‘മഞ്ഞുമ്മൽ ബോയ്​സ്’​ നിർമാതാക്കളുടെ അറസ്റ്റ്​ തടഞ്ഞ ഇടക്കാല ഉത്തരവ്​ ഹൈകോടതി നീട്ടി

ഒത്തുതീർപ്പിനുള്ള ശ്രമം നടക്കുകയാണെന്ന്​ ഹരജിക്കാരും അറിയിച്ചിട്ടുണ്ട്
Manjummel Boys producers arrest ban extended
‘മഞ്ഞുമ്മൽ ബോയ്​സ്’​ നിർമാതാക്കളുടെ അറസ്റ്റ്​ തടഞ്ഞ ഇടക്കാല ഉത്തരവ്​ ഹൈകോടതി നീട്ടി

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കളുടെ അറസ്റ്റ്​ തടഞ്ഞ ഇടക്കാല ഉത്തരവ്​ ഹൈകോടതി നീട്ടി. നിർമാതാക്കളായ നടൻ സൗബിൻ ഷാഹിർ, ഷോൺ ആന്‍റണി, ഷാഹിർ ബാബു എന്നിവരെ അറസ്റ്റ്​ ചെയ്യരുതെന്ന ഉത്തരവാണ്​ ജസ്റ്റിസ്​ സി.എസ്​. ഡയസ്​ നീട്ടിയത്​.

സിനിമക്കായി ഏഴുകോടി രൂപ നിക്ഷേപിച്ചിട്ടും ലാഭവിഹിതവും മുടക്കിയ പണവും നൽകിയില്ലെന്ന്​ ആരോപിച്ച് അരൂർ സ്വദേശി സിറാജ് വലിയതുറ നൽകിയ പരാതിയിന്മേൽ വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇവരുടെ മുൻകൂർ ജാമ്യ ഹരജി ജൂലൈ 10ന്​ പരിഗണിക്കാൻ മാറ്റിയ സാഹചര്യത്തിലാണ്​ ഇടക്കാല ഉത്തരവും അതുവരെ നീട്ടിയത്​.ഒത്തുതീർപ്പിനുള്ള ശ്രമം നടക്കുകയാണെന്ന്​ ഹരജിക്കാരും അറിയിച്ചിട്ടുണ്ട്.

മരട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നിർമാതാവ് ഷോണ്‍ ആന്റണിയേയും, നടനും നിർമാതാവുമായ സൗബിനെയും ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. സിനിമ മേഖലയിൽ കള്ളപ്പണമിടപാട് നടക്കുന്നുവെന്ന് ഇഡിക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് സിനിമാ നിര്‍മാണ കമ്പനികളെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം നടത്തി വരികയായിരുന്നു. ഈ ഘട്ടത്തിലാണ് മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കള്‍ക്കെതിരേ ആലപ്പുഴ അരൂർ സ്വദേശി സിറാജ് വലിയ വീട്ടിൽ പരാതി നൽകുന്നത്.

ചിത്രത്തിന്‍റെ നിർമാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവര്‍ ലാഭവിഹിതമോ മുടക്കുമുതലോ നല്‍കാതെ ചതിച്ചെന്നായിരുന്നു സിറാജിന്റെ ആരോപണം. തുടർന്നു നടത്തിയ അന്വേഷണത്തിൽ ഗുരുതരമായ തട്ടിപ്പ് നടന്നെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ഈ റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചതോടെയാണ് കേസിൽ ഇഡി ഇടപെടുന്നത്. സിനിമയുടെ നിര്‍മാണവുമായി കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നും ഇഡി പരിശോധിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.