
#പി.ബി ബിച്ചു
"നാൻ ഇന്ത ഊരുകാരനല്ലയാ,' ? മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം കരസ്ഥമാക്കിയ നൻപകൽ നേരത്ത് മയക്കത്തിന്റെ ആദ്യ ഭാഗത്ത് "സുന്ദര'മായി മാറിയ മമ്മൂട്ടി കഥാപാത്രം ചോദിക്കുന്ന ഈ ചോദ്യത്തിനു ശേഷം ഇടവേളയാണ്. "പാലേരിമാണിക്യ'ത്തിനു ശേഷമുണ്ടായ വലിയ ഇടവേള കഴിഞ്ഞു വീണ്ടും മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവുമായി മലയാളികളുടെ സ്വന്തം ഊരുകാരൻ തന്നെയെന്ന് ഊട്ടിയുറപ്പിക്കുന്നു നടൻ മമ്മൂട്ടി.
സ്വപ്നത്തിനും യാഥാർഥ്യത്തിനുമപ്പുറം പായുന്ന മനസിന്റെ കാലാന്തര വിഭ്രമത്തെ സ്ക്രീനിലേക്കു വലിച്ചടുപ്പിച്ച് ജെയിംസ്, സുന്ദരം എന്നീ കഥാപാത്രങ്ങളായുള്ള പകർന്നാട്ടം ഒരു ദശാബ്ദത്തിനു ശേഷം മമ്മൂട്ടിക്ക് വീണ്ടും സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിക്കൊടുത്തപ്പോൾ മമ്മൂട്ടി കമ്പനിയിലൂടെ മികച്ച ചിത്രത്തിന്റെ നിർമാതാവെന്ന നിലയിലും മലയാളത്തിന്റെ മെഗാസ്റ്റാറിന് ഇരട്ടിമധുരമാണ്. ആറാം തവണയാണു മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് മമ്മൂട്ടിയെ തേടിയെത്തുന്നത്. നൻപകല്‍ നേരത്ത് മയക്കം, റോഷാക്ക്, പുഴു, തുടങ്ങിയ 2022ലെ പുത്തൻ കണ്ടന്റുകളുമായെത്തിയ മികച്ച സിനിമകളിലെ കഥാപാത്രങ്ങൾക്കാണു പുരസ്കാരം.
1981ൽ 'അഹിംസ'യിലൂടെ രണ്ടാമത്തെ മികച്ച നടനുള്ള അവാര്‍ഡ് നേടിയാണ് മമ്മൂട്ടി ആദ്യമായി സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കുന്നത്. 1984ല്‍ 'അടിയൊഴുക്കുകളി'ലൂടെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും നേടി. പിറ്റേവർഷം 1985ൽ പുറത്തിറങ്ങിയ 'യാത്ര'യിലേയും, 'നിറക്കൂട്ടി'ലെയും വേറിട്ട കഥാപാത്രങ്ങളിലൂടെ സ്പെഷ്യല്‍ ജൂറി അവാര്‍ഡും കിട്ടി. പിന്നീട് 1993ൽ 'വിധേയൻ', 'പൊന്തൻ മാട', 'വാത്സല്യം' തുടങ്ങിയ സിനിമകളിലൂടെ മമ്മൂട്ടി മികച്ച നടനായി മാറി. 2004ൽ "കാഴ്ച'യും 2009ൽ പാലേരിമാണിക്യവും മികച്ച നടനുള്ള അവാർഡ് വീണ്ടും മമ്മൂട്ടിയുടെ ഷെൽഫിലേക്കെത്തിച്ചു. കൂടാതെ 1989ല്‍ 'മതിലുകള്‍', 'ഒരു വടക്കൻ വീരഗാഥ' എന്നീ ചിത്രങ്ങളിലൂടെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡിലും മമ്മൂട്ടി തിളങ്ങി. 'പൊന്തൻ മാട', 'വിധേയൻ' എന്ന സിനിമകളിലൂടെ 1993ലും 'ഡോ. ബാബാസഹേബ് അംബേദ്കറെ'ന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ 1998ലും മികച്ച നടനുള്ള പുരസ്കാരം ദേശീയ തലത്തില്‍ നേടി. 2022ലെ സംസ്ഥാന പുരസ്കാരം നൻപകൽ നേരത്തെ മയക്കത്തിലൂടെ മമ്മൂട്ടിക്ക് തന്നെ ലഭിക്കുമെന്ന് സിനിമാ നിരീക്ഷിക്കുന്നവരും പ്രേക്ഷകരും നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നതാണ്.
