മഞ്ഞുമ്മല്‍ ബോയ്സിന് റിലീസ് ദിവസം തന്നെ വ്യാജൻ

ഇന്ത്യന്‍ സിനിമാ വ്യവസായത്തെയാകെ മുള്‍മുനയില്‍ നിര്‍ത്തിയ പൈറസി സൈറ്റ് ഒരിടവേളയ്ക്ക് ശേഷം തിരിച്ചുവരവ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നിരവധി സിനിമകളുടെ വ്യാജ പതിപ്പുകൾ പുറത്തുവരുന്നത്
Manjummal Boys
Manjummal Boys

കൊച്ചി: തിയെറ്ററുകളിൽ വ്യാഴാഴ്ച റിലീസായ മഞ്ഞുമ്മല്‍ ബോയ്സ് എന്ന മലയാള സിനിമയുടെ വ്യാജ പതിപ്പ് റിലീസ് ദിവസം തന്നെ വെബൈ സൈറ്റുകളില്‍. ചിത്രം റിലീസായി മണിക്കൂറുകള്‍ക്കകമാണ് വ്യാജ പതിപ്പ് പ്രത്യക്ഷപ്പെട്ടത്. പൈറസി സൈറ്റുകള്‍ സജീവമാകുന്നത് മലയാള സിനിമയ്ക്ക് തുടര്‍ച്ചയായി വെല്ലുവിളി സൃഷ്ടിക്കുകയാണ്.

പ്രേമലു, ഭ്രമയുഗം, അന്വേഷിപ്പിന്‍ കണ്ടെത്തും തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നാലെയാണ് മഞ്ഞുമ്മല്‍ ബോയ്സിന്‍റെയും വ്യാജന്‍ പുറത്തിറങ്ങിയത്. ഇതോടെ മലയാള സിനിമാലോകം വീണ്ടും ആശങ്കയുടെ നടുവിലായി. റിലീസിന് മുന്‍പ് തന്നെ വലിയ ഹൈപ്പ് സൃഷ്ടിച്ച ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. ഒറ്റ ദിവസത്തെ അഡ്വാന്‍സ് ബുക്കിങ്ങിലൂടെ ഒന്നര കോടി രൂപയാണ് ചിത്രം നേടിയിരുന്നത്.

സൂപ്പര്‍താരങ്ങള്‍ ഇല്ലാതെ യുവതാരങ്ങളെ കേന്ദ്ര കഥാപാത്രമാക്കി പറവ ഫിലിമ്സിന്‍റെ ബാനറില്‍ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഗണപതി, ബാലു വര്‍ഗീസ്, ലാല്‍ ജൂനിയര്‍ തുടങ്ങി വലിയ താരനിര തന്നെയുണ്ട് സിനിമയില്‍. സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്‍റണി, ബാബു ഷാഹിര്‍ എന്നിവരാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.

ഇന്ത്യന്‍ സിനിമാ വ്യവസായത്തെയാകെ മുള്‍മുനയില്‍ നിര്‍ത്തിയ പൈറസി സൈറ്റ് തമിഴ് റോക്കേഴ്സ് ഒരിടവേളയ്ക്ക് ശേഷം ഇക്കഴിഞ്ഞ എട്ടാം തീയതി തങ്ങളുടെ തിരിച്ചുവരവ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മലയാളത്തില്‍ അടുത്തിടെ ഇറങ്ങിയ എല്ലാ സിനിമകളുടെയും വ്യാജന്‍ പുറത്തുവരുന്നത്. 2011 മുതല്‍ 2018 വരെയുള്ള കാലഘട്ടത്തിലാണ് തമിഴ് റോക്കേഴ്സ് സജീവമായിരുന്നത്. ആദ്യകാലങ്ങളില്‍ തമിഴ് സിനിമകളുടെ വ്യാജ പതിപ്പുകളാണ് ഇവര്‍ പുറത്തിറക്കിയിരുന്നത്. പിന്നീട് മറ്റ് ഭാഷാ ചിത്രങ്ങളുടെ വ്യാജപതിപ്പുകളുമായി എല്ലാ നാട്ടിലെയും സിനിമാ ആരാധകര്‍ക്കിടയിലേക്ക് കടന്നുകയറി.

2018ല്‍ വ്യാജസിനിമാ കേസില്‍ തമിഴ്നാട്ടിലെ വില്ലുപുരത്ത് നിന്ന് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് താത്കാലികമായെങ്കിലും വ്യാജന്മാര്‍ ഒതുങ്ങിയത്. സംഘത്തിലെ പ്രധാനികളായിരുന്നു പിടിയിലായവര്‍. എന്നാല്‍, കോവിഡിന് ശേഷം വീണ്ടും ചെറിയതോതില്‍ വെബ്സൈറ്റ് പ്രവര്‍ത്തനം തുടങ്ങി. അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയവരോ സംഘത്തിലെ മറ്റുള്ളവരോ ആകാം ഇതിന് പിന്നിലെന്നാണ് സൂചന. പേര് മാറ്റി തമിഴ് ബ്ലാസ്റ്റേഴ്സ്, തമിഴ് എംവി എന്നിങ്ങനെ പല പേരുകളില്‍ വെബ്സൈറ്റുകള്‍ ഇപ്പോള്‍ തന്നെ പ്രചാരത്തിലുണ്ട്. ഇവയിലാണ് ജയിലര്‍, ജവാന്‍ എന്നീ സിനികളുടെ വ്യാജന്‍ പ്രത്യക്ഷപ്പെട്ടത്. ഇവയ്ക്ക് പിന്നില്‍ തമിഴ് റോക്കേഴ്സ് തന്നെയായിരുന്നു എന്നാണ് നിഗമനം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com