
മമ്മൂട്ടി
അങ്ങനെ മാസങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം മെഗാസ്റ്റാർ മമ്മൂട്ടി സിനിമയിൽ സജീവമാകുന്നു. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'പാട്രിയറ്റ്' എന്ന ചിത്രത്തിലൂടെയാണ് താരത്തിന്‍റെ തിരിച്ചുവരവ്. മഹേഷ് നാരായണൻ ചിത്രത്തിൽ മോഹൻലാലും ഉണ്ടെന്നതാണ് ശ്രദ്ധേയം. ഒക്റ്റോബറിലാണ് പാട്രിയറ്റിന്‍റെ ചിത്രീകരണം ആരംഭിക്കുന്നത്. നീണ്ട 7 മാസങ്ങൾക്കു ശേഷം മമ്മൂട്ടി അഭിനയ രംഗത്തേക്ക് തിരിച്ചുവരുന്നതിന്‍റെ സന്തോഷത്തിലാണ് ആരാധകരും സിനിമാ പ്രേമികളും.
മമ്മൂട്ടിയുടെ തിരിച്ചുവരവ് സംബന്ധിച്ചുള്ള കാര‍്യങ്ങൾ നിർമാതാവ് ആന്‍റോ ജോസഫ് ഉൾപ്പെടെയുള്ളവർ സമൂഹമാധ‍്യമങ്ങളിലൂടെ അറിയിയിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 19നായിരുന്നു മമ്മൂട്ടി പൂർണ ആരോഗ‍്യവാനായെന്ന വാർത്ത പുറത്തു വന്നത്. 17 വർഷങ്ങൾക്കു ശേഷം മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമെന്ന പ്രത‍്യേകതയും പാട്രിയറ്റ് എന്ന ചിത്രത്തിനുണ്ട്. മമ്മൂട്ടിക്കും മോഹൻലാലിനും പുറമെ ഫഹദ് ഫാസിൽ, കുഞ്ചോക്കോ ബോബൻ, ഗ്രേസ് ആന്‍റണി എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.