

'അതൊക്കെ വേറെ കാര്യം, വിനായകൻ അച്ചടക്കമുള്ള നടൻ': പ്രശംസിച്ച് മമ്മൂട്ടി
വിനായകൻ അച്ചടക്കമുള്ള നടനാണെന്ന് മമ്മൂട്ടി. പുതിയ ചിത്രം കളങ്കാവലിന്‍റെ പ്രമോഷന്‍റെ ഭാഗമായി മമ്മൂട്ടി കമ്പനി പുറത്തുവിട്ട വിഡിയോയിലായിരുന്നു നടന്‍റെ പ്രതികരണം. വിനായകന്റെ വളര്‍ച്ച അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. കഠിനപ്രയത്‌നവും ആത്മാര്‍ഥതയുംകൊണ്ട് മാത്രമേ ഒരു നടന് വിജയിച്ച നടനാകാന്‍ പറ്റുകയുള്ളൂ എന്നാണ് മമ്മൂട്ടി പറഞ്ഞത്.
'വിനായകന്റെ വളര്‍ച്ച അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. കഠിനപ്രയത്‌നവും ആത്മാര്‍ഥതയുംകൊണ്ട് മാത്രമേ ഒരു നടന് വിജയിച്ച നടനാകാന്‍ പറ്റുകയുള്ളൂ. നമുക്കുവേണ്ടി ആരും അഭിനയിക്കാന്‍ വരില്ല, നമ്മള്‍ തന്നെ അഭിനയിക്കണം. ആത്മാർത്ഥത വേണം, ഡെഡിക്കേറ്റഡായിരിക്കണം, സിപിംള്‍ ആയിരിക്കണം- ഞാന്‍ ഒരാളുടെ ക്വാളിറ്റി പറയുമ്പോള്‍ ഇതൊന്നും പലപ്പോഴും എനിക്ക് ഇല്ലാത്തത് കൂടെയാണെന്ന് ആലോചിക്കണം. ഇതൊക്കെ വിനായകനുണ്ടെന്നാണ് എന്റെ അഭിപ്രായം.'- മമ്മൂട്ടി പറഞ്ഞു.
വിനായകനുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന വിവാദങ്ങളേക്കുറിച്ചും മമ്മൂട്ടി പ്രതികരിച്ചു. വിനായകന് അദ്ദേഹത്തിന്‍റേതായ കാര്യങ്ങളുണ്ടെന്നും എന്നാൽ അഭിനയത്തിലേക്ക് വരുമ്പോൾ വളരെ അച്ചടക്കമുള്ള നടനാണ് വിനായകൻ എന്നുമാണ് മമ്മൂട്ടി പറഞ്ഞത്. 'അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ കാര്യങ്ങളുണ്ട്, അത് വേറെക്കാര്യം. വളരേ അച്ചടക്കമുള്ള നടനാണ്. അത്രത്തോളം നല്ല കഥാപാത്രങ്ങള്‍ക്ക് അയാള്‍ക്ക് വരുന്നുണ്ട്. അത് നന്നായി അവതരിപ്പിക്കുന്നുണ്ട്. ഏത് നടനായാലും അയാള്‍ക്ക് ദീര്‍ഘകാലം നിലനില്‍ക്കാന്‍ കഴിയണമെങ്കില്‍, നല്ല പ്രകടനം കാഴ്ചവെക്കണം. വിശ്വസിപ്പിക്കാന്‍ കഴിയണം. അതാണ് വിനായകന്റെ വിജയവും ഇപ്പോള്‍ എത്തിനില്‍ക്കുന്നതിന്റെ രഹസ്യവും'- മമ്മൂട്ടി അഭിപ്രായപ്പെട്ടു.
മമ്മൂട്ടി, വിനായകന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ. ഡിസംബര്‍ അഞ്ചിനാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഈ ചിത്രം വേഫെറര്‍ ഫിലിംസ് ആണ് കേരളത്തില്‍ വിതരണം ചെയ്യുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ. ജോസും ചേര്‍ന്ന് തിരക്കഥ രചിച്ച 'കളങ്കാവല്‍', മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്.