

ഇൻസ്പെക്റ്റർ ടി.എസ്. ലൗലജന്‍റെ വേഷത്തിൽ മോഹൻലാൽ.
സബ് ഇൻസ്പക്റ്ററുടെ ഔദ്യോഗിക വേഷത്തിൽ ഒരു കൈയിൽ ബാഗും. മറു കൈയിൽ ഹെൽമറ്റുമായി ഡ്യൂട്ടിക്കു വരുന്ന പൊലീസുകാരനായി മോഹൻലാൽ എത്തുന്ന അതിമനോഹരം എന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഡിസംബർ ഇരുപത്തിനാലിന് ചിത്രം പ്രദർശനത്തിനെത്തുന്നതിന്‍റെ ഭാഗമായുള്ള പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമാണ് മോഹൻലാലിന്‍റെ ലൗലജൻ. അദ്ദേഹത്തിന്‍റെ ഔദ്യോഗിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും അരങ്ങേറുന്ന സംഭവങ്ങളെ കോർത്തിണക്കി ഒരു പൊലീസ് പ്രൊസീജിയർ ഡ്രാമയായാണ് ചിത്രത്തിന്‍റെ അവതരണം.
സാധാരണ ജീവിതത്തോടു ചേർന്നു നിന്നുകൊണ്ടുള്ള സമീപനമാണ് ചിത്രത്തിലുടനീളം തരുൺ മൂർത്തി സ്വീകരിച്ചിരിക്കുന്നത്.
മീരാ ജാസ്മിനാണ് നായിക. ലാലു അലക്സ്, മുകേഷ്, ജഗദീഷ്, മനോജ് കെ. ജയൻ, ഇർഷാദ് അലി, പ്രമോദ് വെളിയനാട് തുടങ്ങിയവരും ചിത്രത്തിന്‍റെ ഭാഗമാകുന്നു.
ഇഷ്ക്, ആലപ്പുഴ ജിംഖാന എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ. തുടരും സിനിമയിലെ പ്രധാന സാങ്കേതിക വിദഗ്ദർ തന്നെ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അന്തരിച്ച ഷാജി കുമാർ അവസാനമായി ഛായാഗ്രഹണം നിർവഹിച്ച ചിത്രമാണിത്. എഡിറ്റിങ്- ഷഫീഖ് വി.ബി.