

മമിത ബൈജു, സംഗീത് പ്രതാപ്
ആഷിക്ക് ഉസ്മാൻ പ്രൊഡക്‌ഷൻസിന്‍റെ ബാനറിൽ ആഷിക് ഉസ്‌മാൻ നിർമിച്ച് ഡിനോയ് പൗലോസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ഹലോ ഡിയർ എന്നു നാമകരണം ചെയ്തിരിക്കുന്നു.
യുവതലമുറക്കാരുടെ ഹരമായി മാറിയിരിക്കുന്ന മമിത ബൈജുവും സംഗീത് പ്രതാപും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഇരുവരുടെയും കൗതുകകരമായ ഫസ്റ്റ് ലുക്കോടെയാണ് ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തുവിട്ടിരിക്കുന്നത്.
പൂർണമായും റൊമാന്‍റിക്ക് കോമഡി ഴോണറിൽ അവതരിപ്പിക്കുന്ന ചിത്രമാണ് ഹലോ ഡിയർ. ഒരു മെട്രൊ നഗരത്തിന്‍റെ പശ്ചാത്തലത്തിലൂടെ യൂത്തിന്‍റെ വികാര വിചാരങ്ങൾക്കനുസരിച്ചാണ് കഥാ പുരോഗതി.
വൻ വിജയം നേടിയ തണ്ണീർമത്തൻ ദിനങ്ങളുടെ തിരക്കഥ രചിച്ച ഡിനോയ് പൗലോസ് സംവിധായകനാകുന്ന ഹലോ ഡിയർ, ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ ഇരുപതാമത് ചിത്രം കൂടിയാണ്.
ചിത്രീകരണം പൂർത്തിയായി വരുന്നതിനിടയിലാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്. സംഗീത് പ്രതാപ്, മമിത ബൈജു എന്നിവർക്കു പുറമേ സുരേഷ് കൃഷ്‌ണയും പ്രധാന വേഷത്തിലെത്തുന്നു. ഇവർക്കു പുറമേ ഏതാനും പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. ഛായാഗ്രഹണം - അഖിൽ ജോർജ്, എഡിറ്റിങ് - ചമൻ ചാക്കോ.