മിലിന്ദ് സോമന്‍റെ കൂടെ ഇടുക്കിയിൽ ഓടുന്നോ, ''എന്നാൽ വാ...'' | Video
ഇടുക്കിയിലെ മലയോര ഹൈവേയുടെ പൂർത്തീകരണത്തോടനുബന്ധിച്ച് മിലിന്ദ് സോമൻ പങ്കെടുക്കുന്ന 22 കിലോമീറ്റർ ദൂരമുള്ള ഹൈവേ റൺ ഫെബ്രുവരി 22-ന് നടത്തും. കിഫ്ബിയുടെ അത്യാധുനിക നിർമ്മാണ രീതികളും മിലിന്ദിന്റെ ഫിറ്റ്‌നസ് സന്ദേശവും ഒത്തുചേരുന്ന ഈ പരിപാടിയിൽ പങ്കെടുക്കാൻ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
ഹിൽ ഹൈവേ റണ്ണിന് മിലിന്ദ് സോമൻ കേരളത്തിലേക്ക്.
MV Graphics
ബോളിവുഡ് താരം, മോഡൽ, ദീർഘദൂര ഓട്ടക്കാരൻ... വിശേഷണങ്ങൾ ഏറെയുള്ള മിലിന്ദ് സോമൻ കേരളത്തിന്‍റെ മണ്ണിലേക്ക് എത്തുന്നു. അത്യാധുനിക എൻജിനീയറിങ് മികവിൽ കിഫ്ബി (KIIFB) നിർമിച്ച ഇടുക്കിയിലെ മലയോര ഹൈവേയിലൂടെ മിലിന്ദിനൊപ്പം ഓടാൻ കേരളം ഒരുങ്ങിക്കഴിഞ്ഞു. ഫെബ്രുവരി 22 ഞായറാഴ്ച രാവിലെ 7 മണിക്ക് ഏലപ്പാറയിൽ നിന്ന് കാഞ്ചിയാറിലേക്കാണ് ഈ ആവേശകരമായ 'ഹിൽ ഹൈവേ റൺ'.
22 കിലോമീറ്റർ ആവേശം
ഏലപ്പാറയിൽ നിന്ന് ആരംഭിച്ച് ചപ്പാത്ത് വഴി കാഞ്ചിയാർ ടൗൺ വരെയുള്ള 22 കിലോമീറ്റർ ദൂരത്തിലാണ് മിലിന്ദ് സോമൻ ഓടുന്നത്. കഴിഞ്ഞ വർഷം മുംബൈ ഹൈവേയിൽ നടത്തിയ 450 കിലോമീറ്റർ ദൈർഘ്യമുള്ള ഐതിഹാസിക ഓട്ടത്തിന് ശേഷം അദ്ദേഹം പങ്കെടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഹൈവേ റൺ കൂടിയാണിത്. അറുപതാം വയസിലും ഫിറ്റ്‌നസിന്‍റെ കാര്യത്തിൽ വിസ്മയമായി തുടരുന്ന അദ്ദേഹം, "Age is just a number" എന്ന സന്ദേശവുമായാണ് കേരളത്തിലെത്തുന്നത്.
നിർമാണ വിസ്മയമായി മലയോര ഹൈവേ
കിഫ്ബിയുടെ നേതൃത്വത്തിൽ ഏകദേശം 134.4 കോടി രൂപ ചെലവഴിച്ച് നിർമിച്ച ഇടുക്കിയിലെ ഈ പാത ലോകോത്തര നിലവാരത്തിലുള്ളതാണ്.
FDR സാങ്കേതികവിദ്യ: പരിസ്ഥിതി സൗഹൃദവും പ്രകൃതിക്ഷോഭങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ളതുമായ FDR (Full Depth Reclamation) സാങ്കേതികവിദ്യയാണ് ഈ റോഡിനായി ഉപയോഗിച്ചിരിക്കുന്നത്.
സ്പൈസ് റൂട്ട്: കാസർകോട് മുതൽ തിരുവനന്തപുരം വരെ 1,332 കിലോമീറ്ററിൽ പശ്ചിമഘട്ടത്തെ ബന്ധിപ്പിക്കുന്ന ഈ പാത സഞ്ചാരികളുടെ പ്രിയപ്പെട്ട 'സ്പൈസ് റൂട്ട്' കൂടിയാണ്.
ആധുനിക സൗകര്യങ്ങൾ: വൈദ്യുതി, ഇന്‍റർനെറ്റ് കേബിളുകൾക്കായി പ്രത്യേക യൂട്ടിലിറ്റി ഡക്റ്റുകൾ, മികച്ച ഡ്രെയിനേജ് സംവിധാനങ്ങൾ, ഓരോ 50 കിലോമീറ്ററിലും വിശ്രമകേന്ദ്രങ്ങൾ എന്നിവ ഇതിന്‍റെ പ്രത്യേകതയാണ്.
മിലിന്ദിനൊപ്പം ഓടാം; രജിസ്ട്രേഷൻ ആരംഭിച്ചു
"എന്നാൽ വാ..." എന്ന ആഹ്വാനവുമായി മിലിന്ദ് സോമൻ പങ്കുവെച്ച വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. ഈ ആവേശകരമായ ഓട്ടത്തിൽ മിലിന്ദിനൊപ്പം പങ്കുചേരാൻ കിഫ്ബി അവസരമൊരുക്കുന്നുണ്ട്.
കിഫ്ബി വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം.
വാട്ട്സാപ്പ് ബോട്ട്: +91 9072000430 എന്ന നമ്പറിലൂടെയും പങ്കാളിത്തം ഉറപ്പാക്കാം.
ഇടുക്കിയുടെ മനോഹരമായ വ്യൂ പോയിന്‍റുകളിലൂടെ ബോളിവുഡിന്‍റെ ഫിറ്റ്‌നസ് അംബാസഡറായ മിലിന്ദ് സോമനൊപ്പം ഓടാനുള്ള ഈ അപൂർവ അവസരത്തിനായി കാത്തിരിക്കുകയാണ് കായികപ്രേമികൾ.
മിലിന്ദ് സോമൻ.
