
പിറന്നാൾ ആഘോഷിച്ച് ലാലേട്ടൻ; ആശംസകൾ നേർന്ന് ആരാധകർ
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടൻ മോഹൻലാലിന് പിറന്നാൾ മധുരം. 40 വർഷത്തിലേറെയായി മോഹൻ ലാൽ എന്ന ലാലേട്ടൻ ഇന്ന് മലയാളിയുടെ ജീവിതത്തിന്‍റെ ഭാഗമാണ്. നിർമാതാവും സുഹൃത്തുമായ ആന്‍റണി പെരുമ്പാവൂരിന്‍റ വീട്ടിൽ വച്ചാണ് മോഹൻലാൽ 65ാം പിറന്നാൾ ആഘോഷിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രമുഖരും ആരാധകരും മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്. തുടരും എന്ന ചിത്രം സൂപ്പർഹിറ്റായി പ്രദർശനം തുടരുന്നതിനിടെയാണ് പിറന്നാൾ ആഘോഷം.
പിറന്നാൾ ദിനത്തിൽ തന്‍റെ ആരാധകർക്കുളള സമ്മാനവുമായാണ് ലാലേട്ടൻ എത്തിയിരിക്കുന്നത്.
47 വർഷത്തിലേറെയായി തുടരുന്ന അഭിനയ ജീവിതത്തിലെ വിവിധ അടരുകൾ അടയാളപ്പെടുത്തുന്ന പുസ്തകമായ 'മുഖരാഗം' എന്ന തന്‍റെ ജീവചരിത്രം വായനക്കാരിലേക്ക് എത്തുമെന്ന് ഫെയ്സ്ബുക്കിലൂടെ മോഹൻലാൽ അറിയിച്ചു.. ഒപ്പം നമ്മുടെ സമൂഹത്തിലെ യുവാക്കളെ ലഹരയിൽ നിന്നും മുക്തരാക്കാനുളള 'ബി എ ഹീറോ' എന്ന മയക്കുമരുന്ന് വിരുദ്ധ ക്യാംപയിൻ സംഘടനയ്ക്കും തുടക്കം കുറിച്ചിട്ടുണ്ട്.
"ഈ പിറന്നാൾ ദിനത്തിൽ വലിയൊരു സന്തോഷം നിങ്ങളുമായി പങ്കുവയ്ക്കുകയാണ്. ബാലു പ്രകാശ് എഴുതിയ എന്‍റെ ജീവചരിത്രം 'മുഖരാഗം' പ്രസിദ്ധീകരിക്കുന്നു. മലയാളത്തിന്‍റെ പ്രിയപ്പെട്ട എഴുത്തുകാരൻ എം.ടി. വാസുദേവൻ നായരാണ് പുസ്തകത്തിന്‍റെ അവതാരിക എഴുതിയിരിക്കുന്നത്. 47 വർഷത്തിലേറെയായി തുടരുന്ന എന്‍റെ അഭിനയ ജീവിതത്തിലെ വിവിധ അടരുകൾ അടയാളപ്പെടുത്തുന്ന പുസ്തകമാണ് മുഖരാഗം.
ഏറെ വർഷങ്ങൾ എനിക്കൊപ്പം സഞ്ചരിച്ച്, എന്‍റെ ജീവിതം അക്ഷരങ്ങളിലേക്ക് പകർത്തിയെഴുതാൻ ബാലു പ്രകാശ് എന്ന എഴുത്തുകാരൻ നടത്തുന്ന പരിശ്രമങ്ങളാണ് മുഖരാഗത്തെ യാഥാർത്ഥ്യമാക്കിയത്."- എന്നാണ് മോഹൻലാൽ തന്‍റെ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നത്.
ഒപ്പം മയക്കുമരുന്നിനെതിരേ ഒരു വർഷം നീണ്ടും നിൽക്കുന്ന 'ബി എ ഹീറോ' എന്ന മയക്കുമരുന്ന് വിരുദ്ധ ക്യാംപയിൻ സംഘടനയ്ക്ക് തുടക്കം ആവുകയാണ്. സ്വപ്നം കാണുകയും വിജയകരമായ ജീവിതം കൈവരിക്കുകയും ചെയ്യുക എന്നതാണ് ഒരാൾക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ഉന്നതി, ഈ യാത്രയിൽ നമ്മുടെ യുവാക്കളോടൊപ്പം നമ്മൾ പ്രതിജ്ഞാബദ്ധരാണ്.
മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ ഒരു നായകനാകുക. നമ്മളോ നമ്മുടെ പ്രിയപ്പെട്ടവരോ അത് ഉപയോഗിക്കില്ലെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. മയക്കുമരുന്നിനോട് നോ പറയുക..!! എന്നും ലാലേട്ടൻ തന്‍റെ ഫെയ്സ്ബുക്ക് പേജിൽ പങ്കു വച്ച വീഡിയേയിൽ വ്യക്തമാക്കി.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അര്‍ഹരായ കുഞ്ഞുങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ ലിവര്‍ ട്രാന്‍സ്‌പ്ലാന്‍റേഷൻ നടത്താനുള്ള പദ്ധതിയെക്കുറിച്ചും മോഹന്‍ലാല്‍ തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്.