

പ്രയാഗ്‌രാജ്: മഹാകുംഭമേളയിൽ സന്ന്യാസ ദീക്ഷ സ്വീകരിച്ച നടി മമത കുൽക്കർണി കിന്നര അഖാഡയുടെ മഹാമണ്ഡലേശ്വർ പദവിയിൽ നിന്നു രാജിവച്ചു. സ്ഥാനാരോഹണം വിവാദമായതിനെത്തുടർന്നാണു രാജി. എന്നാൽ, താൻ സാധ്വിയായി തുടരുമെന്നും അവർ.
''മഹാമണ്ഡലേശ്വറായി എന്നെ നിയമിച്ചത് കിന്നര അഖാഡയിൽ തർക്കത്തിനു വഴിവച്ചതിനാൽ ഞാൻ രാജിവയ്ക്കുകയാണ്. എന്നാൽ, 25 വർഷമായി ഞാൻ സാധ്വിയാണ്. ഇനിയും അങ്ങനെ തുടരും''- മമത പറഞ്ഞു.
കഴിഞ്ഞ മാസം 24നാണു കിന്നര അഖാഡയുടെ ആചാര്യ മഹാമണ്ഡലേശ്വർ ലക്ഷ്മി നാരായൺ ത്രിപാഠി, മമത കുൽക്കർണിക്ക് മഹാമണ്ഡലേശ്വർ പദവി നൽകിയത്. ശ്രീമയി മമതാ നന്ദ് ഗിരി എന്ന പേര് സ്വീകരിക്കുകയും ചെയ്തു ഇവർ.
എന്നാൽ, അഖാഡയുടെ സ്ഥാപകൻ ഋഷി അജയ് ദാസ്, യോഗഗുരു ബാബാ രാംദേവ്, ബാഗേശ്വർ ധാം പീഠാധീശ്വർ പണ്ഡിറ്റ് ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി, ശങ്കരാചാര്യർ അവിമുക്തേശ്വരാനന്ദ് സരസ്വതി എന്നിവർ ഇതിനെതിരേ രംഗത്തെത്തി. ഇന്നലെ വരെ ലൗകിക ജീവിതം നയിച്ചവർ പെട്ടെന്ന് മഹാമണ്ഡലേശ്വറായി മാറുന്നുവെന്ന് ബാബാ രാംദേവ് കുറ്റപ്പെടുത്തിയിരുന്നു.
പദവി ലഭിക്കാൻ മമത 10 കോടി രൂപ നൽകിയെന്നായിരുന്നു ആരോപണം. എന്നാൽ, പണ്ഡിറ്റ് ലക്ഷ്മി നാരായൺ ത്രിപാഠിക്ക് നൽകാൻ മഹാമണ്ഡലേശ്വർ ജയ് അംബാഗിരി തന്‍റെ പക്കൽ നിന്ന് രണ്ടു ലക്ഷം രൂപ വാങ്ങിയതായി മമത പറഞ്ഞു.