

മലയാള സിനിമാ പ്രേക്ഷകർക്ക് മറക്കാനാവാത്ത നിരവധി എവർഗ്രീൻ ഹിറ്റുകൾ സമ്മാനിച്ച സത്യൻ അന്തിക്കാട് - മോഹൻലാൽ കോംബിനേഷൻ വീണ്ടും ഒരുമിക്കുന്നു. ഹൃദയപൂർവ്വം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് കൊച്ചിയിൽ ആരംഭിച്ചു. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.
മുളന്തുരുത്തി എരിവേലിയിലുള്ള മനോഹരമായ ഒരു ബംഗ്ലാവിൽ തികച്ചും ലളിതമായ ചടങ്ങിൽ സത്യൻ അന്തിക്കാടും മോഹൻലാലും ചേർന്ന് ഭദ്രദീപം തെളിച്ചു കൊണ്ടാണ് ഷൂട്ടിങ് ആരംഭിച്ചത്. സിദ്ദിഖും സബിത ആനന്ദു മാണ് ആദ്യ രംഗത്തിൽ അഭിനയിച്ചത്.
സത്യൻ അന്തിക്കാടും മോഹൻലാലും ഒരുമിക്കുന്ന ഇരുപതാമത്തെ ചിത്രമാണിത്. ആശിർവാദ് സിനിമാസും സത്യൻ അന്തിക്കാടും ഒത്തുചേരുന്ന അഞ്ചാമതു ചിത്രവും. സന്ദീപ് ബാലകൃഷ്ണൻ എന്നാണ് ഈ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. വളരെ പ്ലസന്‍റായ ഒരു ചിത്രമായിരിക്കുമെന്ന് സത്യൻ അന്തിക്കാട്. ചിത്രത്തിന്‍റെ മറ്റു വിശദാംശങ്ങളിലേക്കു തത്കാലം കടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സത്യൻ അന്തിക്കാടിന്‍റെ രണ്ടു മക്കളും ചിത്രത്തിന്‍റെ ഭാഗമാണ്. അഖിൽ സത്യന്‍റേതാണ് കഥ. അനൂപ് സത്യൻ പ്രധാന സഹായിയും. ഒരു പുതിയ തിരക്കഥാകൃത്തിനേ കൂടി ഈ ചിത്രത്തിലൂടെ സത്യൻ അന്തിക്കാട് ഈ ചിത്രത്തിലൂടെ മലയാള സിനിമക്കു പരിചയപ്പെടുത്തുന്നു- ടി.പി. സോനു. ഷോർട്ട് ഫിലിമുകളിലൂടെ കടന്നുവന്ന സോനുവിന്‍റെ നൈറ്റ് കോൾ എന്ന ടെലിഫിലിമാണ് സത്യൻ അന്തിക്കാടിനെ ആകർഷിച്ചത്.
മാളവിക മോഹൻ നായികയാകുന്ന ഈ ചിത്രത്തിൽ സംഗീത, ലാലു അലക്സ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മനു മഞ്ജിത്തിന്‍റെ ഗാനങ്ങൾക്ക് ജസ്റ്റിൻ പ്രഭാകർ ഈണം പകർന്നിരിക്കുന്നു.