രതികരിച്ചു.