നവീനമായ ദൃശ്യഭാഷയുടെ സമര്‍ഥമായ ഉപയോഗത്തിലൂടെ ബഹുതല വ്യാഖ്യാന സാധ്യതകള്‍ തുറന്നിടുന്ന വിസ്മയകരമായ ദൃശ്യാനുഭവമെന്നാണ് 'നന് പകല്‍ നേരത്തെ മയക്ക'ത്തെ ജൂറി വിശേഷിപ്പിച്ചത്. മരണവും ജനനവും സ്വപ്നവും യാഥാർഥ്യവും ഇടകലര്‍ന്ന ആഖ്യാനത്തിലൂടെ ദാര്‍ശനികവും മാനവികവുമായ ചോദ്യങ്ങളുയര്‍ത്തുന്ന ചിത്രം. അതിര്‍ത്തികള്‍ രൂപപ്പെടുന്നതു മനുഷ്യരുടെ മനസിലാണ് എന്ന യാഥാര്‍ഥ്യത്തെ പ്രഹേളികാ സമാനമായ ബിംബങ്ങളിലൂടെ ആവിഷ്കരിക്കുകയാണു സിനിമയെന്നും ജൂറി നിരീക്ഷിച്ചു.
പ്രേക്ഷകരുടെ നാട്ടിൽ നല്ല രീതിയിൽ നാടകമൊക്കെ നടത്തി ജീവിക്കുന്ന ഒരു നാടകസംഘം തമിഴ്നാട്ടിലെ ഒരു തീർഥാടന കേന്ദ്രത്തിലേക്ക് പോകുന്നിടത്ത് ആരംഭിക്കുന്ന ചിത്രം പിന്നീട് പതിവ് സിനിമാ കാഴ്ചകളെയെല്ലാം അട്ടിമറിച്ച് ഒരു തമിഴ് പശ്ചാത്തലത്തിലേക്കു നീങ്ങുന്നതിലൂടെ കഥ പുരോഗമിക്കുന്നു. 2022 ലെ കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയില്‍ നന്‍പകല്‍ നേരത്ത് മയക്കം വേള്‍ഡ് പ്രീമിയര്‍ വിഭാഗത്തില്‍ മത്സരിച്ച് രജത ചകോരം നേടിയിരുന്നു. ചിത്രത്തിന്റെ കഥ സംബന്ധിച്ച് വ്യക്തത വന്നില്ലെന്നതടക്കം വിമർശനങ്ങളും ഉയർന്നിരുന്നു. എന്നാൽ ഇതിനുള്ള മറുപടിയും മമ്മൂട്ടി തന്നെ പറഞ്ഞ് വച്ചിട്ടുണ്ട്.""പ്രേക്ഷകന് ഒന്നും മനസിലാകുന്നില്ല എന്ന് ഇനി പറയരുത്..
നമ്മളെക്കാൾ ഉയരത്തിൽ ആണ് ഇന്ന് പ്രേക്ഷകർ. ലോക സിനിമ മുഴുവൻ എക്സ്പോസ്ഡ് ആയതു കൊണ്ട് കാഴ്ചക്കാർ എന്ന നിലയിൽ നമ്മുടെ പ്രേക്ഷകർ വളരെ ഉയർന്നിട്ടുണ്ട്. അത് നല്ലൊരു കാര്യമാണ്.സിനിമ മേക്കേഴ്സിനെ സംബന്ധിച്ചു അതു വലിയ ചലഞ്ചാണ്. ഓഡിയൻസിനെ എഡ്യൂക്കേറ്റ് ചെയ്യേണ്ട ആവശ്യം നമുക്ക് ഇനി ഇല്ല''