

"ഇടുപ്പിൽ പിടിച്ചു, രണ്ട് അമ്മാവന്മാർ സ്റ്റേജിന് മുന്നിൽ നിന്ന് അശ്ലീല ആംഗ്യം കാണിച്ചു": വിളിച്ചുവരുത്തി അപമാനിച്ചെന്ന് മൗനി റോയ്
പരിപാടിയിൽ അതിഥിയായി വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്ന് ബോളിവുഡ് നടി മൗനി റോയ്. ഹരിയാന കർനാലിയിൽ നടന്ന പരിപാടിയിൽ വച്ചാണ് നടിയെ അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റമുണ്ടായത്. ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ് തനിക്ക് നേരിട്ട മോശം അനുഭവത്തേക്കുറിച്ച് നടി തുറന്നു പറഞ്ഞത്.
പരിപാടിക്കായി സ്റ്റേജിൽ കയറുന്നതിനിടെ കുറേ ആളുകൾ വന്ന് തന്‍റെ ഇടുപ്പിൽ പിടിച്ച് ഫോട്ടോ എടുത്തെന്നും രണ്ട് അമ്മാവന്മാർ സ്റ്റേജിന് മുന്നിൽ നിന്ന് അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്തു എന്നാണ് നടി പറയുന്നത്. ഇവരുടെ പെരുമാറ്റം തന്നെ മാനസികമായി ബുദ്ധിമുട്ടിച്ചെന്നും നടി കുറിപ്പിൽ പറയുന്നു.
"കർനാലിൽ പങ്കെടുത്ത ചടങ്ങിൽവച്ച് അവിടത്തെ അതിഥികളിൽ നിന്ന് പ്രത്യേകിച്ച് രണ്ട് അമ്മാവന്മാരിൽ നിന്ന് വൃത്തികെട്ട അനുഭവമാണ് എനിക്കുണ്ടായത്. മുത്തച്ഛന്മാരാവാൻ പ്രായമുള്ളവരായിരുന്നു അവർ. ഞാൻ സ്റ്റേജിൽ കയറുന്നതിനിടെ പ്രായമായ അമ്മാവന്മാർ ഉൾപ്പടെ കുറേ ആണുങ്ങൾ എന്‍റെ അടുത്തേക്ക് വന്നു. എന്‍റെ ഇടുപ്പിൽ പിടിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ തുടങ്ങി. ഇത് എനിക്ക് ഇഷ്ടപ്പെട്ടില്ല, ദയവായി കയ്യെടുക്കണം എന്ന് ഞാൻ അവരോട് പറഞ്ഞു."
"സ്റ്റേജിൽ കയറിയപ്പോൾ അതിലും വലുതായിരുന്നു. രണ്ട് അമ്മാവന്മാർ സ്റ്റേജിന് മുന്നിൽ നിന്ന് എന്നോട് അശ്ലീല കമന്‍റുകൾ പറയുകയും കൈകൊണ്ട് അശ്ലീല ആംഗ്യം കാണിക്കുകയും പേര് വിളിക്കുകയും ചെയ്തു. അങ്ങനെ ചെയ്യരുതെന്ന് മര്യാദയ്ക്ക് ഞാൻ അവരോട് ആംഗ്യഭാഷയിൽ പറഞ്ഞു. അപ്പോൾ അവർ എനിക്ക് നേരെ റോസാപ്പൂക്കൾ എറിയാൻ തുടങ്ങി. കുടുംബമോ സംഘാടകരോ അവരെ അവിടന്ന് മാറ്റിയില്ല. എന്നേപ്പോലെ ഒരാൾക്ക് ഇങ്ങനെയൊരു അനുഭവമുണ്ടാവുന്നുണ്ടെങ്കിൽ പുതിയ പെൺകുട്ടികളുടെ അവസ്ഥ എന്താണ്. ഞാൻ അപമാനിക്കപ്പെടുകയും മാനസികമായി തകരുകയും ചെയ്തു. ഇത്തരക്കാർക്കെതിരെ നടപടിയെടുക്കണം. ഞങ്ങൾ കലാകാരാണ്. നിങ്ങളുടെ മക്കൾക്കോ സഹോദരിക്കോ മറ്റ് ബന്ധുക്കൾക്കോ നേരെ ഇത്തരം പെരുമാറ്റമുണ്ടാവുമ്പോൾ ഈ ആണുങ്ങൾ എന്തായിരിക്കും ചെയ്യുക. അവരെ ഓർത്ത് നാണക്കേടു തോന്നുന്നു." - മൗനി റോയി കുറിച്ചു.