

മിന്നാരത്തിലെ ശോഭനയെ മനഃപൂർവം കൊന്നതാണ്!! പുതിയ തിയറിയുമായി സോഷ്യൽ മീഡിയ
മലയാളികൾക്ക് എത്ര കണ്ടാലും മടുക്കാത്ത മോഹൻലാൽ ചിത്രങ്ങളിൽ ഒന്നാണ് മിന്നാരം. പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രത്തിൽ ശോഭനയായിരുന്നു നായിക. തിലകൻ, വേണു നാഗവള്ളി, ജഗതി, ലാലു അലക്സ്, കുതിരവട്ടം പപ്പു, ശങ്കരാടി എന്നിവരടങ്ങുന്ന വൻതാര നിര ഗംഭീര പ്രകടനമാണ് ചിത്രത്തിൽ കാഴ്ച വച്ചത്. ചിത്രത്തിലെ ഓരോ സീനുകളും മലയാളികൾക്ക് കാണാപ്പാഠമാണ്.
ഇപ്പോഴിതാ ചിത്രത്തിൽ ശോഭന അവതരിപ്പിച്ച നായികയുടെ കഥാപാത്രത്തെക്കുറിച്ചുള്ള ഒരു പോസ്റ്റ് സോഷ്യൽമീഡിയയിൽ വൈറലാകുകയാണ്. നീന എന്ന കഥാപാത്രമായാണ് ശോഭന സിനിമയിൽ എത്തിയത്. അപൂർവ രോഗം മൂലം നായിക മരിക്കുന്നതാണ് ചിത്രത്തിന്‍റെ ക്ലൈമാക്സ്. മിന്നാരത്തിലെ ശോഭനയുടെ പോലെ ദുരിതം പിടിച്ച മലയാളത്തിൽ വേറെ ഇല്ലെന്നു തോന്നുന്നു എന്നു തുടങ്ങുന്ന പോസ്റ്റാണ് പ്രചരിക്കുന്നത്.
പോസ്റ്റ് വായിക്കാം..
മിന്നാരത്തിലെ ശോഭനയുടെ പോലെ അത്രേം ദുരിതം പിടിച്ച നായിക മലയാളത്തിൽ വേറെ ഇല്ല എന്ന് തോന്നുന്നു. അവരുടെ ബ്ലഡ് ഗ്രൂപ്പ് ലക്ഷത്തിൽ ഒരാൾക്ക് ഉള്ള ബോംബെ ഒ നെഗറ്റീവ് ഗ്രൂപ്പ്..
വന്ന അസുഖം പോളി സൈറ്റീമിയ റോബ്രാവീര എന്ന 10 ലക്ഷത്തിൽ ഒരാൾക്ക് വരുന്ന റെയറെസ്റ്റ്.
അതിനുള്ള മരുന്ന് ജർമ്മനിയിൽ മാത്രം കിട്ടുന്ന സൈക്ലോഫോസ്ഫാമിയ..
പിന്നെ ഉള്ളത് റേഡിയോ ആക്റ്റീവ് ഫോസ്ഫറസ് എന്ന മരുന്ന് ആണ്
അതാണെങ്കിൽ ചിക്കാഗോയിൽ നിന്ന് വരുത്തണം.
ഏറ്റവും ദാരിദ്ര്യം ആ മരുന്ന് മുംബൈ എയർപോർട്ട് വരെ എത്തിച്ചിട്ട് അത് കളക്ട് ചെയ്യാൻ പോയ നായകൻ ഊട്ടിയിൽ നിന്ന് പോയത് 100CC ബൈക്കിൽ.
ക്ലൈമാക്സിൽ നായിക മരിച്ചില്ലെങ്കിലേ അത്ഭുതം ഉള്ളു. എന്നാണ് പോസ്റ്റിലുള്ളത്.
ഷനോജ് സൈദു എന്ന പേരിലുള്ള അക്കൗണ്ടിൽ നിന്നുള്ള പോസ്റ്റ് ആയിരക്കണക്കിന് പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്.
പോസ്റ്റിനടിയിലും നിരവധി രസകരമായ കമന്‍റുകളാണുള്ളത്. നായകൻ മനപ്പൂർവം ബൈക്കിൽ പോയി മരുന്നെത്തിക്കാൻ വൈകിച്ച് ശോഭനയെ കൊന്നതാണെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നുമാണൊരു കമന്‍റ്. നായിക മരിച്ചെന്നറിഞ്ഞപ്പോൾ കൊണ്ടു വന്ന മരുന്ന് പൊട്ടിച്ചു കളഞ്ഞതിനെ വിമർശിക്കുന്നവരും ഉണ്ട്.
സിനിമ ട്രാജഡി ആക്കണമെന്ന് പ്രിയദർശൻ തീരുമാനിച്ചിരുന്നു. ഫ്ലൈറ്റിൽ പോയി മരുന്നു വാങ്ങി എത്തിച്ചാലും നായിക മരിക്കുമായിരുന്നു എന്നാണ് മറ്റൊരു കമന്‍റ്. സഹോദരിക്ക് അസുഖമുണ്ടെന്ന് അറിഞ്ഞിട്ടും മരുന്ന് വാങ്ങാതിരുന്ന ലാലു അലക്സിനെ കുറ്റം പറയുന്ന കമന്‍റുകളുമുണ്ട്. നയന്‍റീസ് കിഡ്സിന്‍റെ പ്രിയപ്പെട്ട സിനിമയായിരുന്നു, അന്നു കരഞ്ഞതെല്ലാം വെറുതേയായി, കാറുണ്ടായിട്ടും നായകൻ ബൈക്കിലാണ് പോയതെന്നും ബൈക്കിൽ പോയത് മോഹൻലാലല്ല ഡ്യൂപ്പാണ് അതു കൊണ്ടാണ് വൈകിയത്.. അങ്ങനെ കമന്‍റുകൾ നിരവധിയാണ്.