‌"സൂര്യൻ ഒപ്പം നടക്കും പോലെ.., സ്നേഹത്തിന്‍റെ ചൂടും അറിവിന്‍റെ വെളിച്ചവും തരുന്ന നക്ഷത്രം"; മമ്മൂട്ടിക്ക് പിറന്നാൾ ആശംസകളുമായി ആരാധകർ

മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്‍റെ പേരും പുറത്തു വിട്ടിട്ടുണ്ട്
mammoottys birthday wishes

മമ്മൂട്ടി

Updated on

മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടിക്ക് 75-ാം പിറന്നാള്‍. മഹാ പ്രതിഭയുടെ ജന്മദിനത്തിൽ ആശംസകളും പ്രാർഥനകളുമായി ലോകമെമ്പാടുമുള്ള ആരാധകർ ആഘോഷമാക്കുകയാണ്. ഇത്തവണ ചെന്നൈയിലെ വീട്ടില്‍ ലളിതമായ ചടങ്ങുകളോടെയാണ് മമ്മൂട്ടിയുടെ പിറന്നാള്‍ ആഘോഷം.

മമ്മൂട്ടിയുടെ പിറന്നാള്‍ ദിവസം പുതിയ ചിത്രത്തിന്‍റെ പേര് പുറത്തുവിട്ടിട്ടുണ്ട്. നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന മേളയാണ് പുതിയ ചിത്രം. മമ്മൂട്ടി കമ്പനി തന്നെയാണ് ചിത്രത്തിന്‍റെ നിര്‍മാതാക്കള്‍.

1971 ലെ മമ്മൂട്ടിയുടെ സിനിമ അരങ്ങേറ്റത്തിന് പിന്നാലെ1980 ല്‍ കരിയർ ബ്രേക്ക് എന്നോണമെത്തിയ കെ.ജി ജോര്‍ജ് 'മേള' എന്ന ചിത്രത്തിന്‍റെ ഓര്‍മകള്‍ കൂടി കണക്കിലെടുത്താണ് പുതിയ ചിത്രത്തിന് മേള എന്ന് പേരിട്ടിരിക്കുന്നതെന്നാണ് വിവരം.

ഇതിനിടെ നടനും എംഎൽഎയുമായി രമേഷ് പിഷാരടിയുടെ പിറന്നാൾ ആശംസ ശ്രദ്ധനേടിയിട്ടുണ്ട്. "യാത്രചെയ്യുമ്പോൾ വാഹനത്തിന്‍റെ ജനലിലൂടെ പുറത്തേക്ക് നോക്കിയാൽ സൂര്യൻ ഒപ്പം യാത്ര ചെയ്യുന്നത് പോലെ തോനുമായിരുന്നു കുട്ടികാലത്ത്‌. വൻ മരങ്ങളും പർവതങ്ങളും പിന്നിലേക്ക് പോകുമ്പോലെ അനുഭവപ്പെടുമ്പോഴും ;സൂര്യൻ ഒപ്പം തന്നെ ഉണ്ടാവും....

എന്‍റെ ഓർമകൾ യാത്ര തുടങ്ങിയ കാലം മുതൽ ഇന്നുവരെ ഒപ്പം കണ്ട സൂര്യൻ...ജനാലയിലൂടെ അല്ലാതെ അടുത്ത് കാണുവാൻ ഭാഗ്യം ഉണ്ടായപ്പോൾ. ..

സ്നേഹത്തിന്‍റെ ചൂടും അറിവിന്‍റെ വെളിച്ചവും തരുന്ന വലിയ നക്ഷത്രം....

ഇത് സന്തോഷത്തിന്‍റെ മേള", എന്നാണ് പിഷാരടി കുറിച്ചത്.

logo
Metro Vaartha
www.metrovaartha.com