കേരളത്തിന്‍റെ റാണിയായി മേഘന രാജ്, കളരി പഠിപ്പിക്കാൻ അഷറഫ് ഗുരുക്കൾ | Video
കന്നടയിലെ സെൻസേഷണൽ സ്റ്റാർ കോമൾ കുമാർ, മേഘന രാജ് സർജ, അനുഷ റായ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന 'സംഗീത ബാർ ആൻഡ് റസ്റ്റോറന്‍റ്' എന്ന ബഹുഭാഷാ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. സന്ദേശ് ഷെട്ടി അജ്രി സംവിധാനം ചെയ്യുന്ന ഈ ചിത്രം കോമഡിയും ഫാന്‍റസിയും ആത്മീയതയും കലർന്ന ഴോണറിലാണ് എത്തുന്നത്.
ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിൽ തിരിച്ചെത്തുന്ന നടി മേഘന രാജിന് കേരളത്തിന്‍റെ റാണിയുടെ രൂപമാണ് ഫസ്റ്റ് ലുക്കിൽ. സംവിധായകൻ തന്നെയാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. കന്നടയ്ക്ക് പുറമേ മലയാളം, തമിഴ്, ഹിന്ദി എന്നി ഭാഷകളിലായും ചിത്രം എത്തുമെന്ന് നിർമാതാക്കൾ അറിയിച്ചു.
ആക്ഷന് ഏറെ പ്രധാന്യമുള്ള ചിത്രത്തിന്‍റെ ആക്ഷൻ കോറിയോഗ്രാഫർ അഷറഫ് ഗുരുക്കൾ ആണ്. അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ് 35 ദിവസത്തെ ആക്ഷൻ രംഗങ്ങളോടെ തീർത്തത്.
"മേഘനക്ക് നിറയെ ഫൈറ്റ് വരുന്നുണ്ട് ചിത്രത്തിൽ. പഴയകാല യുദ്ധമുറകളോട് കൂടിയുള്ള ഫൈറ്റും ആധുനികമായ ഫൈറ്റും ചിലയിടങ്ങളിൽ അൽപം നർമം കലർന്ന ഫൈറ്റും വേണമെന്നായിരുന്നു സംവിധായകൻ പറഞ്ഞത്. 35 ദിവസത്തോളം വേണ്ടിവന്നു ആ ഫൈറ്റ് തീർക്കാൻ. മൊത്തത്തിൽ 25 ഓളം ഫൈറ്റേഴ്സും, പത്തോളം കുതിരകളും. ആദ്യം ഞാൻ അവർക്കു ചെയ്ത ഫൈറ്റ് ഏകദേശം 200 വർഷങ്ങൾക്കു മുൻപുള്ള ഒരു രീതി ആയിരുന്നു!" അഷറഫ് ഗുരുക്കൾ പറയുന്നു.
ശിവമോഗ, കുന്ദാപുര തുടങ്ങിയ ലൊക്കേഷനുകളിൽ കൂറ്റൻ സെറ്റ് ഇട്ടാണ് ഷൂട്ടിങ് പൂർത്തിയാക്കിയത്. പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു.
ചിത്രത്തിൽ കോമൾ കുമാർ, മേഘ്‌ന രാജ്, അനുഷ റായി എന്നിവർ രണ്ട് വ്യത്യസ്ത വേഷങ്ങളിലായാണ് പ്രത്യക്ഷപ്പെടുന്നത്. ഒരു വേഷത്തിൽ കോമൾ ഒരു കൊട്ടാര ചിത്രകാരനായും മറുവശത്ത് ഒരു സിനിമാ സംവിധായകനായും അഭിനയിക്കുന്നു. സംവിധായകൻ സന്ദേശ് ഷെട്ടിയും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്.
