മലയാളികളുടെ പ്രിയപ്പെട്ട കീരിക്കാടൻ ജോസ് - മോഹൻരാജ് - അന്തരിച്ചു

കെ. മധു സംവിധാനം ചെയ്ത മൂന്നാംമുറ എന്ന ചിത്രത്തിലൂടെയാണ് മോഹന്‍രാജ് മലയാള സിനിമയിലേക്ക് എത്തുന്നത്. കിരീടത്തിലെ കീരിക്കാടൻ ജോസിലൂടെ ശ്രദ്ധേയനായി.
Mohan Raj Aka Keerikkadan Jose Passes Away
മലയാളികളുടെ പ്രിയപ്പെട്ട കീരിക്കാടൻ ജോസിന് വിട
Updated on

‌മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങിയ കീരിക്കാടൻ ജോസ് എന്ന മോഹൻ രാജ് അന്തരിച്ചു. വ്യാഴാഴ്ച വൈകിട്ട് മൂന്നോടെ കഠിനം കുളത്തെ വീട്ടിലായിരുന്നു അന്ത്യം. സിനിമാ-സീരിയൽ താരവും നിർമാതാവുമായ ദിനേശ് പണിക്കരാണ് നടന്‍റെ വിയോഗ വാർത്ത സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചത്. കിരീടം എന്ന സിനിമയിലെ വില്ലൻ കഥാപാത്രമായ കീരിക്കാടൻ ജോസ് എന്ന പേര് പിൽക്കാലത്ത് മോഹൻ രാജിന്‍റെ സ്വന്തം പേരായി അറിയപ്പെടുകയായിരുന്നു. ഏറെ നാളായി ശാരീരിക അവശതകളെ തുടർന്ന് ബുദ്ധിമുട്ടുകളുണ്ടായിരുന്നു.

കെ. മധു സംവിധാനം ചെയ്ത മൂന്നാംമുറ എന്ന ചിത്രത്തിലൂടെയാണ് മോഹന്‍രാജ് മലയാള സിനിമയിലേക്ക് എത്തുന്നത്. മോഹന്‍ലാല്‍ നായകനായി എത്തിയ കിരീടം എന്ന ചിത്രത്തിലെ 'കീരിക്കാടൻ ജോസ്' എന്ന വേഷത്തിലൂടെ ഏറെ ജനപ്രീതി നേടാന്‍ മോഹന്‍രാജിനായി. ഇതിലൂടെ മലയാള സിനിമയിലെ വില്ലന്‍ വേഷങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കുകയായിരുന്നു അദ്ദേഹം. പിന്നീട് കീരിക്കാടന്‍ ജോസ് എന്ന പേരില്‍ അദ്ദേഹം അറിയപ്പെടാനും തുടങ്ങി. കിരീടത്തിന് പുറമെ ചെങ്കോൽ, നരസിംഹം, ഹലോ തുടങ്ങി ഒട്ടനവധി സിനിമകള്‍ അദ്ദേഹം ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥനായി ജോലി ചെയ്യുമ്പോഴാണ് കിരീടത്തിൽ അഭിനയിക്കാനുള്ള അവസരം നടനെ തേടിയെത്തിയത്. ചിത്രം വൻ ഹിറ്റായതോടെ മോഹൻരാജ് മലയാളത്തിലെ വില്ലന്മാരിൽ പ്രധാനിയായി. കഴുമലൈ കള്ളൻ, ആൺകളെ നമ്പാതെ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

സംവിധായകൻ കലാധരനൊപ്പമാണ് കിരീടത്തിന്‍റെ സെറ്റിലേക്ക് മോഹൻരാജ് എത്തിയത്. 1987 ൽ അഭിനയത്തിൽ തുടക്കം കുറിച്ച മോഹൻ രാജ് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി 104 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ, മലായളത്തിൽ മൂന്ന് സീരിയലുകളിലും അഭിനയിച്ചു.

പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായിരുന്നു മോഹന്‍രാജ്. അസിസ്റ്റന്‍റ് എന്‍ഫോഴ്സ്മെന്റ് ഓഫീസറായിരുന്ന മോഹന്‍ രാജ് ജോലിയില്‍ നിന്ന് വിരമിച്ചശേഷം കുടംബത്തോടൊപ്പം ചെന്നൈയിലായിരുന്നു താമസം.

ആയുര്‍വേദ ചികിത്സയ്ക്കായി ചെന്നൈയില്‍ നിന്ന് ഒരു വര്‍ഷം മുമ്പാണ് തിരുവനന്തപുരത്ത് എത്തിയത്. ഭാര്യ ഉഷ, മക്കൾ ജെയ്‌ഷ്മയും കാവ്യയും.

Trending

No stories found.

Latest News

No stories found.