

ആലപ്പി അഷ്റഫ്
മലയാളികളെ ഒന്നാകെ വേദനയിലാഴ്ത്തിക്കൊണ്ടാണ് നടൻ സലിം കുമാർ വിടപറഞ്ഞത്. സംസ്കാര ചടങ്ങിനിടെ സലിം കുമാറിന്റെ വീട്ടിലുണ്ടായ മാധ്യമങ്ങളുടെ തിക്കും തിരക്കും വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ചടങ്ങിനിടെ മാധ്യമങ്ങൾക്കു നേരെ സലിം കുമാറിന്റെ മകൻ ചന്തുവിന് ഒച്ച ഉയർത്തേണ്ട അവസ്ഥ പോലുമുണ്ടായി. ഇപ്പോൾ അതിൽ പ്രതികരണവുമായി ആലപ്പി അഷ്റഫ് രംഗത്തെത്തിയിരിക്കുകയാണ്. യാതൊരു ഔചിത്യബോധവുമില്ലാതെയാണ് ആളുകൾ പെരുമാറുന്നത് എന്നാണ് ആലപ്പി അഷ്റഫ് പറഞ്ഞത്.
വലിയ സെലിബ്രിറ്റികൾ മരണപ്പെടുമ്പോൾ അത് ഷൂട്ട് ചെയ്ത് അപ്പോഴപ്പോൾ കാണിക്കുക എന്നത് ഒരു പതിവാണല്ലോ. ഇപ്പോൾ കൈയിൽ മൊബൈൽ ഫോൺ ഉള്ളവരൊക്കെ ക്യാമറാമാന്മാരായ കാലഘട്ടത്തിൽ അവരുടെ കടന്നുകയറ്റം യാതൊരു ഔചിത്യ ബോധവുമില്ലാത്തതായി മാറിയിരിക്കുകയാണ്. സലിം കുമാറിനും മക്കൾക്കും അദ്ദേഹത്തിന് അന്ത്യചുംബനം നൽകി യാത്രയപ്പ് കൊടുക്കാൻ പോലും അനുവദിക്കാതെ അവരുടെ സ്വകാര്യതയിൽ കടന്നുകയറി തിക്കും തിരക്കും സൃഷ്ടിച്ചപ്പോൾ ചന്തുവിന് ശബ്ദമുയർത്തി പ്രതികരിക്കേണ്ടി വന്ന ഗതികേട് ഒന്ന് ചിന്തിച്ചു നോക്കണമെന്നും അദ്ദേഹം പറഞ്ഞു.
അറിയപ്പെടുന്ന ഒരാൾ മരണപ്പെടുമ്പോൾ ആ മരണത്തിന്റെ ദുഃഖത്തിൽ പങ്കുചേരാൻ എന്നോണം എത്തുന്നവരുടെ എന്തെല്ലാം നാടകങ്ങളും അഭിനയവും ഒക്കെയാണ് കാണേണ്ടത് എന്നാണ് ആലപ്പി അഷ്റഫ് പറഞ്ഞത്. സലിം കുമാറിനെ അവസാനമായി കാണാനെത്തിയ മുഖ്യമന്ത്രിയെ ഒരാൾ ഷോൾ അണിയിക്കാൻ ശ്രമിച്ചതിനെ ചൂണ്ടിയായിരുന്നു വിമർശനം.
ടൗൺ ഹാളിൽ കണ്ട മറ്റൊരു കാഴ്ച ഓരോ വിഐപികൾ വരുമ്പോഴും അവിടെ നിന്നിരുന്ന സിനിമാക്കാർ അവരെ ആനയിച്ച് സ്വീകരിച്ച് മൃതദേഹത്തിന്റെ അരികിലേക്ക് കൊണ്ടുപോകുന്നതാണ്. മരണവീട്ടിൽ അങ്ങനെ ഒരു ആനയിപ്പിന്റെ ആവശ്യമുണ്ടോ? അതിലും വലിയ കോമഡി എന്താണെന്ന് വെച്ചാൽ കണ്ണാടി എടുക്കാതെ കണ്ണുപൊത്തി കരയുന്ന ഒരു നടന്റെ വീഡിയോയും ഫോട്ടോയും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. അതിനു കൊടുത്തിരിക്കുന്ന ക്യാപ്ഷൻ സ്വന്തം അമ്മയെ അനാഥാലയത്തിൽ ഉപേക്ഷിച്ച മകൻ സലീം കുമാറിന്റെ വേർപാടിൽ കണ്ണുപൊത്തി കളിക്കുന്നു എന്നാണ്. ഇത്തരത്തിലുള്ള പല കോപ്രായങ്ങളും അവിടെ അരങ്ങേറിയെന്നാണ് ആലപ്പി അഷ്റഫിന്റെ വിമർശനം.