മലയാളത്തിന്‍റെ താരനിര ഡൽഹിയിൽ; മമ്മൂട്ടി ഉപരാഷ്ട്രപതിയെ കണ്ടു

രാജ്യ തലസ്ഥാനത്തെത്തിയ മമ്മൂട്ടിയും ഭാര്യ സുൽഫത്തും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, സാഹിത്യകാരൻ എം. മുകുന്ദൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
Mammootty, wife Sulfath meet Vide-President Jagdeep Dhankar and his wife Sudhesh
മമ്മൂട്ടിയും ഭാര്യ സുൽഫത്തും ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ, ഭാര്യ സുധേഷ് ധൻകർ എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്നു.
Updated on

ന്യൂഡൽഹി: 'ന്യൂഡൽഹി'ക്കും 'കിങ് ആൻഡ് കമ്മിഷണറിനും' ശേഷം ഷൂട്ടിങ്ങിനായി മമ്മൂട്ടി രാജ്യതലസ്ഥാനത്തെത്തി. ആന്‍റോ ജോസഫ് നിർമിച്ച് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഡൽഹിയിലെ ഷൂട്ടിങ്ങിനാണ് മമ്മൂട്ടി എത്തിയത്. മോഹൻലാലും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകറും ഭാര്യ സുധേഷ് ധൻകറുമായും മമ്മൂട്ടിയും ഭാര്യ സുൽഫത്തും കൂടിക്കാഴ്ച നടത്തി. ജോൺ ബ്രിട്ടാസ് എംപിക്കൊപ്പമായിരുന്നു കൂടിക്കാഴ്ച. 25 വരെയാണ് ഡൽഹിയിൽ ചിത്രത്തിന്‍റെ ഷൂട്ടിങ്ങുള്ളത്.

ഷൂട്ടിങ്ങിന് മോഹൻലാൽ വെള്ളിയാഴ്ച ഡൽഹിയിൽ എത്തും. ആദ്യമായാണ് രണ്ടു സൂപ്പർ താരങ്ങളും ഒരു ഷൂട്ടിനായി ഡൽഹിയിൽ ഒരുമിക്കുന്നത്. 18 വർഷങ്ങൾക്കുശേഷം ഇരുവരും മുഴുനീള വേഷത്തിൽ ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ഫഹദ് ഫാസിൽ, നയൻതാര, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരടക്കം വലിയ താരനിര ഈ ചിത്രത്തിലുണ്ട്.

മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ വലിയ വഴിത്തിരിവായിരുന്നു ജോഷി സംവിധാനം ചെയ്ത ന്യൂഡൽഹി. അതിനുശേഷം സുരേഷ് ഗോപിക്കൊപ്പം ഷാജി കൈലാസിന്‍റെ ദി കിങ് ആൻഡ് കമ്മിഷണർ ആണ് ഡല്‍ഹിയിൽ ഷൂട്ട് ചെയ്ത മമ്മൂട്ടി ചിത്രം.

അതിനിടെ, മമ്മൂട്ടിയും മലയാളസാഹിത്യത്തിന്‍റെ സൂപ്പർ സ്റ്റാർ എം. മുകുന്ദനും ഡൽഹിയിൽ കണ്ടുമുട്ടി. മുകുന്ദൻ രചിച്ച 'ഡൽഹി'യാണ് തന്‍റെ മനസിലെ ഡൽഹി എന്ന് മമ്മൂട്ടി മുകുന്ദനോട് പറഞ്ഞു. മുകുന്ദന്‍റെ എല്ലാ നോവലുകളും കഥകളും പണം കൊടുത്തു വാങ്ങി വായിച്ചിട്ടുണ്ട് എന്ന് മമ്മൂട്ടി പറഞ്ഞു. മറ്റു പ്രമുഖ സാഹിത്യകൃതികളെക്കുറിച്ചും മമ്മൂട്ടി വാചാലനായി. മമ്മൂട്ടിയുടെ സാഹിത്യത്തിൽ ഉള്ള താത്പര്യം തന്നെ അദ്ഭുതപ്പെടുത്തിയെന്ന് മുകുന്ദൻ അഭിപ്രായപ്പെട്ടു.

ഡൽഹിയിൽ ഷൂട്ടിങ്ങിനെത്തിയ മമ്മൂട്ടിയെ ഡൽഹിയിലെ വിവിധ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ എം. മുകുന്ദൻ കണ്ടത് സ്വകാര്യ ഹോട്ടലിലെ മുറിയിലാണ്. മുകുന്ദന്‍റെ ഭാര്യ ശ്രീജ, മമ്മൂട്ടിയുടെ ഭാര്യ സുൽഫത്ത്, ജോൺ ബ്രിട്ടാസ് എംപി, മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ. അശോകൻ എന്നിവരും ഉണ്ടായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com