

സംവിധായകന്‍ രാജ്കുമാര്‍ ഹിരാനി
സഞ്ജയ് ദത്ത്, അര്‍ഷാദ് വാസി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രമാണ് 2003ല്‍ പുറത്തിറങ്ങിയ മുന്നാഭായി എംബിബിഎസ്. 2006ല്‍ ചിത്രത്തിന്റെ രണ്ടാംഭാഗമായ ലഗേ രഹോ മുന്നാഭായി ഇറങ്ങിയിരുന്നു. ബോളിവുഡ് സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിയാണ് രണ്ടു ചിത്രങ്ങളും സംവിധാനം ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്നാം ഭാഗം വരുന്നുണ്ടെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് രാജ്കുമാര്‍ ഹിരാനി. മുംബൈയില്‍ തന്റെ പുതിയ ഒടിടി സീരിസ് 'പ്രീതം പെഡ്രോ'യുടെ പ്രമോഷനില്‍ പങ്കെടുക്കവേയാണ് ഹിരാനിയുടെ വെളിപ്പെടുത്തല്‍.
ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ തിരക്കഥ രചന സജീവമായി പുരോഗമിക്കുകയാണെന്ന് ഹിരാനി പറഞ്ഞു. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ് മുന്നാഭായി ചിത്രത്തിന്റെ മൂന്നാംഭാഗം. രാജ്കുമാര്‍ ഹിരാനിയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ ആരാധകര്‍ ഏറെ ആവേശത്തിലാണ്.
അതേസമയം വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ച 'മുന്നാഭായി ചലേ അമെരിക്ക' എന്ന പ്രോജക്റ്റ് എന്തുകൊണ്ട് ഉപേക്ഷിച്ചുവെന്നതിനെ കുറിച്ചും ഹിരാനി മനസുതുറന്നു. തിരക്കഥ പൂര്‍ത്തിയാകാത്തതാണ് പ്രോജക്റ്റ് പ്രാവര്‍ത്തികമാക്കാന്‍ സാധിക്കാത്തതിനു പിന്നിലെന്ന് ഹിരാനി പറഞ്ഞു. ട്രെയിലര്‍ ഇറക്കിയെങ്കിലും തിരക്കഥ എഴുത്ത് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല.
12 കോടി രൂപ ബജറ്റില്‍ പുറത്തിറങ്ങിയ മുന്നാഭായി എംബിബിഎസ് 33 കോടി രൂപയാണ് നേടിയത്. ആദ്യഭാഗത്തിനു പ്രേക്ഷകരില്‍ നിന്ന് നല്ല പ്രതികരണം ലഭിച്ചതോടെയാണ് 19 കോടി രൂപ ബജറ്റില്‍ രണ്ടാം ഭാഗമായ ലഗേ രഹോ മുന്നാഭായി ഇറങ്ങിയത്. ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ഹിറ്റായ ചിത്രം 126 കോടി രൂപയാണ് വാരിയത്. സഞ്ജയ് ദത്ത്, അര്‍ഷാദ് വാസി എന്നിവര്‍ക്ക് പുറമെ വിദ്യാബാലന്‍, ജിമ്മി ഷെര്‍ഗില്‍, ബൊമ്മന്‍ ഇറാനി, ദിയ മിര്‍സ എന്നിവരും രണ്ടാം ഭാഗത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.