

250 കോടി കടന്ന് യഷിന്‍റെ ‘ടോക്സിക്’
കന്നഡ സൂപ്പർതാരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ ആഗോള ബോക്‌സ് ഓഫീസിൽ 250 കോടി രൂപ പിന്നിട്ടു. ഓഗസ്റ്റ് 26ന് തിയെറ്ററുകളിലെത്തിയ ചിത്രത്തിന് നാലാം ദിനത്തിൽ ഇന്ത്യയിൽ 24.50 കോടി രൂപ നെറ്റ് കളക്ഷൻ ലഭിച്ചതായാണ് റിപ്പോർട്ടുകൾ.
നാലാം ദിവസത്തെ കളക്ഷൻ കൂടി ചേർന്നതോടെ ഇന്ത്യയിലെ ചിത്രത്തിന്‍റെ നെറ്റ് കളക്ഷൻ 190.45 കോടി രൂപയായി. ഇന്ത്യയിലെ ഗ്രോസ് കളക്ഷൻ 227.50 കോടി രൂപയിലെത്തി. ആഗോളതലത്തിൽ ചിത്രം 254.75 കോടി രൂപയാണ് ഇതുവരെ നേടിയിരിക്കുന്നത്.
ആദ്യദിനത്തിൽ 101.10 കോടി രൂപ നെറ്റ് കളക്ഷനുമായി വൻ തുടക്കം കുറിച്ച ചിത്രത്തിന്‍റെ വരുമാനം തുടർന്നുള്ള ദിവസങ്ങളിൽ ഗണ്യമായി കുറഞ്ഞു. വിവിധ ഭാഷകളിൽ നാലാം ദിവസം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയത് ഹിന്ദി പതിപ്പാണ്. 12,822 ഷോകളിൽ നിന്ന് 15.50 കോടി രൂപയാണ് ഹിന്ദി പതിപ്പ് നേടിയത്. കന്നഡ പതിപ്പ് 1,341 ഷോകളിൽ നിന്ന് 6.60 കോടി രൂപയും തെലുങ്ക് പതിപ്പ് 1,672 ഷോകളിൽ നിന്ന് 1.50 കോടി രൂപയും നേടി. തമിഴ് പതിപ്പിന് 75 ലക്ഷം രൂപയും മലയാളം പതിപ്പിന് 15 ലക്ഷം രൂപയുമാണ് ലഭിച്ചത്.
ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. യഷിന്‍റെ പ്രകടനം, ദൃശ്യഭംഗി, ആക്ഷൻ രംഗങ്ങൾ എന്നിവയ്ക്ക് ഒരു വിഭാഗം പ്രേക്ഷകർ പ്രശംസ നൽകുമ്പോൾ തിരക്കഥ, കഥയുടെ വേഗത, ദൈർഘ്യം എന്നിവയെക്കുറിച്ച് മറ്റൊരു വിഭാഗം വിമർശനം ഉന്നയിക്കുന്നുണ്ട്.