
തെരഞ്ഞെടുപ്പ് നടന്നാൽ അമ്മയുടെ ഭാരവാഹിത്വം ഏറ്റെടുക്കില്ലെന്ന് മോഹൻലാൽ; തെരഞ്ഞെടുപ്പില്ലെന്ന് അധികൃതർ
File image
കൊച്ചി: താരസംഘടനയായ അമ്മയിൽ പുതിയ ഭാരവാഹികളെ കണ്ടെത്താനായി തെരഞ്ഞെടുപ്പ് നടന്നേക്കില്ലെന്ന് റിപ്പോർട്ടുകൾ. സംഘടനയുടെ ജനറൽ ബോഡി യോഗം ഞായറാഴ്ച കൊച്ചിയിൽ നടക്കും. തെരഞ്ഞെടുപ്പ് നടത്താത്തതിനാൽ തന്നെ മോഹൻലാൽ ഉൾപ്പെടെയുള്ള നിലവിലെ ടീം മിക്ക സ്ഥാനങ്ങളിലും തുടരും.
എന്നാൽ തെരഞ്ഞെടുപ്പ് നടന്നാൽ താൻ ഭാരവാഹിത്വം ഏറ്റെടുക്കില്ലെന്നാണ് മോഹൻ ലാലിന്‍റെ നിലപാട്. മാത്രമല്ല, സംഘടനയുടെ ഭാരവാഹിത്വം വഹിക്കാൻ താത്പര്യമില്ലെന്ന് ഉണ്ണി മുകുന്ദൻ ആവർത്തിച്ചതോടെ ട്രഷറി സ്ഥാനത്തേക്ക് മറ്റൊരു താരം എത്തും. ബാബുരാജിനെ ജനറൽ സെക്രട്ടറി ആക്കുന്ന തീരുമാനവും യോഗം ഞായറാഴ്ച ചർച്ച ചെയ്യും.
മേയ് 31 ന് നടന്ന അഡ്ഗോക് കമ്മിറ്റിയുടെ അവസാന യോഗത്തിൽ സംഘടയുടെ പ്രസിഡന്‍റ് സ്ഥാനത്ത് മോഹൻ ലാൽ തന്നെ തുടരണമെന്ന് ആവശ്യം ഉയർന്നിരുന്നു. അംഗങ്ങളുടെ പൊതു താത്പര്യമാണിതെന്നും സമിത് വ്യക്തമാക്കിയിരുന്നു.
ഓഗസ്റ്റ് 27 നാണ് അമ്മയിലെ കൂട്ട രാജി. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ അഭിനേതാക്കളിൽ നിന്നും ഉണ്ടായ വെളിപ്പെടുത്തലിനു പിന്നാലെയായിരുന്നു അമ്മയ്ക്കെതിരേ രൂക്ഷ വിമർശനം ഉയർന്നിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മറുപടി പറയാൻ അമ്മയ്ക്ക് ഉത്തരവാദിത്വമുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതികരിക്കാത്തതിൽ വിമർശനം ഉയർന്നതോടെയാണ് ഭാരവാഹികൾ കൂട്ടത്തോടെ രാജിയിലേക്ക് കടന്നത്.