''ഐ ആം അലക്സാണ്ടർ, കളിക്കുന്നെങ്കിൽ ആണുങ്ങളെപ്പോലെ കളിക്ക്...'' മമ്മൂട്ടിയുടെ ജന്മദിനത്തിൽ ട്രെയിലർ എത്തി | Video
അധോലോകം പ്രമേയമാക്കിയ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്ന് റീറിലീസിന് തയാറെടുക്കുന്നു. മമ്മൂട്ടിക്ക് അലക്സാണ്ടർ എന്ന ഐക്കണിക കഥാപാത്രത്തെ സമ്മാനിച്ച സാമ്രാജ്യം എന്ന ചിത്രത്തിന്‍റെ പരിഷ്കരിച്ച ട്രെയിലർ മെഗാ സ്റ്റാറിന്‍റെ എഴുപത്തിനാലാം ജന്മദിനത്തിൽ പുറത്തിറങ്ങി.
ആരിഫ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ അജ്മൽ ഹസൻ നിർമിച്ച ഈ ചിത്രം കഥയെഴുതി സംവിധാനം ചെയ്തത് ജോമോനാണ്. മമ്മൂട്ടിയുടെ ജന്മദിനമായ സെപ്റ്റംബർ ഏഴിന് ആശംസകൾ നേർന്നുകൊണ്ടാണ് ചിത്രത്തിന്‍റെ 4K ഡോൾബി അറ്റ്മോസ് പതിപ്പ് റിലീസ് ചെയ്യുന്നതിനു മുന്നോടിയായുള്ള ടീസർ പുറത്തിറക്കിയത്.
സെപ്റ്റംബർ പത്തൊമ്പതിനാണ് ചിത്രം റീറിലീസ് ചെയ്യുന്നത്. മമ്മൂട്ടി, മധു, ക്യാപ്റ്റൻ രാജു, സത്താർ തുടങ്ങിയവരാണ് പുതിയ ട്രെയിലറിലുള്ളത്. ക്യാരക്റ്റർ ബിൽഡപ്പ് തന്നെയാണ് ഇതിൽ പ്രധാനമായും ഉദ്ദേശിക്കുന്നത്.
ഇളയരാജ സംഗീത പകർന്ന ചിത്രത്തെ അഭ്രപാളികളിലേക്കു പകർത്തിയത് ജയാനൻ വിൻസെന്‍റ് ആയിരുന്നു. പ്രശസ്ത ഗാന രചയിതാവ് ഷിബു ചക്രവർത്തിയാണ് ഈ ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത്. എഡിറ്റിംഗ് ഹരിഹര പുത്രൻ.
വിജയരാഘവൻ, അശോകൻ, ശ്രീവിദ്യ, സോണിയ, ബാലൻ കെ. നായർ, സാദിഖ്, ഭീമൻ രഘു, ജഗന്നാഥ വർമ, പ്രതാപചന്ദ്രൻ, സി.ഐ. പോൾ, ജഗന്നാഥൻ, പൊന്നമ്പലം, വിഷ്ണു കാന്ത്, തപസ്യ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.