

മൂന്നാമതും വിവാഹമോചിതയായി മീര വാസുദേവ്
നടി മീര വാസുദേവ് വിവാഹമോചിതയായി. ക്യാമറമാനായ വിപിന്‍ പുതിയങ്കവുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ചതായി നടി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. താരത്തിന്‍റെ മൂന്നാമത്തെ വിവാഹമോചനമാണ് ഇത്.
‘‘ഞാൻ, നടി മീര വാസുദേവൻ, 2025 ഓഗസ്റ്റ് മുതൽ ഞാൻ സിംഗിളാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. ഞാൻ എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരവും സമാധാനപരവുമായ ഒരു ഘട്ടത്തിലാണ്.’’- എന്നാണ് നടി കുറിച്ചത്. വിവാഹ ചിത്രങ്ങൾ ഉൾപ്പടെ വിപിനൊപ്പമുള്ള എല്ലാ പോസ്റ്റുകളും നീക്കം ചെയ്തു. ഒരു വർഷം നീണ്ട വിവാഹബന്ധത്തിനുശേഷമാണ് ഇരുവരും പിരിയുന്നത്.
കഴിഞ്ഞ വര്‍ഷം മേയ് മാസമാണ് മീരയും വിപിനും വിവാഹിതരായത്. ‘കുടുംബവിളക്ക്’ എന്ന സീരിയലിന്റെ സെറ്റില്‍വച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. പാലക്കാട് സ്വദേശിയാണ് വിപിൻ. 43 കാരിയായ മീരയുടെ മൂന്നാം വിവാഹമായിരുന്നു ഇത്. നടന്‍ ജോണ്‍ കൊക്കനുമായുള്ള രണ്ടാം വിവാഹത്തില്‍ അരിഹ എന്നു പേരുള്ള മകൻ മീരയ്ക്കുണ്ട്.
ബ്ലസി സംവിധാനം ചെയ്ത തന്മാത്രയിൽ മോഹൻലാലിന്റെ നായികയായി മലയാള സിനിമയില്‍ അരങ്ങേറ്റം. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. പിന്നീട് ടെലിവിഷൻ രംഗത്ത് സജീവമാവുകയായിരുന്നു.