വിടാമുയർച്ചി റിവ്യൂ: ക്ലാസ് ഓക്കെ, മാസ് പോരെന്ന് അജിത് ഫാൻസ്

രണ്ടു വർഷം നീണ്ട ഇടവേളയ്ക്കു ശേഷം അജിത് കുമാർ ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തിയ വിടാമുയർച്ചി എന്ന സിനിമയോട് പ്രേക്ഷകരുടെ പ്രതികരണം സമ്മിശ്രം
Mixed review for Ajith Kumar starrer Vidaamuyarchi
വിടാമുയർച്ചി റിവ്യൂ: ക്ലാസ് ഓക്കെ, മാസ് പോരെന്ന് അജിത് ഫാൻസ്
Updated on

രണ്ടു വർഷം നീണ്ട ഇടവേളയ്ക്കു ശേഷം അജിത് കുമാർ ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തിയ വിടാമുയർച്ചി എന്ന സിനിമയോട് പ്രേക്ഷകരുടെ പ്രതികരണം സമ്മിശ്രം. അജിത്തിന്‍റെ മാസ് ആഗ്രഹിച്ചവർക്ക് അത് ആവശ്യത്തിനു കിട്ടിയില്ലെന്നാണ് പരാതി. എന്നാൽ, അജിത്തിന്‍റെ സ്ക്രീൻ പ്രസൻസും ക്ലാസും കാണാൻ പോയവർ സംതൃപ്തിയും പങ്കുവയ്ക്കുന്നു.

ചിത്രത്തിലെ ആക്ഷൻ രംഗങ്ങളിലാണ് പലർക്കും പരാതി. സുപ്രീം സുന്ദറിന്‍റെ ആക്ഷൻ കോറിയോഗ്രഫി അജിത്തിന്‍റെ സ്ക്രീൻ പ്രസൻസിനു ചേരുന്ന ലെവലിലേക്ക് ഉയർന്നില്ലെന്നാണ് അഭിപ്രായം. അതേസമയം, അനിരുദ്ധിന്‍റെ സംഗീതവും ഒറിജിനൽ സ്കോറുമെല്ലാം ചിത്രത്തിന്‍റെ ബിൽഡപ്പ് ഉയർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

ബ്രേക്ക്ഡൗൺ എന്ന ഇംഗ്ലിഷ് സിനിമയുടെ അഡാപ്റ്റേഷൻ എന്ന രീതിയിലാണ് ‌സംവിധായകൻ മഗിഴ് തിരുമേനി വിടാമുയർച്ചി ഒരുക്കിയിട്ടുള്ളത്. ഭൂരിഭാഗവും ചിത്രീകരിച്ചിട്ടുള്ളത് അസർബൈജാനിൽ. ചിത്രത്തിനൊരു ഹോളിവുഡ് ലുക്ക് നൽകാൻ ഇതുപകരിച്ചിട്ടുണ്ട്. വൈഡ് ആംഗിൾ ഷോട്ടുകളൊക്കെയായി അസർബൈജാന്‍റെ ദൃശ്യവിസ്മയം പരമാവധി ഉപയോഗപ്പെടുത്തിയാണ് ഓംപ്രകാശിന്‍റെ ചിത്രീകരണം.

ബ്രേക്ക്ഡൗണിന്‍റെ കഥാഗതിയിൽ കാതലായ മാറ്റങ്ങൾ വരുത്തിയിട്ടില്ലെങ്കിലും ഭാഷാ വ്യത്യാസത്തിന് അനുയോജ്യമായ വ്യതിയാനങ്ങളുണ്ട്. എന്നാൽ, ഇമോഷണൽ കണ്ടന്‍റ് ആവശ്യത്തിലും കൂടിപ്പോയെന്ന് ആക്ഷൻ പ്രേമികൾ പറയുന്നു.

അജിത്തിനൊപ്പം ത്രൂഔട്ട് പിടിച്ചുനിൽക്കാനുള്ള സ്ക്രീൻ ടൈം തൃഷയ്ക്കു ലഭിച്ചിട്ടില്ല. എന്നാൽ, ഉള്ള ഭാഗം നന്നാക്കിയിട്ടുമുണ്ട്. നെഗറ്റീവ് റോളിൽ റജീന കാസാൻഡ്രയുടെ റോൾ പ്രശംസ പിടിച്ചുപറ്റുമ്പോൾ അർജു സർജയുടെ കാര്യത്തിൽ സമ്മിശ്രമാണ് അഭിപ്രായങ്ങൾ.

ഫ്ളാഷ്ബാക്ക് രംഗങ്ങളിൽ സോൾട്ട് ആൻഡ് പെപ്പർ അല്ലാത്ത പഴയ അജിത്തിനെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങളെക്കുറിച്ചും അഭിപ്രായം സമ്മിശ്രമാണ്. അജിത് സുന്ദരനായിരിക്കുന്നു എന്ന് കടുത്ത ആരാധകർ അഭിപ്രായപ്പെടുമ്പോൾ, നരച്ച അജിത്തിനെക്കാൾ പ്രായമുണ്ട് ഫ്ളാഷ് ബാക്കിലെ അജിത്തിനെന്നാണ് വിമർശകരുടെ പരിഹാസം.

അസാധാരണമായ രണ്ടാം പകുതി എന്നാണ് പല ആരാധകർക്കും സിനിമയെക്കുറിച്ച് പറയാനുള്ളത്. കിട്ടുന്ന അടിയൊന്നും തിരിച്ചുകൊടുക്കാത്ത അജിത്തിനെ കണ്ട് ഒന്നാം പകുതിയുടെ ബോറടി രേഖപ്പെടുത്തിയവരും കുറവല്ല. എന്നാൽ, ക്ലാസ് ആസ്വാദകർക്ക് ഒന്നാം പകുതിയാണ് ഇഷ്ടപ്പെടുന്നതെന്നും പറയുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com